ദക്ഷിണാഫ്രിക്കകെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അര്‍ഹതപ്പെട്ട പല പേരുകളും ഒഴിവാക്കപ്പെട്ടിരുന്നു. അതില്‍ ഒരു താരമാണ് ശിഖാര്‍ ധവാന്‍. കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ നായകനായ ശിഖാര്‍ ധവാന് പകരം ഇഷാന്‍ കിഷനെയാണ് പരിഗണിച്ചത്. ശിഖാര്‍ ധവാനെ ഒഴിവാക്കിയ തീരുമാനം വളരെ ബുദ്ധിമുട്ടാണെന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന അഭിപ്രായപ്പെട്ടു.
സീസണില്‍ വളരെ മികച്ച ഫോമിലാണ് ശിഖാര്‍ ധവാന്‍. 14 മത്സരങ്ങളില്‍ നിന്നും 460 റണ്‍സാണ് ധവാന്‍ നേടിയത്. പ്രകടനത്തിന്റെയും എന്‍റര്‍ട്ടയിമിന്‍റെയും കാര്യത്തിൽ ശിഖർ ധവാന്‍ മികച്ച താരമാണ് എന്നാണ് റെയ്‌നയുടെ അഭിപ്രായം. ഐപിഎല്ലിൽ കഴിഞ്ഞ മൂന്ന് നാല് സീസണുകളിൽ അദ്ദേഹം റൺസ് സ്‌കോറിംഗ് മെഷീനായിരുന്നുവെന്നും മുന്‍ താരം ഓര്‍മ്മിപ്പിച്ചു.
36-ാം വയസ്സിൽ കാർത്തിക്കിന് ടീമിലെത്താൻ കഴിയുമെങ്കിൽ, ധവാനും ഒരു സ്ഥാനത്തിന് അർഹനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെ ഒരു അഭിമുഖത്തിൽ ധവാൻ, തനിക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ കുറഞ്ഞത് മൂന്ന് നാല് വർഷമെങ്കിലും ബാക്കിയുണ്ടെന്നും വീണ്ടും അവസരം ലഭിച്ചാൽ ടി 20യിൽ പ്രകടനം നടത്താന്‍ കഴിയുമെന്നും ധവാന്‍ പ്രതീക്ഷകള്‍ പങ്കുവച്ചിരുന്നു.
“ഉറപ്പായും, ധവാന്‍ നിരാശനാണ്. എല്ലാ ക്യാപ്റ്റനും അദ്ദേഹത്തപ്പോലെ ഒരു കളിക്കാരനെ ടീമിൽ ആഗ്രഹിക്കുന്നു. അവൻ എപ്പോഴും റൺസ് നേടിയിട്ടുണ്ട് – അത് ആഭ്യന്തരമോ അന്താരാഷ്ട്രമോ ടി20യോ ആകട്ടെ. നിങ്ങൾ ദിനേശ് കാർത്തിക്കിനെ ടീമിലേക്ക് തിരികെ കൊണ്ടുവന്നെങ്കിൽ, ശിഖർ ധവാനും ഒരു സ്ഥാനത്തിന് അർഹനായിരുന്നു. കഴിഞ്ഞ 3-4 വർഷമായി അദ്ദേഹം നിർത്താതെ റൺസ് നേടുകയും ചെയ്തട്ടുണ്ട്. ”സ്റ്റാർ സ്പോർട്സിലെ ക്രിക്കറ്റ് ലൈവ് ഷോയിൽ റെയ്ന പറഞ്ഞു.
അതേ സമയം സൗത്താഫ്രിക്കന്‍ പരമ്പരയില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ ഉംറാന്‍ മാലിക്ക്, അര്‍ഷദീപ് സിങ്ങ് എന്നിവരെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി. ഹൈദരബാദിനു വേണ്ടി മികച്ച പ്രകടനം നടത്തിയ ത്രിപാഠിയേയും സെലക്ടര്‍മാര്‍ പരിഗണിച്ചില്ലാ. ദീര്‍ഘകാലത്തിനു ശേഷം ഹാര്‍ദ്ദിക്ക് പാണ്ട്യ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. ജൂണ്‍ 9 നാണ് പരമ്പര ആരംഭിക്കുന്നത്.