സ്റ്റോക്സിനും രക്ഷിക്കാനായില്ല. രണ്ടാം ടെസ്റ്റിലും കംഗാരു താണ്ഡവം. തകര്‍പ്പന്‍ ത്രില്ലർ.

363248

ആഷസിന്‍റെ രണ്ടാം ടെസ്റ്റിൽ തകർപ്പൻ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. അത്യന്തം ആവേശകരമായ മത്സരത്തിൽ വമ്പൻ വിജയം തന്നെയാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. മത്സരത്തിന്റെ അവസാന ദിവസം ഇംഗ്ലണ്ടിനായി നായകൻ സ്റ്റോക്സിന്റെ ഒരു ആറാട്ട് തന്നെയാണ് കാണാൻ സാധിച്ചത്. ഒരു നിമിഷം മത്സരത്തിൽ ഇംഗ്ലണ്ട് വിജയം നേടും എന്ന് പോലും തോന്നിയിരുന്നു. എന്നാൽ അതിനുശേഷം ഓസ്ട്രേലിയൻ പേസർമാരുടെ വമ്പൻ തിരിച്ചുവരമാണ് മത്സരത്തിൽ കണ്ടത്. മത്സരത്തിൽ 56 റൺസിന്റെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഓസ്ട്രേലിയ പരമ്പരയിൽ 2-0ന് മുൻപിൽ എത്തിയിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ആ തീരുമാനം തെറ്റായിരുന്നു എന്ന് തോന്നിക്കുന്ന തുടക്കമാണ് ഓസ്ട്രേലിയക്ക് ലഭിച്ചത്. ഓസ്ട്രേലിയക്കായി ഡേവിഡ് വാർണർ 66 റൺസ് നേടി മികച്ച തുടക്കം നൽകി. ശേഷം സ്മിത്ത് ഒരു തകർപ്പൻ സെഞ്ചുറിയും ആദ്യ ഇന്നിങ്സിൽ നേടിയതോടെ ഓസ്ട്രേലിയൻ സ്കോർ കുതിച്ചു. 184 പന്തുകൾ നേരിട്ട സ്മിത്ത് 110 റൺസായിരുന്നു നേടിയത്. അങ്ങനെ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് സ്കോർ 416 റൺസിൽ എത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണർമാർ മികച്ച തുടക്കം നൽകി.  ഡെക്കറ്റ് ഇന്നിംഗ്സിൽ 98 റൺസ് നേടി. പിന്നീടെത്തിയ മധ്യനിര വേണ്ട രീതിയിൽ ബാറ്റ് ചെയ്യാതെ വന്നതോടെ ഇംഗ്ലണ്ടിന്റെ സ്കോർ 325 അവസാനിക്കുകയായിരുന്നു. ഇതോടെ ഓസ്ട്രേലിയക്ക് 91 റൺസിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് ലഭിച്ചു.

Read Also -  പൊരുതി വീണ് ഗുജറാത്ത്‌. ഡല്‍ഹിക്ക് 4 റണ്‍സ് വിജയം.

രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്ക് ഉസ്മാൻ ഖവാജ ഭേദപ്പെട്ട തുടക്കം നൽകി. ഖവാജ ഇന്നിങ്സിൽ 77 റൺസ് നേടി. എന്നാൽ മറ്റു ബാറ്റർമാർക്ക് മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലെടുക്കാൻ സാധിച്ചില്ല. അങ്ങനെ ഓസ്ട്രേലിയൻ ഇന്നിംഗ്സ് 279 റൺസിൽ അവസാനിക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 371 റൺസായി മാറി. അവസാന ഇന്നിങ്സിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് വളരെ മോശം തുടക്കമാണ് ലഭിച്ചത്. ഒരു സമയത്ത് ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 45ന് 4 എന്ന നിലയിൽ പോലുമെത്തി.

മുൻനിരയിൽ ഡക്കറ്റ്(83) മാത്രമാണ് രണ്ടാം ഇന്നിങ്സിൽ അല്പമെങ്കിലും പിടിച്ചുനിന്നത്. എന്നാൽ ശേഷം സ്റ്റോക്ക്സ് കളത്തിലെത്തിയതോടെ മത്സരം മുറുകുകയായിരുന്നു. ഓസ്ട്രേലിയയുടെ എല്ലാ ബോളർമാരെയും അടിച്ചു തകർക്കാൻ സ്റ്റോക്സിന് സാധിച്ചു. മത്സരത്തിൽ ഒരു അവിസ്മരണീയ ഇന്നിങ്സാണ് സ്റ്റോക്ക്സ് കാഴ്ചവെച്ചത്. 214 പന്തുകൾ നേരിട്ട സ്റ്റോക്സ് 155 റൺസാണ് നേടിയത്. 9 സിക്സറുകളും 9 ബൗണ്ടറികളും സ്റ്റോക്സിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. എന്നാൽ കൃത്യമായ സമയത്ത് സ്റ്റോക്സിന്റെ വിക്കറ്റ് തെറിപ്പിച്ച് ഹെസൽവുഡ് ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ഇങ്ങനെ മത്സരത്തിൽ ഇംഗ്ലണ്ട് 56 റൺസിന്റെ പരാജയം ഏറ്റുവാങ്ങി

Scroll to Top