2023 ലോകകപ്പില്‍ ശ്രീലങ്കക്കെതിരെയുള്ള അഞ്ച് വിക്കറ്റ് പ്രകടനത്തിനു ശേഷം മുഹമ്മദ് ഷമി ഗ്രൗണ്ടില്‍ മുട്ടുകുത്തിയത് ചില ആളുകള്‍ വിവാദമാക്കിയിരുന്നു. ഇതിനെതിരെ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ് മുഹമ്മദ് ഷമി. ടൂര്‍ണമെന്‍റിലെ ആദ്യ 4 മത്സരങ്ങളില്‍ കളിക്കാതിരുന്ന മുഹമ്മദ് ഷമി, ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായാണ് ടൂര്‍ണമെന്‍റ് അവസാനിപ്പിച്ചത്.
ശ്രീലങ്കകെതിരെയുള്ള മത്സരത്തിലെ 13ാം ഓവറില്‍ രജിതയെ പുറത്താക്കിയെ ശേഷം മുഹമ്മദ് ഷമി മുട്ടുകുത്തി രണ്ട് കൈകളും നിലത്ത് തൊടുന്നത് കാണാമായിരുന്നു. ഗ്രൗണ്ടില്‍ ഷമിക്ക് പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു എന്നും എന്നാല്‍ ഭയന്നത് കാരണം സ്വയം പിന്‍മാറി എന്നാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അതോടൊപ്പം സെഞ്ചുറി നേടിയ ശേഷം മുഹമ്മദ് റിസ്വാന്‍ മൈതാനത്ത് പ്രാര്‍ത്ഥന നടത്തിയതും ചൂണ്ടികാട്ടിയിരുന്നു.
പ്രമുഖ മാധ്യമത്തോട് സംസാരിച്ച മുഹമ്മദ് ഷമി താന്‍ ഒരു അഭിമാനിയായ ഇന്ത്യക്കാരനും അഭിമാനിക്കുന്ന മുസ്ലീമാണെന്നും പ്രാര്‍ത്ഥിക്കണമെങ്കില്‍ ആരും തന്നെ പ്രാര്‍ത്ഥിക്കുന്നതില്‍ നിന്ന് തടയിലെന്ന് പറഞ്ഞു. ശ്രീലങ്കക്കെതിരെയുള്ള പ്രകടനത്തിനു ശേഷം അടിസ്ഥാനരഹിതമായ കഥകള്‍ പിറന്നത് മുഹമ്മദ് ഷമിയെ അമ്പരപ്പിച്ചിരിക്കുകയാണ്.
“എനിക്ക് പ്രാർത്ഥിക്കണമെങ്കിൽ ആർക്കാണ് എന്നെ തടയാൻ കഴിയുക? ഞാൻ ആരെയും നമസ്കരിക്കുന്നതിൽ നിന്ന് തടയില്ല, എനിക്ക് നമസ്കരിക്കണമെങ്കിൽ ഞാൻ പ്രാർത്ഥിക്കും. ഇതിലെന്താണ് പ്രശ്നം? ഞാനൊരു മുസ്ലീമാണെന്ന് അഭിമാനത്തോടെ പറയും. ഞാൻ ഞാൻ ഒരു ഇന്ത്യക്കാരനാണെന്ന് അഭിമാനത്തോടെ പറയും.അതിലെന്താണ് പ്രശ്നം?”
”പ്രാർത്ഥിക്കാൻ ആരോടെങ്കിലും അനുവാദം ചോദിച്ചാൽ പിന്നെ ഞാനെന്തിന് ഈ നാട്ടിൽ നിൽക്കണം? ഞാന്‍ എപ്പോഴെങ്കിലും 5 വിക്കറ്റ് വീഴ്ത്തിയ ശേഷം പ്രാർത്ഥിച്ചിട്ടുണ്ടോ? ഞാൻ നിരവധി അഞ്ച് വിക്കറ്റ് നേട്ടങ്ങൾ നേടിയിട്ടുണ്ട്, നിങ്ങൾ എവിടെയാണ് പ്രാർത്ഥിക്കേണ്ടതെന്ന് എന്നോട് പറയൂ, ഞാൻ അവിടെ പോയി പ്രാർത്ഥിക്കാം, ”ഷമി പറഞ്ഞു.
മത്സരത്തില്‍ ക്ഷീണിച്ചതുകൊണ്ടാണ് താന്‍ മുട്ടുകുത്തിയതെന്നു ഷമി വെളിപ്പെടുത്തി.
“ഇതുപോലുള്ള ആളുകൾ ആരുടെയും പക്ഷത്തല്ല. അവർ ഒരു കോലാഹലം സൃഷ്ടിക്കാൻ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. ശ്രീലങ്കയ്‌ക്കെതിരായ ആ മത്സരത്തിൽ ഞാൻ 200 ശതമാനം തീവ്രതയോടെയാണ് പന്തെറിഞ്ഞത്. വിക്കറ്റുകൾ തുടർച്ചയായി വീണു, 3 വിക്കറ്റുകൾ വീഴ്ത്തിയ ശേഷം, എനിക്ക് അഞ്ച് വിക്കറ്റ് നേട്ടം എടുക്കണമെന്ന് തോന്നി. എത്രയോ തവണ ബാറ്റിന്റെ എഡ്ജ് ചെയ്തട്ടും വിക്കറ്റ് കിട്ടാതെ തളർന്നു.”
”അങ്ങനെ അഞ്ചാം വിക്കറ്റ് കിട്ടിയപ്പോൾ ഞാൻ നിലത്ത് മുട്ടുകുത്തി.ആളുകൾ ഇതിന് മറ്റൊരു അർത്ഥം കൊടുത്തു. ഈ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്ന ആളുകൾക്ക് വേറെ പണിയൊന്നുമില്ലെന്ന് ഞാൻ കരുതുന്നു,” ഷമി കൂട്ടിച്ചേർത്തു.
ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിനു ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡ് ലഭിക്കും എന്നാണ് കരുതുന്നു. ഇടവേളക്ക് ശേഷം ഡിസംബര്‍ 26 ന് നടക്കുന്ന സൗത്താഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയോടെ മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും.