അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പിലെ മത്സരത്തിൽ കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ നായകൻ രോഹിത് ശർമ. രോഹിത്തിന്റെ തകർപ്പൻ ബാറ്റിംഗിന്റെ മികവിൽ 8 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 15 ഓവറുകൾ ബാക്കി നിൽക്കവെയാണ് ഇന്ത്യയുടെ ഈ പടുകൂറ്റൻ വിജയം. മത്സരത്തിലുടനീളം കാണാൻ സാധിച്ചത് രോഹിത് ശർമയുടെ ഒരു ഒറ്റയാൾ പോരാട്ടം തന്നെയായിരുന്നു. ഒരു ട്വന്റി20 ഇന്നിംഗ്സിനെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ബാറ്റ് വീശിയ രോഹിത് അഫ്ഗാനിസ്ഥാൻ ബോളർമാരുടെ അന്തകനായി മാറുകയായിരുന്നു. അഫ്ഗാനിസ്ഥാന്റെ പേരുകേട്ട ബോളിംഗ് നിര രോഹിത്തിന് മുൻപിൽ ഉത്തരമില്ലാത്ത നിൽക്കുന്നത് മത്സരത്തിലുടനീളം കാണുകയുണ്ടായി.
മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് അനുകൂലമായ ഡൽഹി പിച്ചിൽ വളരെ സൂക്ഷ്മതയോടെയാണ് അഫ്ഗാനിസ്ഥാൻ തുടങ്ങിയത്. എന്നാൽ ഇന്ത്യയുടെ സീമർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കിയത് അഫ്ഗാനിസ്ഥാനെ ബാധിച്ചു. എന്നിരുന്നാലും അഫ്ഗാൻ നിരയിൽ നായകൻ ഷാഹിദി 88 പന്തുകളിൽ 80 റൺസുമായി മികച്ച പോരാട്ടം നയിച്ചു.
ഒപ്പം 69 പന്തുകളിൽ 62 റൺസുമായി അസ്മത്തുള്ളയും പിന്തുണ നൽകിയതോടെ അഫ്ഗാനിസ്ഥാന്റെ സ്കോർ കുതിച്ചു. നിശ്ചിത 50 ഓവറുകളിൽ 272 റൺസാണ് അഫ്ഗാനിസ്ഥാൻ നേടിയത്. ഇന്ത്യക്കായി ജസ്പ്രീറ്റ് ബൂമ്രയായിരുന്നു ബോളിംഗിൽ തിളങ്ങിയത്. ബുംറ 10 ഓവറുകളിൽ 39 റൺസ് മാത്രം വിട്ടു നൽകി 4 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി രോഹിത് ശർമയുടെ ഒരു വെടിക്കെട്ട് തന്നെയാണ് കാണാൻ സാധിച്ചത്. ആദ്യ ബോൾ മുതൽ അഫ്ഗാനിസ്ഥാനെ ശക്തമായി രോഹിത് നേരിട്ടു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ വമ്പൻ ഷോട്ടുകൾ കളിച്ചാണ് രോഹിത് ഇന്നീങ്‌സ് മുൻപിലേക്ക് കൊണ്ടുപോയത്. പവർപ്ലേ ഓവറുകളിൽ തന്നെ അഫ്ഗാനിസ്ഥാന്റെ കയ്യിൽ നിന്ന് മത്സരം തട്ടിയെടുക്കാൻ രോഹിതിന് സാധിച്ചു. കേവലം 30 പന്തുകളിൽ നിന്നാണ് രോഹിത് ശർമ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. ഇഷാൻ കിഷനൊപ്പം(47) ചേർന്ന് ഒന്നാം വിക്കറ്റിൽ 156 റൺസിന്റെ ശക്തമായ കൂട്ടുകെട്ടാണ് രോഹിത് കെട്ടിപ്പടുത്തത്.
കിഷൻ പുറത്തായ ശേഷവും രോഹിത് ആക്രമണം അഴിച്ചുവിട്ടു. മത്സരത്തിൽ 63 പന്തുകളിൽ നിന്നായിരുന്നു രോഹിത് ശർമ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. രോഹിത്തിന്റെ ഏകദിന ലോകകപ്പിലെ 7ആം സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്. ഇതോടുകൂടി പൂർണമായും മത്സരം അഫ്ഗാനിസ്ഥാന്റെ കൈവിട്ടുപോയി. മത്സരത്തിൽ 84 പന്തുകൾ നേരിട്ട രോഹിത് ശർമ 131 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 16 ബൗണ്ടറികളും 5 സിക്സറുകളും ഉൾപ്പെട്ടു
ഒപ്പം അവസാന നിമിഷങ്ങളിൽ വിരാട് കോഹ്ലിയും(55*) ക്രീസിലൂറച്ഛതോടെ ഇന്ത്യ അനായാസം വിജയത്തിൽ എത്തുകയായിരുന്നു. ഏതായാലും ഡൽഹിയിൽ മത്സരം കാണാനെത്തിയ ഇന്ത്യൻ കാണികൾക്ക് വലിയൊരു വിരുന്ന് തന്നെയാണ് രോഹിത് നൽകിയത്. വരും മത്സരങ്ങളിലും ഇന്ത്യൻ ക്യാപ്റ്റൻ ഇത്തരത്തിൽ പ്രകടനങ്ങൾ കാഴ്ചവെക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.