രാജസ്ഥാൻ പുറത്താവാൻ കാരണം ആ മണ്ടത്തരം. ചൂണ്ടിക്കാട്ടി ഷെയ്ൻ വാട്സൻ

mumbai indians vs rajasthan ipl 2023

അങ്ങനെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 സീസണിൽ നിന്ന് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് പുറത്തായിരിക്കുകയാണ്. സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനങ്ങൾ നടത്തിയെങ്കിലും പിന്നീട് അത് തുടർന്നു പോകാൻ സഞ്ജുവിന്റെ പടയ്ക്ക് സാധിച്ചില്ല. സീസണിനന്റെ രണ്ടാം പാദത്തിൽ സഞ്ജുവിന്റെ ടീം വെറും നനഞ്ഞ പടക്കമായി മാറുന്നതാണ് കാണാൻ സാധിച്ചത്. ഇത് രാജസ്ഥാന്റെ പതനത്തിന് കാരണമായി. മികച്ച ഒരു ടീമുണ്ടായിട്ടും രാജസ്ഥാൻ എന്തുകൊണ്ടാണ് പരാജയപ്പെട്ടത് എന്നതിനെപ്പറ്റി ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ക്രിക്കറ്റർ ഷെയിൻ വാട്സൺ. രാജസ്ഥാൻ ടീമിൽ വരുത്തുന്ന മാറ്റങ്ങളാണ് അവരെ നെഗറ്റീവായി ബാധിക്കുന്നത് എന്ന് വാട്സൺ പറയുകയുണ്ടായി.

“സീസണിലെ ആദ്യത്തെ നാല്-അഞ്ച് മത്സരങ്ങൾ കഴിഞ്ഞപ്പോൾ രാജസ്ഥാൻ ഫൈനലിലെത്തും എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. മികച്ച സ്പിന്നിർമാരും മികച്ച പേസ് ബോളിംഗും, ഒപ്പം ജെയിസ്വാൾ അടക്കമുള്ളവരുടെ ബാറ്റിംഗ് ഫോമുമൊക്കെ രാജസ്ഥാന് കരുത്തായി മാറിയിരുന്നു. മാത്രമല്ല തങ്ങളുടെ എല്ലാ ഏരിയയും കവർ ചെയ്യാൻ പാകത്തിന് കളിക്കാർ രാജസ്ഥാനുണ്ടായിരുന്നു. യാതൊരു വീക്നെസ്സുകളും ആദ്യ പാദത്തിൽ രാജസ്ഥാന് ഉണ്ടായിരുന്നില്ല. എന്നാൽ ടൂർണമെന്റിന്റെ പകുതി അവസാനിച്ചപ്പോൾ രാജസ്ഥാൻ മുകളിൽ നിന്നും താഴേക്ക് വീഴുന്നതാണ് കാണാൻ സാധിച്ചത്. ഇത് വളരെ നിരാശ നൽകി.”- വാട്സൺ പറഞ്ഞു.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

“എന്റെ അനുഭവം വെച്ച് പറയുകയാണെങ്കിൽ കുറെയധികം വർഷങ്ങളായി രാജസ്ഥാൻ മികച്ച രീതിയിൽ തുടങ്ങുന്നവരാണ്. എന്നാൽ പിന്നീട് അവർ നിരന്തരം ടീമിൽ മാറ്റം വരുത്തുകയും അഴിച്ചുപണികൾ നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇത്തരം പരീക്ഷണങ്ങളാണ് രാജസ്ഥാൻ റോയൽസിന്റെ താളം സാധാരണയായി തെറ്റിക്കാറുള്ളത്. 2023ലെ ഐപിഎൽ സീസണിലും സംഭവിച്ചത് ഇതുതന്നെയാണ്. ഇതാണ് ഞാൻ റോയൽസ് ടീമിൽ കാണുന്ന വലിയൊരു പ്രശ്നം. ഇത്തവണ മികച്ച ഒരു ടീം ഉണ്ടായിട്ടും പ്ലേയോഫിൽ സ്ഥാനം ലഭിക്കാതെ പോയത് നിരാശ തന്നെയാണ്.”- വാട്സൺ വിലയിരുത്തുന്നു.

2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ 14 മത്സരങ്ങൾ കളിച്ച രാജസ്ഥാൻ ഏഴു മത്സരങ്ങളിൽ വിജയം നേടുകയും, ഏഴു മത്സരങ്ങളിൽ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. 14 പോയിന്റുകളുള്ള രാജസ്ഥാൻ ലീഗിന്റെ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സീസണിലെ ആദ്യ 6 മത്സരങ്ങളിൽ അഞ്ചണ്ണത്തിലും രാജസ്ഥാൻ വിജയം നേടിയിരുന്നു. പിന്നീട് രാജസ്ഥാൻ പതറുന്നതാണ് 2023 ഐപിഎല്ലിൽ കണ്ടത്. എന്തായാലും ആരാധകരെയടക്കം നിരാശയിലാക്കിയാണ് രാജസ്ഥാൻ മടങ്ങിയിരിക്കുന്നത്.

Scroll to Top