ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കും ഒപ്പം ക്രിക്കറ്റ് പ്രേമികൾക്കും എക്കാലവും ഓർത്തിരിക്കാൻ കഴിയുന്ന വിജയമാണ് ലങ്കക്ക് എതിരായ രണ്ടാം ഏകദിനത്തിൽ പിറന്നത്. ശ്രീലങ്കയുടെ വിജയലക്ഷ്യം തുടക്കത്തിലെ തകർച്ചക്കും ശേഷം ഇന്ത്യൻ സംഘം മറികടന്നപ്പോൾ ഏറെ തിളക്കമാർന്ന ബാറ്റിങ് പ്രകടനവുമായി ദീപക് ചഹാർ പ്രശംസകൾ സ്വന്തമാക്കി. ദയനീയ തോൽവിയെ മുൻപിൽ കണ്ട ഇന്ത്യൻ ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് എട്ടാമനായി എത്തിയ ദീപക് ചഹാറിന്റെ ബാറ്റിങ് പ്രകടനമാണ്. എട്ടാം വിക്കറ്റിൽ ദീപക് ചഹാറിനൊപ്പം വൈസ് ക്യാപ്റ്റൻ ഭുവനേശ്വർ കുമാറും ഒത്തുചേർന്നത്തോടെ പരമ്പരയിൽ രണ്ടാം വിജയവും ഒപ്പം അത്യപൂർവ റെക്കോർഡും ശിഖർ ധവാനും ടീമും സ്വന്തമാക്കി.
അതേസമയം എട്ടാം നമ്പറിൽ ബാറ്റിങ് ക്രീസിലെത്തിയ ദീപക് ചഹാർ തുടക്ക ഓവറുകളിൽ പതിയെ ബാറ്റിങ് തുടങ്ങി പിന്നീട് ലങ്കൻ ബൗളർമാരെ കണക്കിന് പ്രഹരിച്ചപ്പോൾ വിജയം താരം അവസാന ഓവറിലെ ആദ്യ പന്തിൽ സ്വന്തമാക്കി.82 പന്തുകൾ നേരിട്ട താരം ഏഴ് ഫോറും ഒപ്പം 1 സിക്സും പറത്തിയാണ് 69 റൺസ് അടിച്ചെടുത്തത്. എട്ടാം വിക്കറ്റിൽ ഭുവി : ദീപക് ചഹാർ സഖ്യം 84 റൺസാണ് നേടിയത്.
എന്നാൽ മത്സരത്തിലെ ജയത്തോടെ ഒരു സ്വപ്നതുല്യ നേട്ടം ഇന്ത്യൻ ക്രിക്കറ്റ് ടീം ഏകദിന ചരിത്രത്തിൽ കരസ്ഥമാക്കി. ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ടീം ഇതോടെ തൊണ്ണൂറ്റിമൂന്നാം വിജയം സ്വന്തമാക്കി. ഏകദിന ക്രിക്കറ്റിൽ ഇതോടെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെ ഏറ്റവും അധികം തവണ തോൽപ്പിച്ച ടീമായി ഇന്ത്യൻ ടീം മാറി. ഒപ്പം ഏകദിന ക്രിക്കറ്റിൽ ഒരു ടീമിന് എതിരെ ഏറ്റവും അധികം വിജയങ്ങൾ നേടുന്ന ടീമെന്ന റെക്കോർഡും ഇന്ത്യൻ ടീമിന് കരസ്ഥമാക്കുവാൻ കഴിഞ്ഞു.കൂടാതെ ഒരു എട്ടാം നമ്പർ ഇന്ത്യൻ ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയർന്ന രണ്ടാം സ്കോർ എന്ന നേട്ടവും ദീപക് ചഹാർ സ്വന്തമാക്കി.
മത്സരത്തിൽ ഓപ്പണർമാരും കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ഇഷാൻ കിഷനും നിരാശപ്പെടുത്തിയപ്പോൾ ഇന്ത്യൻ ടീം 276 റൺസ് എന്ന ലങ്കൻ വിജയലക്ഷ്യം മറികടക്കുമോയെന്ന് ആരാധകർക്ക് പോലും സംശയമായിരുന്നു. പക്ഷേ ഈ അപൂർവ്വ വിജയത്തിനൊപ്പം മറ്റൊരു നേട്ടവും കരസ്ഥമാക്കാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞു. ആദ്യ മൂന്ന് ബാറ്റ്‌സ്മാന്മാർ 50 റൺസ് പോലും നേടുവാൻ കഴിയാതെ പോയ മത്സരത്തിൽ ആദ്യമായിട്ടാണ് ടീം ഇന്ത്യ 250ന് മുകളിലുള്ള ഒരു സ്കോർ മറികടന്നത്.