ശ്രീലങ്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റിനു ഒരുക്കിയ പിച്ചിനു ശിക്ഷ വിധിച്ചു ഐസിസി. ബാംഗ്ലൂരില്‍ നടന്ന മത്സരത്തില്‍ ഒരുക്കിയ പിച്ചിനെ ശരാശരിയിലും താഴെ എന്ന റേറ്റിങ്ങാണ് മാച്ച് റഫറി കൊടുത്തത്. മുന്‍ ഇന്ത്യന്‍ താരമായ ജവഗല്‍ ശ്രീനാഥായിരുന്നു മാച്ച് റഫറി. ” ആദ്യ ദിനം തന്നെ പിച്ച് ഒരുപാട് ടേണുകള്‍ നൽകി, ഓരോ സെഷനിലും അത് മെച്ചപ്പെട്ടെങ്കിലും, എന്റെ വീക്ഷണത്തിൽ, അത് ബാറ്റും പന്തും തമ്മിലുള്ള തുല്യ മത്സരമായിരുന്നില്ല. ” ഐസിസി പുറത്തിറക്കിയ മീഡിയ റിലീസില്‍ പറഞ്ഞു.
മത്സരത്തില്‍ 39 ല്‍ 26 വിക്കറ്റും വീണത് സ്പിന്നേഴ്സിനാണ്. ആദ്യ ദിനം തന്നെ വീണത് 16 വിക്കറ്റാണ്. രണ്ടും മൂന്നും ദിനത്തില്‍ യഥാക്രമം 14 ഉം 9 ഉം വിക്കറ്റ് വീഴ്ത്തി. മത്സരത്തില്‍ രണ്ട് ഇന്നിംഗ്സിലും അര്‍ദ്ധസെഞ്ചുറി നേടിയ ശ്രേയസ്സ് അയ്യരായിരുന്നു മാന്‍ ഓഫ് ദ മാച്ച് . താരവും ബാംഗ്ലൂര്‍ പിച്ചിനെ അത്രയും മികച്ചതല്ലാ എന്നാണ് പ്രസ് കോണ്‍ഫറന്‍സില്‍ വിലയിരുത്തിയത്.
ശ്രീനാഥിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ബാംഗ്ലൂരിനു ഒരു ഡീമെറിറ്റ് പോയിന്‍റ് ലഭിച്ചു. ഓരോ വേദിയിലും മത്സരത്തില്‍ ഒരുക്കിയ പിച്ച് അനുസരിച്ചു ഒരു റേറ്റിംഗ് നൽകും, അതിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ ഒരു നിശ്ചിത സമയത്തേക്ക് മത്സരം നടത്തുന്നതില്‍ നിന്ന് അവരെ സസ്പെൻഡ് ചെയ്യാം. 5 ഡീമെറിറ്റ് പോയിന്റുകൾക്ക് 12 മാസത്തെ സസ്പെൻഷനാണ് ഐസിസി ചട്ടം. 10 ഡീമെറിറ്റ് പോയിന്‍റ് ലഭിക്കുകയാണെങ്കില്‍ അത് 24 മാസമായി ഉയരും.
സ്പിന്‍ പിച്ച് എന്ന് പറയുമ്പോഴും ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബൂംറ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചിരുന്നു. ഇതാദ്യമായാണ് ഇന്ത്യയില്‍ ജസ്പ്രീത് ബൂംറക്ക് അഞ്ച് വിക്കറ്റ് നേട്ടം ലഭിക്കുന്നത്. മത്സരത്തിന്‍റെ മൂന്നാം ദിനം ദിമുത് കരുണരത്നയുടെ സെഞ്ചുറി പോരാട്ടം കണ്ടിരുന്നു. അതു കൂടാതെ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും വേഗമേറിയ ടെസ്റ്റ് അര്‍ദ്ധസെഞ്ചുറിയും റിഷഭ് പന്ത് ഈ പിച്ചിലാണ് നേടിയത്.
നേരത്തെ പാക്കിസ്ഥാന്‍ സ്റ്റേഡിയത്തിനും ഒരു ഡീമെറിറ്റ് പോയിന്‍റ് ഐസിസി നല്‍കിയിരുന്നു. ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ 1000 ത്തിലധികം റണ്‍സ് പിറന്നപ്പോള്‍ വീണത് 14 വിക്കറ്റുകള്‍ മാത്രം.