2025 ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ തന്ത്രങ്ങളെ അങ്ങേയറ്റം പുകഴ്ത്തി ഇന്ത്യയുടെ ഉപനായകൻ ശുഭമാൻ ഗിൽ. ന്യൂസിലാൻഡിനെതിരായ ഫൈനൽ മത്സരത്തിൽ 4 വിക്കറ്റുകൾക്കായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരത്തിലെ രോഹിതിന്റെ തന്ത്രങ്ങൾ തനിക്ക് വലിയ പ്രചോദനം നൽകി എന്ന് ഗിൽ പറയുകയുണ്ടായി. സ്കോർ ബോർഡിനെ പറ്റി ആലോചിച്ച് ടെൻഷനടിക്കേണ്ട ആവശ്യമില്ലെന്നും മത്സരത്തിന്റെ അവസാനം വരെ തുടരാനാണ് ശ്രമിക്കേണ്ടതെന്നും രോഹിത് തന്നോട് പറഞ്ഞതായി ഗിൽ തുറന്നുപറഞ്ഞു.
“ഇതൊരു അവിശ്വസനീയമായ നിമിഷം തന്നെയാണ്. മത്സരത്തിലുടനീളം പിന്നിൽ നിന്ന് കളിക്കാൻ എനിക്ക് സാധിച്ചു. പല സമയത്തും എതിർ ക്രീസിൽ നിന്ന് രോഹിത്തിന്റെ ബാറ്റിംഗ് ആസ്വദിക്കുക എന്നതായിരുന്നു എന്റെ കർത്തവ്യം. സ്കോർ ബോർഡിൽ എന്താണുള്ളത് എന്ന കാര്യത്തിൽ യാതൊരു തരത്തിലും ശ്രദ്ധിക്കേണ്ട എന്നാണ് രോഹിത് ശർമ എന്നോട് പറഞ്ഞത്. മത്സരത്തിന്റെ അവസാനം വരെ ബാറ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകാനും അദ്ദേഹം എന്നോട് കൂട്ടിച്ചേർക്കുകയുണ്ടായി.”- ഗില്‍ മത്സരശേഷം പറഞ്ഞു.

2023 ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരത്തിലായിരുന്നു ഇന്ത്യ പരാജയം നേരിട്ടത്. ശേഷം 2025 ചാമ്പ്യൻസ് ട്രോഫി നേടാൻ സാധിച്ചതിൽ വലിയ സന്തോഷമാണ് ഗിൽ പ്രകടിപ്പിച്ചത്. ഒപ്പം മത്സരങ്ങളിലെ രോഹിത്തിന്റെ ആക്രമണ ശൈലിയെയും ഗിൽ ഉയർത്തിക്കാട്ടുകയുണ്ടായി. “2023ൽ ഞങ്ങൾക്ക് ചെറിയ മാർജിനിലാണ് കിരീടം നഷ്ടമായത്. ശേഷം തുടർച്ചയായി 8 മത്സരങ്ങളിൽ വിജയിക്കാൻ സാധിച്ചത് വലിയ സന്തോഷമുണ്ടാക്കുന്നു. രോഹിത് ശർമ മൈതാനത്ത് പുലർത്തുന്ന മനോഭാവം അവിസ്മരണീയമാണ്. മൈതാനത്ത് മുഴുവൻ കഴിവുകളും പുറത്തെടുക്കാനാണ് രോഹിത് പറയാറുള്ളത്. അതിനുള്ള പിന്തുണയും അദ്ദേഹം നൽകുന്നുണ്ട് “- ഗിൽ കൂട്ടിച്ചേർത്തു.
ഫൈനൽ മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയെ തന്നെയായിരുന്നു താരമായി തിരഞ്ഞെടുത്തത്. മത്സരത്തിൽ 76 റൺസാണ് രോഹിത് ശർമ സ്വന്തമാക്കിയത്. മറുവശത്ത് ബാറ്റ് ചെയ്ത ഗില്ലിന് രോഹിതനൊപ്പം ഓപ്പണിങ് മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാൻ സാധിച്ചിരുന്നു. 31 റൺസാണ് മത്സരത്തിൽ ഗില്‍ സ്വന്തമാക്കിയത്. 2002നും 2013നും ശേഷം ഇത് മൂന്നാം തവണയാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്.



