“രോഹിത് വെടിക്കെട്ട് രീതി തുടരണം”, ചാമ്പ്യൻസ് ട്രോഫിയിലും ആക്രമിച്ച് കളിക്കണമെന്ന് റെയ്‌ന.

2025 ഐസിസി ചാമ്പ്യൻസ് ട്രോഫി ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ സമയത്ത് ഇന്ത്യൻ നായകൻ രോഹിത് ശർമ ചാമ്പ്യൻസ് ട്രോഫിയിൽ ഏത് തരം മനോഭാവം പുലർത്തണമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ സുരേഷ് റെയ്ന. വരാനിരിക്കുന്ന വലിയ ടൂർണമെന്റിലും രോഹിത് ശർമ ആക്രമണം മനോഭാവത്തോടെ കളിക്കണമെന്നാണ് റെയ്ന പറഞ്ഞിരിക്കുന്നത്.

2024 വർഷത്തിൽ കേവലം 3 ഏകദിനങ്ങൾ മാത്രമായിരുന്നു ഇന്ത്യ കളിച്ചത്. ഈ മത്സരങ്ങളിൽ ഒന്നുംതന്നെ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. ശ്രീലങ്കൻ പര്യടനത്തിൽ രോഹിത് ശർമ മാത്രമായിരുന്നു ഭേദപ്പെട്ട പ്രകടനം നടത്തിയത്. 52.3 എന്ന ശരാശരിയിലും 141.44 എന്ന സ്ട്രൈക്ക് റേറ്റിലും 157 റൺസ് നേടാൻ രോഹിത്തിന് സാധിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ റെയ്ന രോഹിത്തിന്റെ ബാറ്റിംഗ് ശൈലിയെ പറ്റി സംസാരിച്ചത്.

2023 ഏകദിന ലോകകപ്പ് മുതൽ രോഹിത് ആക്രമണ മനോഭാവത്തോടെയാണ് ഏകദിനങ്ങളിൽ കളിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം നടന്ന ട്വന്റി20 ലോകകപ്പിലും രോഹിത് ആക്രമണ മനോഭാവമാണ് പുറത്തെടുത്തിരുന്നത്. “രോഹിത് ശർമ ചാമ്പ്യൻസ് ട്രോഫിയിലും ആക്രമിച്ചു കളിക്കണമെന്നതാണ് എന്റെ ആഗ്രഹം. ഏകദിന ലോകകപ്പിൽ ഈ രീതിയിൽ തന്നെയായിരുന്നു രോഹിത് ശർമ ബാറ്റ് ചെയ്തത്. ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ പോലും ഇതേരീതി രോഹിത് ആവർത്തിച്ചു. ആ സമീപനം തന്നെ രോഹിത് ചാമ്പ്യൻസ് ട്രോഫിയിലും തുടരുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.”- റെയ്‌ന പറഞ്ഞു.

രോഹിത്തിനൊപ്പം ഓപ്പണറായി ഗില്‍ എത്തണമെന്ന അഭിപ്രായമാണ് സുരേഷ് റെയ്‌നയ്ക്കുള്ളത് “രോഹിത് ശർമയ്ക്കൊപ്പം ചാമ്പ്യൻസ് ട്രോഫിയിൽ ആര് ഓപ്പണറായി എത്തുമെന്ന ചോദ്യമാണ് നിലനിൽക്കുന്നത്. ശുഭമാൻ ഗില്ലായിരിക്കുമോ ഓപ്പണറായി എത്തുക എന്ന സംശയം എല്ലാവർക്കുമുണ്ട്. സമീപകാലത്ത് ഇരുവരും ഓപ്പണിങ്ങിൽ ഒരുമിച്ചിറങ്ങിയപ്പോഴൊക്കെ ഇന്ത്യയ്ക്ക് ഒരുപാട് റൺസ് ലഭിച്ചിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്.”- റെയ്ന കൂട്ടിച്ചേർക്കുന്നു.

“ആദ്യ മത്സരങ്ങളിൽ രോഹിത് ശർമയ്ക്ക് റൺസ് സ്വന്തമാക്കാൻ സാധിച്ചാൽ അത് അവന്റെ ക്യാപ്റ്റൻസിയിലും പ്രതിഫലിക്കും എന്നാണ് ഞാൻ കരുതുന്നത്. നായകൻ എന്ന നിലയിൽ രോഹിത്തിന്റെ അവസാന ഐസിസി ടൂർണമെന്റായി ഒരുപക്ഷേ ചാമ്പ്യൻസ് ട്രോഫി മാറിയേക്കാം. ചാമ്പ്യൻസ് ട്രോഫി ജയിക്കാൻ സാധിച്ചാൽ 4 ഐസിസി ട്രോഫികൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം എന്നാൽ റെക്കോർഡും രോഹിത്തിന് പേരിൽ ചേർക്കാൻ കഴിയും. കഴിഞ്ഞ വർഷം ട്വന്റി20 ലോകകപ്പ് രോഹിത് സ്വന്തമാക്കിയിരുന്നു. ചാമ്പ്യൻസ് ട്രോഫി നേടാൻ സാധിച്ചാൽ അത് രോഹിത്തിന്റെ കരിയറിൽ വലിയ മുതൽക്കൂട്ടായിരിക്കും.”- റെയ്ന പറഞ്ഞു വയ്ക്കുന്നു.