ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുകി ഇന്ത്യ. ജഡേജ- രാഹുൽ- ജയസ്വാൾ തേരോട്ടം. വമ്പൻ ലീഡ്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം പൂർണ്ണമായും ആധിപത്യം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്സിൽ ശക്തമായ ഒരു ലീഡ് കെട്ടിപ്പൊക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. രണ്ടാം ദിവസം ബാറ്റിങ്ങിൽ ഇന്ത്യയുടെ എല്ലാ ബാറ്റർമാരും മികവു പുലർത്തുകയുണ്ടായി.

ഓപ്പണർ ജയസ്വാൾ, കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ എന്നിവരാണ് രണ്ടാം ദിവസവും ഇന്ത്യക്കായി മികവുറ്റ ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്. ഇതോടെ രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ ആദ്യ ഇന്നിങ്സിൽ 421 റൺസ് ഇന്ത്യ നേടി കഴിഞ്ഞു. 7 വിക്കറ്റുകൾ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ ഇന്നിങ്സിൽ 175 റൺസിന്റെ ലീഡ് സ്വന്തമാക്കാൻ ഇതിനോടകം തന്നെ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ഇന്നിംഗ്സിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല ഇംഗ്ലണ്ട് കാഴ്ചവെച്ചത്. ഇംഗ്ലണ്ടിനായി നായകൻ സ്റ്റോക്സ് മാത്രമാണ് അല്പസമയമെങ്കിലും ക്രീസിൽ പിടിച്ചുനിന്നത്. മത്സരത്തിൽ 88 പന്തുകൾ നേരിട്ട സ്റ്റോക്സ് 70 റൺസ് നേടുകയുണ്ടായി.

ഇങ്ങനെ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 246 റൺസിൽ എത്തുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും 3 വിക്കറ്റുകൾ വീഴ്ത്തി മികവ് പുലർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യദിവസം തകർപ്പൻ തുടക്കമാണ് ഓപ്പണർ ജയസ്വാൾ നൽകിയത്.

എന്നാൽ രണ്ടാം ദിവസം ഈ തുടക്കം ആവർത്തിക്കാൻ ജയസ്വാളിന് സാധിച്ചില്ല. മത്സരത്തിൽ 74 പന്തുകളിൽ 10 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 80 റൺസ് നേടിയ ജയസ്വാൾ തുടക്കത്തിൽ തന്നെ കൂടാരം കയറുകയുണ്ടായി. ശേഷം കെ എൽ രാഹുലാണ് ഇന്ത്യയ്ക്കായി രണ്ടാം ദിവസം ക്രീസിലുറച്ചത്.

ഇംഗ്ലണ്ടിനെതിരെ വളരെ കരുതലോടെ ആയിരുന്നു രാഹുൽ കളിച്ചത്. ശ്രേയസ് അയ്യർ(35) രവീന്ദ്ര ജഡേജ എന്നിവരെ കൂട്ടുപിടിച്ചാണ് രാഹുൽ ഇന്നിംഗ്സ് കെട്ടിപ്പടുത്തത്. മത്സരത്തിൽ 123 പന്തുകളിൽ 86 റൺസാണ് രാഹുൽ സ്വന്തമാക്കിയത്. എന്നാൽ ഒരു അനാവശ്യ ഷോട്ടിലൂടെ രാഹുൽ കൂടാരം കയറുകയായിരുന്നു.

പിന്നീടാണ് രവീന്ദ്ര ജഡേജയും ഭരതും ചേർന്ന് ഇന്ത്യയുടെ സ്കോറിങ് ഉയർത്തിയത്. മത്സരത്തിൽ ഒരു മികച്ച ഇന്നിംഗ്സ് പുറത്തെടുക്കാൻ ജഡേജയ്ക്ക് സാധിച്ചു. 41 റൺസാണ് ഭരത് നേടിയത്. ഭരത് പുറത്തായ ശേഷം അക്ഷർ പട്ടേലും ജഡേജക്കൊപ്പം ക്രീസിൽ ഉറയ്ക്കുകയുണ്ടായി. ഇതോടെ ഇന്ത്യയുടെ സ്കോർ ഉയരുകയായിരുന്നു

രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 81 റൺസുമായി ജഡേജ ക്രീസിലുണ്ട്. ആദ്യ ഇന്നിങ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 421 റൺസ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മൂന്നാം ദിവസവും ശക്തമായ ബാറ്റിംഗ് പ്രകടനത്തോടെ വലിയൊരു ലീഡ് കണ്ടെത്താനാണ് ഇന്ത്യയുടെ ശ്രമം.