ഏഷ്യ കപ്പ് വനിത ഫൈനല്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ശ്രീലങ്ക ഉയര്‍ത്തിയ 65 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 8.3 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇന്ത്യയുടെ ഏഴാം ഏഷ്യ കപ്പ് കിരീടമാണിത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി സ്മൃതി മന്ദാന (25 പന്തില്‍ 51) തകര്‍പ്പന്‍ പ്രകടനം നടത്തി. ഷെഫാലി വെര്‍മ്മ (5) ജെമീമ റോഡ്രിഗസ് (2) എന്നിവരാണ് പുറത്തായ ബാറ്റര്‍മാര്‍. ഹര്‍മ്മന്‍ പ്രീത് കൗര്‍ (11) പുറത്താകതെ നിന്നു. രണസിംഗയെ സിക്സും ഫോറുമടിച്ചാണ് സ്മൃതി മത്സരം ഫിനിഷ് ചെയ്തത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക വന്‍ തകര്‍ച്ചയാണ് നേരിട്ടത്. മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തു റണ്ണൗട്ടായതോടെയാണ് തകര്‍ച്ചക്ക് ആരംഭം കുറിച്ചത്. അടുത്ത ഓവറില്‍ തുടര്‍ച്ചയായ മൂന്നു പന്തുകളില്‍ വിക്കറ്റ് വീണു. രേണുക സിങ്ങ് 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വീണ്ടും ഒരു റണ്ണൗട്ട് പിറന്നു.
പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ ശ്രീലങ്കക് വീണുകൊണ്ടിരുന്നു. 43 ന് 9 എന്ന നിലയില്‍ തകര്‍ന്ന തകര്‍ന്ന ശ്രീലങ്കയെ 60 കടത്തിയത് രണവീരയാണ്. 22 പന്തില്‍ 18 റണ്‍ നേടിയ രണവീര, ശ്രീലങ്കയെ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സില്‍ എത്തിച്ചു.
ഇന്ത്യക്കായി രേണുക സിങ്ങ് 3 വിക്കറ്റും രാജ്വേശരി ഗെയ്ക്വാദും സ്നേഹ് റാണയും 2 വിക്കറ്റും വീതം വീഴ്ത്തി.