ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യദിനം കൃത്യമായ ആധിപത്യം നേടിയെടുത്ത് ഇന്ത്യ. ബാറ്റിങ്ങിലും ബോളിങ്ങിലും ഓസിസിനെ മലർത്തിയടിച്ച പ്രകടനം തന്നെയാണ് ഇന്ത്യ ആദ്യദിനം പുറത്തെടുത്തത്. മത്സരത്തിന് മുൻപുതന്നെ വളരെയധികം ചർച്ചയായ ഇന്ത്യൻ സ്പിന്നർമാരാണ് ആദ്യദിനം നിറഞ്ഞാടിയത്. ഇന്ത്യക്കായി ജഡേജ അഞ്ചുവിക്കറ്റുകൾ നേടിയപ്പോൾ അശ്വിൻ മൂന്ന് വിക്കറ്റുകൾ നേടി പിന്തുണ നൽകി. ശക്തമായ ഓസിസ് ബാറ്റിംഗ് നിരയെ കേവലം 177 റൺസിന് തളക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.
മത്സരത്തിൽ ടോസ് നേടിയ പാറ്റ് കമ്മിൻസ് തെല്ലും മടികൂടാതെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ തങ്ങളുടെ ഓപ്പണർമാരെ ആദ്യമേ നഷ്ടമായതോടെ ഓസീസ് പതറി. എന്നാൽ മൂന്നാം വിക്കറ്റിൽ സ്മിത്തും (37) ലാബുഷെനും (49) അതിവിദഗ്ധമായി ഓസ്ട്രേലിയയെ കരയ്ക്ക് അടുപ്പിക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 82 റൺസിന്റെ കൂട്ടുകെട്ടായിരുന്നു കെട്ടിപ്പടുത്തത്. ശേഷമാണ് ജഡേജ മാജിക് ബോളുകളുമായി എത്തിയത്.
കൃത്യമായ ഇടവേളകളിൽ ഓസ്ട്രേലിയയുടെ വിക്കറ്റുകൾ പിഴുതെറിയാൻ ജഡേജക്ക് സാധിച്ചു. അശ്വിനും ജഡേജക്കൊപ്പം ചേർന്നതോടെ ഇന്ത്യക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായി. 84ന് 2 എന്ന നിലയിൽ നിന്ന് ഓസീസ് 177 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു.: ഇന്ത്യയ്ക്കെതിരെ വലിയ പ്രസ്താവന നടത്തിയ ഓസീസിന് ക്ഷീണമുണ്ടാക്കുന്ന ആദ്യ ഇന്നിങ്സ് സ്കോർ തന്നെയാണിത്.
മറുപടി ബാറ്റിങ്ങിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം തന്നെയാണ് ഓപ്പണർമാർ നൽകിയത്. ഓസീസ്, തുടക്കത്തിൽ തന്നെ സ്പിന്നിനെ പരീക്ഷിച്ചെങ്കിലും വിട്ടുകൊടുക്കാൻ രോഹിത്തും രാഹുലും തയ്യാറായില്ല. രോഹിത്(69 പന്തില്‍ 56)ഇന്നിങ്സിൽ വളരെ പോസിറ്റീവായി തന്നെയാണ് കളിച്ചത്. എന്നാൽ മത്സരം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കേ രാഹുൽ (20) കൂടാരം കയറി. ഒന്നാം ദിവസം കളി നിർത്തുമ്പോൾ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 77ന് 1 എന്ന നിലയിലാണ്. ക്യാപ്റ്റനൊപ്പം അശ്വിനാണ് (0) ക്രീസില്‍. രണ്ടാം ദിവസവും മികവാർന്ന ഒരു ബാറ്റിംഗ് പ്രകടനം നടത്തി ഓസീസിനെ കെട്ടുകെട്ടിക്കാൻ തന്നെയാവും ഇന്ത്യ ശ്രമിക്കുന്നത്.