ലോകകപ്പ് യോഗ്യതാ സൂപ്പര്‍ സിക്സ് പോരാട്ടത്തില്‍ തകര്‍പ്പന്‍ വിജയവുമായി ശ്രീലങ്ക ലോകകപ്പ് യോഗ്യത നേടി. 166 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക 9 വിക്കറ്റിന്‍റെ വിജയമാണ് നേടിയത്. ബോളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ നിസങ്കയുടെ സെഞ്ചുറിയാണ് ശ്രീലങ്കയെ വിജയത്തില്‍ എത്തിച്ചത്. ഇനി അവശേഷിക്കുന്ന 1 യോഗ്യത ടീമിനു വേണ്ടി സിംബാബ്വേ, സ്കോട്ടലന്‍റ്, നെതര്‍ലണ്ട് ടീമുകളാണ് ഉള്ളത്.
വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 47 റണ്‍സ് കൂട്ടിചേര്‍ത്തതിനു ശേഷമാണ് കരുണരത്ന (30) പിന്നീട് ഒത്തുചേര്‍ന്ന നിസങ്കയും (101) കുശാല്‍ മെന്‍ഡിസും (25) ചേര്‍ന്ന് ശ്രീലങ്കയെ അനായാസ വിജയത്തിലേക്ക് എത്തിച്ചു. ഫോറടിച്ചുകൊണ്ട് സെഞ്ചുറിയും വിജയവും നേടിയാണ് നിസങ്ക മടങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിംബാബ്വേ 165 റണ്‍സില്‍ പുറത്താവുകയായിരുന്നു. 4 വിക്കറ്റുമായി തീക്ഷണയും 3 വിക്കറ്റുമായി മധുശങ്കയുമാണ് സിംബാബ്വേയെ തകര്‍ത്തത്. പതിരാഞ്ഞ 2 വിക്കറ്റും ഷനക 1 വിക്കറ്റും നേടി. 57 പന്തില്‍ 56 റണ്‍സ് നേടിയ സീന്‍ വില്യംസാണ് ടോപ്പ് സ്കോറര്‍. സിക്കന്ദര്‍ റാസ 31 റണ്‍സ് നേടി.