താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴുക എന്ന അവസ്ഥയാണ് നിലവിൽ ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് ഉണ്ടായിരിക്കുന്നത്. പൂനെയിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിനായി വലിയൊരു സ്പിൻ പിച്ച് തന്നെയാണ് ഇന്ത്യ തയ്യാറാക്കിയത്. എന്നാൽ ഈ പിച്ചിൽ ഇന്ത്യൻ ബാറ്റർമാർ തന്നെ കടപുഴകി വീഴുന്നതാണ് മത്സരത്തിൽ കാണുന്നത്.
മത്സരത്തിൽ ഇന്ത്യയുടെ ബാറ്റർമാർ എല്ലാവരും ന്യൂസിലാൻഡിന്റെ സ്പിന്നർമാർക്ക് മുൻപിൽ അടിയറവ് പറയുകയായിരുന്നു. അതേസമയം ഇന്ത്യൻ സ്പിന്നർമാർക്ക് മുൻപിൽ അല്പമെങ്കിലും പിടിച്ചുനിൽക്കാൻ ന്യൂസിലാൻഡ് ബാറ്റർമാർക്ക് സാധിച്ചിട്ടുണ്ട്. ഇതോടെ മറ്റൊരു പരാജയത്തിലേക്ക് ഇന്ത്യ നീങ്ങുകയാണ്.
മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലാൻഡിനായി ഓപ്പണർ കോൺവെ മികച്ച തുടക്കമാണ് നൽകിയത്. ഇന്ത്യൻ ബോളർമാരെ ശക്തമായ നിലയിൽ നേരിടാൻ കോൺവെയ്ക്ക് സാധിച്ചു.
രചിൻ രവീന്ദ്രയും അർത്ഥസെഞ്ച്വറി നേടി ന്യൂസിലാൻഡിന് മികച്ച തുടക്കം നൽകി. എന്നാൽ ഇതിന് ശേഷം ഇന്ത്യയുടെ സ്പിന്നർ വാഷിംഗ്ടൺ സുന്ദർ കളംനിറയുകയും ന്യൂസിലാൻഡിനെ കേവലം 259 റൺസിന് പുറത്താക്കുകയും ചെയ്തു. ഇന്നിംഗ്സിൽ 7 വിക്കറ്റുകൾ ആയിരുന്നു സുന്ദർ നേടിയത്. ഇതോടെ സ്പിൻ പിച്ച് ഇന്ത്യയ്ക്ക് അനുകൂലമായി മാറി. പക്ഷേ പിന്നീട് ഇന്ത്യൻ ടീമിന് സംഭവിച്ചത് വലിയൊരു ദുരന്തം തന്നെയാണ്.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ രോഹിത്തിന്റെ വിക്കറ്റ് നഷ്ടമായി. ഇതിന് ശേഷം ജയസ്വാളും ഗില്ലും തരക്കേടില്ലാത്ത കൂട്ടുകെട്ടും ഇന്ത്യയ്ക്കും നൽകി. പക്ഷേ അവിടെ നിന്ന് ഇന്ത്യൻ ബാറ്റിംഗ് നിര കടപുഴകി വീഴുകയായിരുന്നു. ന്യൂസിലാൻഡിന്റെ സ്പിന്നറായ സാന്റ്നർക്ക് മുൻപിൽ ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നുവീണു.
ഇന്ത്യൻ നിരയിൽ പല ബാറ്റർമാർക്കും മികച്ച തുടക്കം ലഭിച്ചങ്കിലും അത് മുതലാക്കാൻ സാധിച്ചില്ല. 38 റൺസ് നേടിയ ജഡേജയാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മറുവശത്ത് ഇന്ത്യ കുഴിച്ച അതേ കുഴിയിൽ തന്നെ ഇന്ത്യ വീഴുന്ന കാഴ്ചയാണ് കണ്ടത്. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് കേവലം 156 റൺസിൽ അവസാനിച്ചു.
ആദ്യ ഇന്നിങ്സിൽ 103 റൺസിന്റെ ലീഡാണ് ഇന്ത്യ വഴങ്ങിയത്. ശേഷം രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാൻഡിനായി നായകൻ ടോം ലാതം അത്യുഗ്രൻ ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. അശ്വിനെയും വാഷിംഗ്ടൺ സുന്ദറിനെയും ജഡേജയെയും കൃത്യതയോടെ നേരിടാൻ ന്യൂസിലാൻഡിന്റെ ബാറ്റർമാർക്ക് സാധിച്ചു. ലാതം രണ്ടാം ഇന്നിങ്സിൽ 86 റൺസ് നേടി ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിച്ചു.
രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണ് ന്യൂസിലാൻഡ് നേടിയിട്ടുള്ളത്. അതായത് 31 റൺസിന്റെ ലീഡ് ന്യൂസിലാൻഡ് സ്വന്തമാക്കി കഴിഞ്ഞു. ഇനി ഈ മത്സരത്തിൽ തിരിച്ചുവന്ന് വിജയം സ്വന്തമാക്കണമെങ്കിൽ ഇന്ത്യയ്ക്ക് വലിയൊരു ദൗത്യം തന്നെയാണ് മുൻപിലുള്ളത്.