ചരിത്രം തിരുത്തി അഫ്ഗാൻ. ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞു.

GXwv1rnXYAAa9Cx scaled

ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കൻ പടയെ ഞെട്ടിച്ച് അഫ്ഗാനിസ്ഥാൻ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിന മത്സരത്തിൽ 6 വിക്കറ്റുകളുടെ വമ്പൻ വിജയം സ്വന്തമാക്കിയാണ് അഫ്ഗാനിസ്ഥാൻ ലോക ക്രിക്കറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇത് ആദ്യമായാണ് ദക്ഷിണാഫ്രിക്കയെ അഫ്ഗാനിസ്ഥാൻ ഒരു ഏകദിന മത്സരത്തിൽ പരാജയപ്പെടുത്തുന്നത്.

സമീപകാലത്ത് അഫ്ഗാനിസ്ഥാൻ എത്രമാത്രം മെച്ചപ്പെട്ടു എന്ന് വിളിച്ചോതുന്ന പ്രകടനമാണ് മത്സരത്തിൽ താരങ്ങൾ കാഴ്ചവച്ചത്. മത്സരത്തിൽ അഫ്ഗാനിസ്ഥാനായി ബോളിങ്ങിൽ തിളങ്ങിയത് 4 വിക്കറ്റുകൾ സ്വന്തമാക്കിയ ഫസൽ ഫറൂക്കിയാണ്. ബാറ്റിംഗിൽ മധ്യനിര ബാറ്റർമാർ പക്വതയാർന്ന പ്രകടനം കാഴ്ചവച്ചപ്പോൾ അഫ്ഗാനിസ്ഥാൻ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒരു ദുരന്ത തുടക്കം തന്നെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് മത്സരത്തിൽ ലഭിച്ചത്. ദക്ഷിണാഫ്രിക്കയുടെ മുൻനിര – മധ്യനിര ബാറ്റർമാർ ചീട്ടുകൊട്ടാരം പോലെയാണ് തകർന്നു വീണത്. ഇതോടെ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാന് മുൻപിൽ വീഴുകയായിരുന്നു. 36 റൺസ് സ്വന്തമാക്കുന്നതിനിടെ തങ്ങളുടെ 7 വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് മത്സരത്തിൽ നഷ്ടമായത്. ശേഷം മധ്യനിര ബാറ്ററായ മുൾഡർ ദക്ഷിണാഫ്രിക്കയ്ക്കായി പിടിച്ചുനിന്നു. വലിയ നാണക്കേടിൽ നിന്ന് ദക്ഷിണാഫ്രിക്കയെ കൈപിടിച്ചു കയറ്റാൻ മുൾഡർക്ക് സാധിച്ചു.

Read Also -  അടിച്ചു തൂക്കിക്കൊള്ളാൻ ഗംഭീറും സൂര്യയും പറഞ്ഞു, ഞാനത് ചെയ്തു. മത്സര സാഹചര്യത്തെ പറ്റി റിങ്കു സിംഗ്.

മത്സരത്തിൽ നിർണായകമായ ഒരു അർധ സെഞ്ച്വറിയാണ് മുൾഡർ സ്വന്തമാക്കിയത്. 84 പന്തുകളിൽ മുൾഡർ 52 റൺസ് സ്വന്തമാക്കി. എന്നിരുന്നാലും കേവലം 106 റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മത്സരത്തിൽ നേടാൻ സാധിച്ചത്. മറുവശത്ത് തകർപ്പൻ ബോളിംഗ് പ്രകടനമാണ് അഫ്ഗാനിസ്ഥാനായി തങ്ങളുടെ പേസർമാർ കാഴ്ചവച്ചത്.

ഫസൽ ഫറൂക്കി 35 റൺസ് മാത്രം മത്സരത്തിൽ വിട്ടുനൽകിയാണ് 4 വിക്കറ്റുകൾ സ്വന്തമാക്കിയത്. ഗസൽഫർ 20 റൺസ് വിട്ടുനൽകി 3 വിക്കറ്റുകൾ നേടി. 107 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അഫ്ഗാനിസ്ഥാന് തങ്ങളുടെ വിക്കറ്റ് കീപ്പർ ഗുർബാസിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി.

അതിന് ശേഷം വളരെ കരുതലോടെയാണ് അഫ്ഗാനിസ്ഥാന്റെ ബാറ്റർമാർ കളിച്ചത്. നായകൻ ഷാഹിദി അടക്കമുള്ളവർ തിടുക്കം കാട്ടാതെ പതിയെ റൺസ് ഉയർത്തുകയായിരുന്നു. 34 റൺസ് നേടി പുറത്താകാതെ നിന്ന ഗുൽബദിൽ നൈബാണ് അഫ്ഗാനിസ്ഥാൻ നിരയിലെ ടോപ്പ് സ്കോറർ. 25 റൺസ് സ്വന്തമാക്കിയ ഒമാർസായും അഫ്ഗാനിസ്ഥാനായി മത്സരത്തിൽ മികവ് പുലർത്തി. ഇങ്ങനെ മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കാൻ അഫ്ഗാനിസ്ഥാന് സാധിച്ചു. അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് ഒരു ചരിത്രവിജയം തന്നെയാണ് മത്സരത്തിൽ ഉണ്ടായിരിക്കുന്നത്. 3 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരം സെപ്റ്റംബർ 20നാണ് നടക്കുന്നത്.

Scroll to Top