രോഹിത് – കിഷൻ താണ്ഡവം, സിറാജിന്റെ അഴിഞ്ഞാട്ടം. വമ്പൻ തിരിച്ചുവരവോടെ ഇന്ത്യ വിജയത്തിലേക്ക്.

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം ഇന്ത്യൻ ആധിപത്യം. സമനിലയിലേക്ക് കുതിച്ച മത്സരത്തെ നാലാം ദിവസം ഇന്ത്യ മികച്ച ബോളിംഗ്- ബാറ്റിംഗ് പ്രകടനത്തോടെ കൈയടക്കുകയാണ് ഉണ്ടായത്. നാലാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 289 റൺസാണ് വിൻഡീസിന് വിജയിക്കാൻ വേണ്ടത്. ഇന്ത്യയെ സംബന്ധിച്ച് കേവലം 8 വിക്കറ്റുകൾ വീഴ്ത്തിയാൽ മത്സരത്തിൽ വിജയം കാണാൻ സാധിക്കും. എന്നിരുന്നാലും മത്സരത്തിൽ മഴ അതിഥിയായി എത്തുന്നത് അഞ്ചാം ദിവസം ഇന്ത്യയെ ബാധിക്കുമോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. അല്ലാത്തപക്ഷം മത്സരത്തിൽ ഇന്ത്യ വിജയം കാണും എന്ന കാര്യം ഏകദേശം ഉറപ്പാണ്.

ഇന്ത്യൻ തേരോട്ടത്തിന്റെ ഒരു നേർക്കാഴ്ച തന്നെയായിരുന്നു മത്സരത്തിന്റെ നാലാം ദിവസം കണ്ടത്. ശക്തമായ നിലയിലാണ് നാലാമത്തെ ദിവസത്തിന്റെ തുടക്കത്തിൽ വെസ്റ്റിൻഡീസ് തങ്ങളുടെ ആദ്യ ഇന്നിംഗ്സ് ആരംഭിച്ചത്. എന്നാൽ മുഹമ്മദ് സിറാജിന്റെ തകർപ്പൻ പേസ് ബോളിങ്ങിൽ വെസ്റ്റിൻഡീസ് കടപുഴകി വീഴുന്നതാണ് കണ്ടത്. ഒരു സമയത്ത് 208ന് 4 എന്ന നിലയിൽ നിന്ന വെസ്റ്റിൻഡീസ് 255 റൺസിന് ഓൾ ഔട്ടായി. സിറാജ് ഇന്ത്യയ്ക്കായി ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റുകൾ വീഴ്ത്തുകയുണ്ടായി. ഒപ്പം മുകേഷ് കുമാർ, രവീന്ദ്ര ജഡേജ എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോൾ ആദ്യ ഇന്നിങ്സിൽ 183 റൺസിന്റെ ശക്തമായ ലീഡ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി രോഹിത് ശർമയും ജയസ്വാളും ഒരു ട്വന്റി20 മോഡൽ തുടക്കമാണ് നൽകിയത്. എത്രയും പെട്ടെന്ന് റൺസ് കണ്ടെത്താൻ കുതിച്ച ഇരുവരും പല റെക്കോർഡുകളും മറികടക്കുകയുണ്ടായി. ജയിസ്വാൾ 30 പന്തുകളിൽ 38 റൺസ് നേടിയപ്പോൾ, രോഹിത് 44 പന്തുകളിൽ 57 റൺസാണ് നേടിയത്. ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ 50 റൺസ് ഓപ്പണിങ് കൂട്ടുകെട്ടും ഇരുവരും കെട്ടിപ്പടുക്കുകയുണ്ടായി. ഇരുവരും പുറത്തായ ശേഷം ക്രീസിലെത്തിയ ബാറ്റർമാരും അടിച്ചുതകർത്തപ്പോൾ ഇന്ത്യ ഒരു ശക്തമായ സ്കോറിലേക്ക് കുതിച്ചു.

മൂന്നാമതായി ക്രീസിലെത്തിയ ശുഭമാൻ ഗിൽ 37 പന്തുകളിൽ 29 റൺസ് നേടിയപ്പോൾ, ഇഷാൻ കിഷൻ 34 പന്തുകളിൽ 52 റൺസ് നേടി. 4 ബൗണ്ടറികളും 2 സിക്സറുകളും കിഷന്റെ ഇന്നീങ്‌സിൽ ഉൾപ്പെട്ടു. ഇങ്ങനെ ഇന്ത്യ 181ന് 2 എന്ന് സ്കോറിൽ എത്തുകയായിരുന്നു. ഈ സമയത്താണ് രോഹിത് ശർമ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. ഇതോടെ വെസ്റ്റിൻഡീസിന്റെ വിജയലക്ഷ്യം 365 റൺസായി മാറി. പതിവുപോലെ വിൻഡിസ് ബാറ്റർമാർ രണ്ടാം ഇന്നിങ്സിൽ അതി സൂക്ഷ്മമായി തുടങ്ങിയെങ്കിലും നാലാം ദിവസം നിർണായകമായ രണ്ടു വിക്കറ്റുകൾ സ്വന്തമാക്കാൻ രവിചന്ദ്രൻ അശ്വിന് സാധിച്ചു. നാലാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 76ന് 2 എന്ന നിലയിലാണ് വിൻഡിസ്. അഞ്ചാം ദിവസം 8 വിക്കറ്റുകൾ സ്വന്തമാക്കി വിജയം നേടാനാണ് ഇന്ത്യൻ ശ്രമം.

Previous articleഇംഗ്ലണ്ടിന്റെ മേൽ വീണ്ടും ഇടിത്തീ. അർഹിച്ച വിജയം നഷ്ടമായി. ആഷസ് ട്രോഫി സ്വപ്നം മാത്രം.
Next articleഞാൻ റോൾ മോഡൽ ആക്കിയിരിക്കുന്നത് ആ യുവതാരത്തെയാണ്. ശിഖർ ധവാൻ തുറന്ന് പറയുന്നു.