ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ നിരാശാജനകമായ പരാജയം ഏറ്റുവാങ്ങിയതോടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് 2023 ഐപിഎല്ലിന്റെ പ്ലേയോഫ് കാണാതെ പുറത്തായിട്ടുണ്ട്. എന്നിരുന്നാലും അവസാന മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു വിരാട് കോഹ്ലി കാഴ്ചവെച്ചത്. നിർണായകമായ മത്സരത്തിൽ വിജയം നേടണം എന്നതിനാൽ തന്നെ മികച്ച രീതിയിൽ തന്നെയായിരുന്നു വിരാട് ബാറ്റിംഗ് നടത്തിയത്. പക്ഷേ ഈ ശ്രമം വിഫലമായി മാറുകയായിരുന്നു. മത്സരത്തിലെ തന്റെ ഇന്നിംഗ്സിനെപറ്റിയും ഭാവിയെപ്പറ്റിയും വിരാട് കോഹ്ലി മത്സരശേഷം സംസാരിക്കുകയുണ്ടായി.
കഴിഞ്ഞ മത്സരങ്ങളിലൊക്കെയും സ്ട്രൈക്ക് റേറ്റിൽ കുറവ് വന്നിരുന്ന കോഹ്ലിയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു മറുപടി കൂടിയാണ് വിരാട് കോഹ്ലി നൽകിയത്. “ഞാൻ കളിക്കുന്ന രീതിയിൽ എനിക്ക് ഇപ്പോൾ അങ്ങേയറ്റം ആത്മവിശ്വാസമുണ്ട്. ഒരുപാട് ആളുകൾ പറയുന്നത് ട്വന്റി20 ക്രിക്കറ്റിലെ എന്റെ സാധ്യതകൾ കുറഞ്ഞുവരുന്നു എന്നാണ്. പക്ഷേ എന്നെ സംബന്ധിച്ച് അങ്ങനെയൊന്നും ഞാൻ കരുതുന്നില്ല. വിടവുകൾ അടച്ച് എന്റെ കരിയർ മുന്നിലേക്ക് കൊണ്ടുപോകാനാണ് ഞാൻ ശ്രമിക്കുന്നത്.”- വിരാട് കോഹ്ലി പറഞ്ഞു.
ഒപ്പം മത്സരത്തിലെ സാഹചര്യങ്ങളെപ്പറ്റിയും കോഹ്ലി സംസാരിക്കുകയുണ്ടായി. “ഈ സമയത്ത് സ്ഥിരതയുണ്ടാവുക എന്നതിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്. മത്സരം തുടങ്ങുന്നതിന് മുൻപ് മഴയുണ്ടായിരുന്നു. പക്ഷേ ഞാൻ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ടീമിനുവേണ്ടി എന്തു ചെയ്യാൻ സാധിക്കുമോ, അതിൽ കൂടുതൽ ശ്രദ്ധ നൽകുക എന്നതാണ് ഞാൻ ചെയ്യാറുള്ളത്.”- കോഹ്ലി കൂട്ടിച്ചേർത്തു.
ഗുജറാത്തിനെതിരായ മത്സരത്തിൽ ഓപ്പണറായി ആയിരുന്നു വിരാട് കോഹ്ലി ക്രീസിലെത്തിയത്. മത്സരത്തിൽ 60 പന്തുകൾ നേരിട്ട് തന്റെ സെഞ്ച്വറി കോഹ്ലി നേടുകയുണ്ടായി. 165.57 സ്ട്രൈക്ക് റേറ്റിലായിരുന്നു കോഹ്ലിയുടെ സെഞ്ച്വറി. ഇന്നിംഗ്സിൽ 13 ബൗണ്ടറികളും ഒരു സിക്സറുമാണ് ഉൾപ്പെട്ടത്. കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദിനെതിരെയും കോഹ്ലി സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. 63 പന്തുകളിലായിരുന്നു ഹൈദരാബാദിനെതിരെ കോഹ്ലി സെഞ്ച്വറി നേടിയത്. എന്തായാലും വിരടിനെ സംബന്ധിച്ച് വളരെ ആത്മവിശ്വാസം നൽകുന്ന ഐപിഎൽ തന്നെയാണ് കഴിഞ്ഞു പോയിരിക്കുന്നത്.