3 ഓവറിൽ 50 റൺസ്. ഇത് ടെസ്‌റ്റോ ട്വന്റി20യൊ? ചരിത്ര റെക്കോർഡുമായി ഇന്ത്യ..

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു ട്വന്റി20 മോഡൽ വെടിക്കെട്ട് തീർക്കുകയായിരുന്നു. കേവലം 3 ഓവറുകൾക്കുള്ളിൽ തന്നെ ടീമിന്റെ സ്കോർ 50 റൺസിൽ എത്തിക്കാൻ രോഹിത് ശർമക്കും ജയസ്വാളിനും സാധിച്ചു

ഇതോടെയാണ് വമ്പൻ റെക്കോർഡ് ഇന്ത്യയ്ക്ക് സ്വന്തമാക്കാൻ സാധിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ടീം അർധസസെഞ്ച്വറി എന്ന റെക്കോർഡാണ് മത്സരത്തിൽ ഇന്ത്യ നേടിയത്. 18 പന്തുകളിലാണ് ഇന്ത്യ മത്സരത്തിൽ 50 റൺസ് പൂർത്തീകരിച്ചത്.

മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശ് 233 റൺസാണ് സ്വന്തമാക്കിയിരുന്നത്. ശേഷം മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒരു വെടിക്കെട്ട് മനോഭാവമാണ് പുലർത്തിയത്. മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ തുടർച്ചയായി 3 ബൗണ്ടറികൾ സ്വന്തമാക്കാൻ ജയസ്വാളിന് സാധിച്ചു. ശേഷം അടുത്ത ഓവറിൽ താൻ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ നേടിയാണ് രോഹിത് ശർമ ആക്രമണം അഴിച്ചുവിട്ടത്. തൊട്ടടുത്ത പന്തിലും സിക്സർ സ്വന്തമാക്കി രോഹിത് തന്റെ വരവറിയിച്ചു. പിന്നീട് ഓവറിലെ അവസാന പന്തിൽ ജയസ്വാൾ ഒരു ബൗണ്ടറി കൂടി നേടിയതോടെ ഇന്ത്യ ട്വന്റി20 മോഡലിലേക്ക് പൂർണമായും എത്തുകയായിരുന്നു.

ഹസൻ മഹമൂദ് എറിഞ്ഞ മൂന്നാം ഓവറിലും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് രോഹിത്തും ജയസ്വാളും കാഴ്ചവച്ചത്. ഓവറിലെ രണ്ടാം പന്തിൽ മഹമൂദിനെ സിക്സറിന് പായിക്കാൻ രോഹിത്തിന് സാധിച്ചു. ശേഷം നാലാം പന്തിൽ ജയസ്വാൾ സിക്സർ നേടുകയും, അടുത്ത പന്തുകളിൽ ബൗണ്ടറികൾ സ്വന്തമാക്കുകയും ചെയ്തു. ഇതോടെ ഇന്ത്യൻ സ്കോർ 50 റൺസ് പിന്നിടുകയായിരുന്നു. ഇതിന് ശേഷമാണ് രോഹിത് ശർമ മത്സരത്തിൽ പുറത്തായത്. മത്സരത്തിൽ 11 പന്തുകൾ നേരിട്ട രോഹിത് ശർമ 23 റൺസാണ് നേടിയത്. 3 സിക്സറുകളും ഒരു ബൗണ്ടറിയും രോഹിത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് തരക്കേടില്ലാത്ത തുടക്കമായിരുന്നു മുൻനിര ബാറ്റർമാർ നൽകിയത്. ശേഷം  മഴ വില്ലനായി എത്തിയതോടെ രണ്ട് ദിവസത്തെ മത്സരം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. പിന്നീട് നാലാം ദിവസം ഇന്ത്യൻ ബോളിങ്‌ കരുത്ത് തന്നെയാണ് കാണാൻ സാധിച്ചത്. ബംഗ്ലാദേശിനായി സെഞ്ച്വറി നേടിയ മൊമിനുൾ മാത്രമാണ് നാലാം ദിവസം പൊരുതിയത്.

194 പന്തുകൾ നേരിട്ട മൊമീനുൾ 107 റൺസ് സ്വന്തമാക്കി. ഇന്ത്യൻ നിരയിൽ ബൂമ്ര 3 വിക്കറ്റുകൾ നേടി മികവ് പുലർത്തി. സിറാജ്, അശ്വിൻ, ആകാശ് ദീപ് എന്നിവർ 2 വിക്കറ്റുകൾ കൂടി വീഴ്ത്തിയതോടെ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്സ് 233 റൺസിൽ അവസാനിക്കുകയായിരുന്നു

Previous articleഇന്ത്യയെ ഓസീസ് 3-1 ന് പരാജയപ്പെടുത്തുമെന്ന് വോൺ, മറുപടി നൽകി യുവരാജ് സിംഗ്.
Next articleഇന്ത്യൻ വെടിക്കെട്ട്. ചത്ത മത്സരത്തെ പുനർജനിപ്പിച്ച് ഇന്ത്യൻ ബാറ്റർമാർ. നാലാം ദിവസം പൂർണ ആധിപത്യം.