ആപ്പിൾ കഴിക്കാനായി അലാറം വയ്ക്കുന്ന പൂജാര. സൂപ്പർ താരത്തിന്റെ പ്രത്യേകതകൾ വിവരിച്ച് അശ്വിൻ.

ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ എന്നെന്നും നിർണായക സാന്നിധ്യമായിട്ടുള്ള ക്രിക്കറ്ററാണ് ചേതേശ്വർ പൂജാര. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പൂജാര ഇന്ത്യക്കായി കളിച്ചിരുന്നു. എന്നാൽ നിർണായക മത്സരത്തിൽ മികവാർന്ന പ്രകടനം പുറത്തെടുക്കാൻ പൂജാരക്ക് സാധിച്ചില്ല. പിന്നീട് വെസ്റ്റിൻഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിൽ നിന്ന് പൂജാരയെ ഒഴിവാക്കുകയാണ് ഉണ്ടായത്. ഇപ്പോൾ ചേതേശ്വർ പൂജാരയുടെ ചില പ്രത്യേകതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സംസാരിക്കുകയാണ് ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ചില കാര്യങ്ങളിൽ പൂജാര എന്നെന്നും വ്യത്യസ്തനായി നിന്നിട്ടുള്ള താരമാണ് എന്ന് അശ്വിൻ പറയുന്നു. ഒരു ആപ്പിൾ കഴിക്കുന്നതിനായി പൂജാര കൃത്യമായി അലാറം പോലും വയ്ക്കാറുണ്ടായിരുന്നു എന്നാണ് അശ്വിൻ പറയുന്നത്.

എല്ലാം കൃത്യസമയത്ത് നടക്കുക എന്നത് പൂജാരയുടെ ജീവിതത്തിൽ ഏറ്റവും വലിയ കാര്യമാണ് എന്ന് അശ്വിൻ പറയുന്നു. അയാൾ ഒരു സമയത്ത് ഒരു കാര്യം തീരുമാനിച്ചെങ്കിൽ അതിൽ യാതൊരു വ്യത്യാസവും ഉണ്ടാവാറില്ല എന്നാണ് അശ്വിൻ കൂട്ടിച്ചേർക്കുന്നത്. “ഒരു ആപ്പിൾ കഴിക്കുന്നതിനായി പൂജാര എന്നും 7.30ന് അലാറം വയ്ക്കുമായിരുന്നു. ആ കൃത്യസമയത്ത് തന്നെ പൂജാര ആപ്പിൾ കഴിക്കുകയും ചെയ്യുമായിരുന്നു.”- രവിചന്ദ്രൻ അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നു.

ഇതോടൊപ്പം മൈതാനത്തെ പൂജാരയുടെ കൃത്യത ചൂണ്ടിക്കാട്ടി ഇന്ത്യയുടെ ഫീൽഡിങ് കോച്ച് ദിലീപും സംസാരിക്കുകയുണ്ടായി. “ഞങ്ങൾ സൗത്ത് ആഫ്രിക്കയിലായിരുന്ന സമയത്ത് രഹാനെയും പൂജാരയും 7.30ന് രാത്രി ഭക്ഷണം കഴിക്കുകയായിരുന്നു. അതിനുശേഷം പൂജാര എന്റെ അടുത്തേക്ക് വന്നു. ശേഷം പറഞ്ഞത് ഇങ്ങനെയാണ്- സാർ എനിക്ക് ഒരു 20 ക്യാച്ച് കൂടി എടുക്കണം. അന്ന് രണ്ടുമണിക്കൂറോളം പൂജാര ബാറ്റിംഗ് പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു. പക്ഷേ എന്നിട്ടും 20 ക്യാച്ചുകൾ കൂടി എടുത്ത് പരിശീലനം പൂർത്തിയാക്കിയാണ് പൂജാര മടങ്ങിയത്. ഇത്തരമൊരു ക്രിക്കറ്ററെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.”- ദിലീപ് പറയുന്നു.

നിലവിൽ ഇന്ത്യയുടെ ആഭ്യന്തര ടൂർണമെന്റായ ദുലീപ് ട്രോഫിയിൽ കളിക്കുകയാണ് പൂജാര. വെസ്റ്റ് സോൺ ടീമിനെ പ്രതിനിധീകരിച്ചാണ് പൂജാര കളിക്കുന്നത്. ദുലീപ് ട്രോഫിയുടെ സെമിഫൈനലിൽ വെസ്റ്റ് സോൺ ടീമിനായി ഒരു തകർപ്പൻ സെഞ്ചുറിയും പൂജാര സ്വന്തമാക്കുകയുണ്ടായി. മത്സരത്തിൽ 278 പന്തുകൾ നേരിട്ട പൂജാര 133 റൺസാണ് നേടിയത്.