ക്രിക്കറ്റ് ലോകം വളരെ ആവേശത്തോടെ ഉറ്റുനോക്കുന്ന ഒരു പരമ്പരയാണ് നവംബർ 22ന് ആരംഭിക്കുന്ന ബോർഡർ- ഗവാസ്കർ ട്രോഫി. ഓസ്ട്രേലിയക്കെതിരെ ഓസ്ട്രേലിയൻ മണ്ണിൽ നടക്കുന്ന പരമ്പരയിൽ 5 ടെസ്റ്റ് മത്സരങ്ങളാണ് ഉണ്ടായിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്താൻ ഇരു ടീമുകൾക്കും പരമ്പരയിലെ വിജയം അത്യാവശ്യമാണ്.
ഇത് പരമ്പരയുടെ മാറ്റുകൂട്ടും എന്നത് ഉറപ്പ്. എന്നാൽ ഇതിനു മുൻപ് ന്യൂസിലാൻഡിനോടേറ്റ പരാജയം ഇന്ത്യൻ ടീമിനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. അവിചാരിതമായ പരാജയങ്ങളാണ് ആദ്യ 2 മത്സരത്തിലും ഇന്ത്യയ്ക്ക് ന്യൂസിലാൻഡിനെതിരെ നേരിടേണ്ടി വന്നത്. മാത്രമല്ല ഇന്ത്യയുടെ സ്റ്റാർ പേസർ മുഹമ്മദ് ഷാമി ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഉണ്ടാവില്ല എന്ന റിപ്പോർട്ടുകളും ഇന്ത്യയെ അലട്ടുകയുണ്ടായി. ഇതിനെ സംബന്ധിച്ചാണ് ഓസ്ട്രേലിയയുടെ ഹെഡ് കോച്ചായ ആൻഡ്രൂ മക്ഡോണാൾഡ് പറയുന്നത്.
ഇതുവരെയും തന്റെ പൂർണ്ണമായ ഫിറ്റ്നസ്സിലേക്ക് തിരികെയെത്താൻ മുഹമ്മദ് ഷാമിക്ക് സാധിച്ചില്ല. അതുകൊണ്ടു തന്നെ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് ആയ രഞ്ജി ട്രോഫിയിലും ഷാമിയ്ക്ക് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ബോർഡർ- ഗവാസ്കർ ട്രോഫിയിൽ നിന്ന് ഷാമിയെ ഇന്ത്യ ഒഴിവാക്കിയത്. ഇന്ത്യൻ നിരയിൽ മുഹമ്മദ് ഷാമിയുടെ അഭാവം വലിയൊരു പോരായ്മ ആയിരിക്കും എന്നാണ് ഓസ്ട്രേലിയൻ ഹെഡ് കോച്ച് മക്ഡോണാൾഡ് പറയുന്നത്.
ഷാമിയും ബുംറയും ഒത്തുചേരുമ്പോൾ അത് ഓസ്ട്രേലിയക്ക് വലിയ വെല്ലുവിളി ഉയർത്തിയേനെ എന്ന് കോച്ച് സമ്മതിക്കുന്നു. എന്നിരുന്നാലും ഷാമിയ്ക്ക് പകരക്കാരനാവാൻ സാധിക്കുന്ന ബോളർമാർ ഇന്ത്യയ്ക്ക് നിലവിലുണ്ട് എന്ന് കോച്ച് പറയുകയുണ്ടായി.
“മുഹമ്മദ് ഷാമിയുടെ അഭാവം ഇന്ത്യയെ സംബന്ധിച്ച് വലിയൊരു നഷ്ടമാണ്. ഞങ്ങളുടെ ബാറ്റർമാർ എല്ലായിപ്പോഴും ഷാമിയെ പറ്റി സംസാരിക്കാറുണ്ട്. അവന്റെ ലൈനും ലെങ്തും സ്വാഭാവികമായ മാറ്റങ്ങളുമൊക്കെ ബാറ്റർമാരെ കുഴപ്പിക്കാറുണ്ട്. ഇവിടെ നന്നായി പന്തെറിയാൻ സാധിക്കുന്ന ബോളറാണ് ഷാമി. മാത്രമല്ല ബുംമ്രയോടൊപ്പം ബോളിങ്ങിൽ ഒരു മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയെടുക്കാനും ഷാമിയ്ക്ക് സാധിക്കാറുണ്ട്. ആ കൂട്ടുകെട്ട് വലിയ ഭീഷണി തന്നെ ഞങ്ങൾക്ക് സൃഷ്ടിച്ചിരുന്നു. പക്ഷേ ഇത്തവണ ഇന്ത്യയ്ക്ക് അത് നഷ്ടമായി.”- മക്ഡോണാൾഡ് പറയുന്നു.
ഇന്ത്യയുടെ കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തെ പറ്റിയുള്ള ഓർമ്മകൾ തനിക്ക് ഇപ്പോഴുമുണ്ട് എന്ന് മക്ഡോണാൾഡ് പറയുന്നു അത് ഇനിയും ആവർത്തിക്കാതിരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത് എന്ന് പരിശീലകൻ കൂട്ടിച്ചേർക്കുകയുണ്ടായി. “കഴിഞ്ഞ തവണ ഇന്ത്യ ഓസ്ട്രേലിയയിലേക്ക് എത്തിയപ്പോൾ എന്താണ് സംഭവിച്ചത് എന്ന പൂർണ ബോധ്യം എനിക്കുണ്ട്. അവർ ഞങ്ങൾക്കെതിരെ ഒരുപാട് മുൻകരുതലുകൾ എടുത്തിരുന്നു. പകരക്കാരായി വന്ന താരങ്ങളൊക്കെയും അവർക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. അതുകൊണ്ടുതന്നെ ഞങ്ങൾ ഇന്ത്യൻ താരങ്ങളെ വിലകുറച്ച് കാണുന്നില്ല.”- മക്ഡോണാൾഡ് കൂട്ടിച്ചേർത്തു.