ഇന്ത്യ- പാകിസ്ഥാൻ ക്രിക്കറ്റ് പോരാട്ടങ്ങൾ എല്ലാകാലത്തും ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചിട്ടുണ്ട്. ദ്വിരാഷ്ട്ര പരമ്പരകളിലായാലും വലിയ ടൂർണമെന്റുകളിലായാലും ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഗ്യാലറികൾ സമ്പൂർണ്ണമാണ്. നിലവിൽ ഇന്ത്യ – പാകിസ്ഥാൻ ദ്വിരാഷ്ട്ര പരമ്പരകൾ പൂർണമായും ഉപേക്ഷിക്കപ്പെട്ടതിനാൽ എല്ലാവരും കാത്തിരിക്കുന്നത് ഏഷ്യാകപ്പും മറ്റ് ഐസിസി ടൂർണമെന്റ്കളും തന്നെയാണ്. കഴിഞ്ഞവർഷം ഏഷ്യാകപ്പിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യ പാക്കിസ്ഥാനുമായി ഏറ്റുമുട്ടിയിരുന്നു. ഏഷ്യാകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഓരോ മത്സരങ്ങളിൽ വീതം വിജയം പങ്കിട്ടപ്പോൾ, ട്വന്റി20 ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാനെ അതിശക്തമായി പരാജയപ്പെടുത്തുകയായിരുന്നു. ഈ വർഷം ഏഷ്യാകപ്പും ഏകദിന ലോകകപ്പും നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ – പാകിസ്ഥാൻ മത്സരങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇതിനിടെ ഇന്ത്യക്കെതിരെ പരിഹാസവർഷവുമായി എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം അബ്ദുൽ റസാഖ്. പാകിസ്ഥാനോട് പരാജയപ്പെടുമെന്ന ഭയം ഇന്ത്യയ്ക്ക് മുൻപ് ഉണ്ടായിരുന്നുവെന്നും, അതിനാലാണ് കൂടുതൽ മത്സരങ്ങൾ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കാതിരുന്നതെന്നുമാണ് റസാഖ് പറയുന്നത്.
1997-98 കാലഘട്ടത്തിലെ ഇന്ത്യ – പാകിസ്ഥാൻ മത്സരങ്ങളെ പറ്റിയാണ് റസാഖ് സംസാരിക്കുന്നത്. ഈ സമയത്ത് ഇന്ത്യയും പാക്കിസ്ഥാനും ഒരുപാട് ദ്വിരാഷ്ട്ര പരമ്പരകളിൽ ഏറ്റുമുട്ടിയിരുന്നില്ല. “ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ആ സമയത്ത് ഒരു സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. ഇപ്പോൾ പാക്കിസ്ഥാനെതിരെ പരമ്പരകൾ കളിക്കാത്ത ടീം ഇന്ത്യ മാത്രമാണ്. 1997-98 കാലഘട്ടങ്ങളിലും ഇന്ത്യ ഇതേപോലെ പാകിസ്ഥാനെതിരെ ഒരുപാട് മത്സരങ്ങൾ കളിച്ചിരുന്നില്ല. കാരണം ആ സമയത്ത് പാക്കിസ്ഥാൻ അതിശക്തമായ ഒരു ടീമായിരുന്നു. പല സമയത്തും ഇന്ത്യയെ പാകിസ്ഥാൻ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.”- റസാഖ് പറയുന്നു.
“ഈ ഭയം കൊണ്ടാവാം ഇന്ത്യ പാകിസ്ഥാനെതിരെ പോരാടാൻ തയ്യാറാവാതിരുന്നത്. എന്നിരുന്നാലും കാര്യങ്ങൾ ഇപ്പോൾ 2023ൽ എത്തിനിൽക്കുന്നു. മാറ്റം വരുത്തേണ്ടത് നമ്മളുടെ മാനസികാവസ്ഥയിലാണ്. ഒരു ടീമിനെയും ക്രിക്കറ്റിൽ വലിയവരായും ചെറിയവരായും കാണാൻ സാധിക്കില്ല. മൈതാനത്ത് അന്നത്തെ ദിവസത്തെ പ്രകടനമാണ് പ്രാധാന്യമർഹിക്കുന്നത്.”- റസാഖ് കൂട്ടിച്ചേർത്തു.
നിലവിൽ ഓസ്ട്രേലിയയെയും ഇംഗ്ലണ്ടിനെയും പോലെ ഇന്ത്യയും പാക്കിസ്ഥാനും കരുത്തരായ ടീമുകളായി മാറിക്കൊണ്ടിരിക്കുകയാണന്നും റസാഖ് പറയുകയുണ്ടായി. ഇന്ത്യയും പാക്കിസ്ഥാനും തുല്യ ശക്തരാണെന്നും പാകിസ്ഥാനെ ദുർബലരെന്ന് മുദ്രകുത്തുന്നത് അന്യായമാണെന്നും റസാഖ് ചൂണ്ടിക്കാണിച്ചു. ഇന്ത്യയും പാകിസ്ഥാനും നിലവിലെ സാഹചര്യങ്ങൾ മറികടന്ന് കൂടുതൽ ദ്വിരാഷ്ട്ര പരമ്പരകൾ വരും നാളുകളിൽ കളിക്കേണ്ടതുണ്ട് എന്നും റസാഖ് പറഞ്ഞുവെക്കുന്നു.