“ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വിജയസാധ്യത നിർണായിക്കുന്നത് അവന്റെ പ്രകടനം”, ഇന്ത്യൻ പേസറെപറ്റി സഹീർ.

2025 ചാമ്പ്യൻസ് ട്രോഫി ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇന്ത്യയെ സംബന്ധിച്ച് കൃത്യമായ ഒരു കോമ്പിനേഷൻ മൈതാനത്ത് ഇറക്കാൻ സാധിച്ചാൽ മാത്രമേ ടൂർണമെന്റിൽ വിജയിക്കാൻ കഴിയൂ. ടൂർണമെന്റിൽ ഇന്ത്യ വിജയിക്കണമെങ്കിൽ മുഹമ്മദ് ഷാമി ഒരു നിർണായകമായ പങ്കുവഹിക്കേണ്ടിവരും എന്നാണ് ഇന്ത്യൻ താരം സഹീർ ഖാൻ ഇപ്പോൾ പറയുന്നത്.

ടൂർണമെന്റിലെ ഷാമിയുടെ പ്രകടനം ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വളരെ നിർണായകമാണ് എന്ന് സഹീർ ഖാൻ തുറന്നു പറയുന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലൂടെ ഷാമി നടത്തിയ തിരിച്ചുവരവിനെ പ്രശംസിച്ചു കൊണ്ടാണ് സഹീർ സംസാരിച്ചത്.

“നമുക്കിപ്പോൾ ഷാമിയുടെ സേവനം ആവശ്യമാണ് ഈ മാസം അവസാനം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിക്കാൻ സാധ്യതയുള്ള താരമാണ് മുഹമ്മദ് ഷാമി. നിലവിൽ ബുമ്രയും യുവതാരമായ അർഷദീപ് സിങും ഇന്ത്യയുടെ ബോളിംഗ് ലൈനപ്പിലുണ്ട്. ഒപ്പം ഷാമി കൂടെ ചേരുന്നതോടെ ഇന്ത്യയുടെ ബോളിംഗ് നിര വളരെ മികച്ചതായാണ് എനിക്ക് തോന്നുന്നത്.”- സഹീർഖാൻ പറയുകയുണ്ടായി. ഷാമി കൂടി തിരിച്ചെത്തുന്നതോടെ രോഹിതിന് ചാമ്പ്യൻസ് ട്രോഫിയിലെ കാര്യങ്ങൾ അനായാസമായി മാറും എന്നും സഹീർ പറഞ്ഞു.

“ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലൂടെ ഇന്ത്യൻ ടീമിലേക്ക് ഷാമി തിരികെ വന്നത് വലിയ സന്തോഷം ഉണ്ടാക്കുന്നു. ഇതേപോലെ അവന് ചാമ്പ്യൻസ് ട്രോഫിയിലും കളിക്കാൻ സാധിച്ചാൽ രോഹിത്തിനും കൂട്ടർക്കും കാര്യങ്ങൾ വളരെ അനായാസമായി മാറും. ടൂർണമെന്റിലെ ഇന്ത്യയുടെ വിജയങ്ങൾ കൂടുതലായി നിർണയിക്കുന്നത് ടീമിന്റെ കോമ്പിനേഷനുകൾ ആയിരിക്കും. ചാമ്പ്യൻസ് ട്രോഫിയിൽ നമുക്കാവശ്യം കൃത്യമായ സന്തുലിതാവസ്ഥ കണ്ടെത്തുന്ന ടീമിനെ തന്നെയാണ്.”- സഹീർ ഖാൻ കൂട്ടിച്ചേർത്തു.

“ഇന്ത്യൻ ടീമിനെ പോലെ സമീപകാലത്ത് മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള മറ്റ് ടീമുകളാണ് ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക എന്നിവർ. അതുകൊണ്ടു തന്നെ ഈ ടീമുകളും ചാമ്പ്യൻസ് ട്രോഫിയുടെ സെമിഫൈനലിൽ എത്താൻ വലിയ സാധ്യതയുണ്ട്. നിലവിൽ പാക്കിസ്ഥാനെ സംബന്ധിച്ച് യാതൊരു കാര്യവും പറയാറായിട്ടില്ല. കാരണം സമീപകാലത്ത് മൈതാനത്ത് അത്ര മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ പാകിസ്ഥാന് കഴിഞ്ഞിരുന്നില്ല.”- സഹീർ ഖാൻ പറഞ്ഞുവെക്കുന്നു.