ചെന്നൈയില്‍ ഇന്ത്യയെ കരകയറ്റി അശ്വിന്‍ – ജഡേജ കൂട്ടുകെട്ട്. ഇന്ത്യ മികച്ച സ്കോറിലേക്ക്

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം ഇന്ത്യയെ വമ്പൻ ദുരന്തത്തിൽ നിന്ന് രക്ഷിച്ച് രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് മുൻനിര ബാറ്റർമാരുടെ വിക്കറ്റ് വളരെ പെട്ടെന്ന് തന്നെ നഷ്ടമാവുകയായിരുന്നു. ശേഷം അശ്വിനും ജഡേജയും ചേർന്ന് ഏഴാം വിക്കറ്റിൽ ഒരു റെക്കോർഡ് കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയും, ഇന്ത്യയെ കരകയറ്റുകയുമാണ് ഉണ്ടായത്. മത്സരത്തിൽ ഒരു ശക്തമായ സെഞ്ച്വറി സ്വന്തമാക്കാൻ അശ്വിന് സാധിച്ചു. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 339 റൺസിന് 6 വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. അശ്വിനും ജഡേജയുമാണ് ക്രീസിലുള്ളത്.

മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈർപ്പമേറിയ പിച്ചിന്റെ ആനുകൂല്യം മുതലെടുക്കാൻ ബംഗ്ലാദേശിന്റെ പേസ് ബോളർമാർക്ക് സാധിച്ചു. ഇന്ത്യയുടെ വമ്പൻ ബാറ്റർമാരെ ആദ്യ സെഷനിൽ തന്നെ ഹസൻ മഹ്മൂദ് മടക്കിയയച്ചു. നായകൻ രോഹിത് ശർമ(6) ശുഭമാൻ ഗിൽ(0) വിരാട് കോഹ്ലി(6) എന്നിവർ പെട്ടെന്ന് തന്നെ കൂടാരം കയറിയത് ഇന്ത്യയെ ബാധിച്ചിരുന്നു. ഒരുവശത്ത് ജയസ്വാൾ പിടിച്ചുനിന്നത് മാത്രമാണ് ഇന്ത്യയ്ക്ക് ആദ്യ സെഷനിൽ ആശ്വാസമായത്. പിന്നാലെ പന്തും തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആക്രമണം അഴിച്ചുവിട്ടു. മത്സരത്തിൽ 52 പന്തുകളിൽ 39 റൺസ് ആണ് പന്ത് നേടിയത്. ജയസ്വാൾ 118 പന്തുകൾ നേരിട്ട് 56 റൺസ് സ്വന്തമാക്കുകയുണ്ടായി.

ഇരുവരും പുറത്തായതോടെ ഇന്ത്യ വീണ്ടും തകർന്നു വീഴുകയായിരുന്നു. 144 റൺസ് സ്വന്തമാക്കുന്നതിനിടെ ഇന്ത്യയുടെ 6 വിക്കറ്റുകളാണ് നഷ്ടമായത്m ഇതോടെ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 200 റൺസിൽ ഒതുങ്ങുമെന്ന് എല്ലാവരും കരുതി. പക്ഷേ അവിടെ നിന്ന് രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും ഇന്ത്യയെ കൈപിടിച്ചു കയറ്റുകയായിരുന്നു. അശ്വിൻ തന്റേതായ ശൈലിയിൽ ആക്രമിച്ചു തന്നെയാണ് ഇന്നിംഗ്സിന്റെ തുടക്കം മുതൽ കളിച്ചത്. മോശം പന്തുകളിൽ അനായാസം ബൗണ്ടറി കടത്താൻ അശ്വിന് സാധിച്ചു. മറുവശത്ത് പതിയെ തുടങ്ങിയ ജഡേജയും അതിശക്തമായ രീതിയിൽ തന്റെ പേസ് വീണ്ടെടുക്കുകയായിരുന്നു.

മത്സരത്തിൽ ഒരു ഏകദിന ഇന്നിംഗ്സിന്റെ ശൈലിയിലാണ് അശ്വിൻ കളിച്ചത്. കൃത്യമായ രീതിയിൽ മോശം ബോളുകൾക്കെതിരെ ആക്രമണം അഴിച്ചുവിടാൻ അശ്വിന് സാധിച്ചു. 108 പന്തുകളിലായിരുന്നു അശ്വിൻ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ അശ്വിന്റെ ആറാം സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 195 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയുണ്ടായി. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 112 പന്തുകളിൽ 102 റൺസ് നേടിയ അശ്വിനും, 117 പന്തുകളിൽ 86 റൺസ് നേടിയ ജഡേജയും ക്രീസിലുണ്ട്. രണ്ടാം ദിവസവും ഇത്തരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യയ്ക്ക് ശക്തമായ ഒന്നാം ഇന്നിങ്സ് സ്കോർ സമ്മാനിക്കാനാണ് ഇരുവരും ശ്രമിക്കുന്നത്

Previous articleചരിത്രം തിരുത്തി അഫ്ഗാൻ. ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞു.
Next articleദുലീപ് ട്രോഫിയിൽ സഞ്ജുവിന്റെ വെടിക്കെട്ട്. 83 പന്തിൽ 89* റൺസ്. ഇന്ത്യ ഡി മികച്ച നിലയിലേക്ക്