ആദ്യ ദിനം ഇന്ത്യ നേടിയത് 336ന് 6. 179 റൺസുമായി ജയ്സ്വാൾ ക്രീസിൽ.

ഇംഗ്ലണ്ടിനെതിതായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം ശക്തമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ഇന്ത്യ. ഓപ്പണർ ജയസ്വളിന്റെ തകർപ്പൻ സെഞ്ച്വറി പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ ആദ്യ ദിവസം ശക്തമായ സ്കോർ നേടിയത്. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 6 വിക്കറ്റുകൾ നഷ്ടത്തിൽ 336 റൺസാണ് ഇന്ത്യ നേടിയത്.

എന്നാൽ ഇന്ത്യൻ നിരയിലെ മറ്റു ബാറ്റർമാർക്ക് മികച്ച തുടക്കം ലഭിച്ചിട്ടും, അത് മുതലെടുക്കാൻ സാധിക്കാതെ പോയി. എന്നിരുന്നാലും രണ്ടാം ദിവസവും ശക്തമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്താൽ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനുമേൽ കൃത്യമായ സമ്മർദ്ദം ചെലുത്താനാകും എന്നത് ഉറപ്പാണ്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ കരുതലോടെ തന്നെയാണ് ഇന്ത്യക്കായി ഓപ്പണർമാർ ആരംഭിച്ചത്. രോഹിത് ശർമ തന്റെ സ്വതസിദ്ധമായ ശൈലിയിൽ നിന്നും മാറി വളരെ കരുതലോടെ കളിച്ചു. ജയസ്വാളും പിച്ചിനനുസരിച്ച് മാറുകയായിരുന്നു.

രോഹിത് മത്സരത്തിൽ 41 പന്തുകൾ നേരിട്ടെങ്കിലും 14 റൺസ് മാത്രമാണ് നേടിയത്. ഇന്നിങ്സിൽ ഒരു ബൗണ്ടറി പോലും സ്വന്തമാക്കാൻ രോഹിത്തിന് സാധിച്ചില്ല. പിന്നാലെയെത്തിയ ഗില്ലിനും മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാൽ അവിചാരിതമായി ഗില്ലിന് കൂടാരം കയറേണ്ടിവന്നു. 46 പന്തുകൾ നേരിട്ട ഗിൽ 34 റൺസാണ് നേടിയത്.

മറുവശത്ത് ഇന്ത്യക്കായി ജയസ്വാൾ ക്രീസിലുറച്ചത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമുണ്ടാക്കി. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറിയാണ് ജയസ്വാൾ നേടിയത്. തന്റെ ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ച്വറിയാണ് മത്സരത്തിൽ ജയസ്വാൾ സ്വന്തമാക്കിയത്. മറുവശത്ത് എല്ലാ ബാറ്റർമാർക്കും തുടക്കം ലഭിച്ചിട്ടും ആരും തന്നെ അത് വലിയ സ്കോറാക്കി മാറ്റാൻ തുനിഞ്ഞില്ല.

പക്ഷേ ജയസ്വാൾ തനിക്ക് ലഭിച്ച അവസരങ്ങളിലൊക്കെയും വളരെ മികച്ച രീതിയിൽ ഇംഗ്ലണ്ട് ബോളർമാരെ നേരിടുകയുണ്ടായി. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 257 പന്തുകളിൽ 179 റൺസുമായി ജയസ്വാൾ ക്രീസിലുണ്ട്. 17 ബൗണ്ടറികളും 5 സിക്സറുകളുമാണ് ജയസ്വാൾ തന്റെ ഇന്നിംഗ്സിൽ ഇതുവരെ നേടിയിട്ടുള്ളത്.

എന്നിരുന്നാലും ബാറ്റിംഗിന് അനുകൂലമായ വിക്കറ്റിൽ ഗില്ലും ശ്രേയസ് അയ്യരും വീണ്ടും വലിയ സ്കോർ കണ്ടെത്താതെ മടങ്ങിയത് ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. മറുവശത്ത് ഇംഗ്ലണ്ടിനായി ബഷീറും അഹ്‌മദും 2 വിക്കറ്റുകൾ വീഴ്ത്തി മികവ് പുലർത്തി. മത്സരത്തിൽ 4 സ്പിന്നർമാരുമായാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങിയത്.

ഇന്ത്യയെ സംബന്ധിച്ച് ആദ്യ ദിവസത്തെ പ്രകടനം വലിയ ആശ്വാസം നൽകുന്നതാണ്. ആദ്യ മത്സരത്തിൽ ഉണ്ടായ പിഴവുകൾ ഇനി ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നതും ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണ്. രണ്ടാം ദിവസം ശക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ ഇംഗ്ലണ്ടിനെ പിന്നിലാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

Previous articleസേവാഗ് സ്റ്റൈലിൽ സിക്സർ പറത്തി ജയസ്വാളിന്റെ സെഞ്ച്വറി. ഇംഗ്ലണ്ടിനെ അടിച്ചൊടിച്ച ഇന്നിങ്സ്.
Next articleകേരളത്തെ രക്ഷിച്ച് സച്ചിൻ ബേബിയും സഞ്ജുവും. ആദ്യ ദിനം കേരളം ശക്തമായ നിലയിൽ.