ഞാൻ റോൾ മോഡൽ ആക്കിയിരിക്കുന്നത് ആ യുവതാരത്തെയാണ്. ശിഖർ ധവാൻ തുറന്ന് പറയുന്നു.

dhawan

ഇന്ത്യൻ ടീമിലെ പുതുതലമുറയെ അങ്ങേയറ്റം അഭിനന്ദിച്ച് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. ഇന്ത്യൻ ടീമിലെ പുതിയ കളിക്കാർ മുൻപോട്ട് വയ്ക്കുന്ന ചിന്തകളോട് തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ട് എന്നാണ് ശിഖർ ധവാൻ പറയുന്നത്. കഴിഞ്ഞ 13 വർഷങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റിൽ പരിചയമുണ്ടെങ്കിലും താൻ പുതിയ അറിവുകൾക്കും വികാസങ്ങൾക്കും വേണ്ടി അന്വേഷണങ്ങൾ തുടരുകയാണ് എന്ന് ധവാൻ പറയുന്നു. കാലാകാലങ്ങളിൽ മൈതാനത്ത് കളിക്കാരുടെ പ്രകടനത്തിനും അവരുടെ നിരീക്ഷണത്തിനും വലിയ രീതിയിലുള്ള മാറ്റം വന്നിട്ടുണ്ട് എന്നും ശിഖർ ധവാൻ പറയുകയുണ്ടായി. പുതുതലമുറയിലെ കളിക്കാർ ക്രിക്കറ്റിൽ വരുന്ന മാറ്റങ്ങളോട് പെട്ടെന്ന് പൊരുത്തപ്പെടുന്നു എന്നാണ് ശിഖർ ധവാന്റെ പക്ഷം.

“സ്ഥിരമായി ഒരാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഒരേ ഒരു കാര്യം മാറ്റമാണ്. നമ്മൾ പഠിക്കുകയും കൃത്യമായ സമയത്തിനനുസരിച്ച് പൊരുത്തപ്പെടാൻ തയ്യാറാവുകയും ചെയ്യണം. പുതിയ തലമുറയിലെ കളിക്കാർ എത്ര വേഗത്തിലാണ് തങ്ങളുടെ തന്ത്രങ്ങളും ചിന്തകളും കണ്ടെത്തുന്നത് എന്നത് വളരെ അത്ഭുതകരമാണ്. ഞാൻ കുറച്ചധികം കാലമായി ക്രിക്കറ്റ് കളിക്കുന്നുണ്ട്. എന്നാൽ പുതിയ താരങ്ങൾ പുതിയ ഷോട്ടുകൾ ക്രിക്കറ്റിലേക്ക് കൊണ്ടുവരുമ്പോൾ അവരെ ഞാൻ ഒരുപാട് പ്രചോദിപ്പിക്കുന്നു. ഒപ്പം ഇത്തരം ഷോട്ടുകൾ നിങ്ങൾ എങ്ങനെയാണ് കളിക്കുന്നത് എന്ന് ഞാൻ അവരോട് ചോദിക്കാറുണ്ട്.”- ശിഖർ ധവാൻ പറയുന്നു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

“ഇങ്ങനെ ഒരിക്കൽ ഞാൻ സൂര്യകുമാർ യാദവിൽ നിന്ന് ഒരു ഷോട്ട് കളിക്കാൻ പഠിക്കുകയുണ്ടായി. ഞാൻ സൂര്യയോട് ചോദിച്ചത് ഇങ്ങനെയാണ് – താങ്കൾ എങ്ങനെയാണ് ഈ ഷോട്ടുകൾ കളിക്കുന്നത്? ആ സമയത്ത് സൂര്യ പറഞ്ഞ മറുപടി ഇതൊക്കെ വളരെ എളുപ്പമാണ് എന്നായിരുന്നു. ഞാൻ പറഞ്ഞത് ഇങ്ങനെയാണ്- ഇനി മുതൽ ഞാനും ഇത്തരം ഷോട്ടുകളാണ് കളിക്കാൻ പോകുന്നത്. എനിക്കും ഇത്തരത്തിൽ വലിയ പരീക്ഷണങ്ങൾ നടത്തണമെന്നുണ്ട്.”- ധവാൻ കൂട്ടിച്ചേർത്തു.

“ക്രിക്കറ്റ് അനുദിനം വിശാലമായി മാറിക്കൊണ്ടിരിക്കുകയാണ്. ഞങ്ങൾ കളിക്കുന്ന ആദ്യ സമയത്ത് പരിശീലകർ ഇത്തരത്തിൽ ഞങ്ങളെ സഹായിച്ചിരുന്നില്ല. അതിനാൽ തന്നെ മറ്റൊരു ചിന്താഗതിയിലാണ് ഞങ്ങൾ വളർന്നത്. എന്നാൽ ഇപ്പോൾ യുവതാരങ്ങൾ ക്രിക്കറ്റിനെ സമീപിക്കുന്ന രീതി വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു.”- ശിഖർ ധവാൻ പറഞ്ഞുവയ്ക്കുന്നു.

Scroll to Top