ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലങ്കൻ പര്യടനം ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വാനോളം പുകഴ്ത്തി മുൻ പാകിസ്ഥാൻ താരം ഡാനിഷ് കനേരിയ. വരാനിരിക്കുന്ന പരമ്പരകളിൽ, ഇന്ത്യൻ ടീമിൽ നിന്നും ലങ്കൻ ക്രിക്കറ്റ് ടീമിന് ശരിയായ മറുപടി ലഭിക്കുമെന്നാണ് താരത്തിന്റെ പുതിയ അഭിപ്രായം. നേരത്തെ ശ്രീലങ്കയിൽ പരമ്പര കളിക്കുവാൻ എത്തിയ ഇന്ത്യൻ ടീമിന് രണ്ടാം നിര ടീമെന്ന് പരിഹസിച്ച മുൻ ശ്രീലങ്കൻ നായകൻ അർജുന രണതുംഗയുടെ അഭിപ്രായത്തിനാണ് താരം മറുപടി നൽകിയത്.
എന്നാൽ ഏറെ വിവാദമായ മുൻ ലങ്കൻ നായകന്റെ അഭിപ്രായത്തിന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ദിവസങ്ങൾ മുൻപ് കൃത്യമായ മറുപടി നൽകിയിരുന്നു. ഇപ്പോൾ ഏകദിന, ടി :20 പരമ്പരകൾ കളിക്കുവാൻ വന്നിരിക്കുന്ന ഈ ടീമിലെ എല്ലാ താരങ്ങളും ഐപിഎല്ലിൽ അടക്കം മികച്ച പ്രകടനം കാഴ്ചവെച്ചവരാണ് എന്ന് പറഞ്ഞ ലങ്കൻ ബോർഡ് സ്‌ക്വാഡിലെ 20 താരങ്ങളിൽ പതിനാല് താരങ്ങളും മൂന്ന് ഫോർമാറ്റിൽ ഏതേലും ഒന്നെങ്കിലും കളിച്ചവരാണ് എന്നും വിശദീകരിച്ചിരുന്നു. ഇന്ത്യൻ ടീമിന്റെ ശക്തി എന്തെന്ന് പോലും തിരിച്ചറിയാതെയുള്ള രണതുംഗയുടെ ആക്ഷേപം കേവലം ജനശ്രദ്ധ നേടാൻ മാത്രമുള്ള അടവാണ് എന്നും കനേരിയ വിശദീകരിച്ചു.ജനശ്രദ്ധ നേടാനുള്ള ഈ അഭിപ്രായത്തിന് പരമ്പരയിലെ പ്രകടനത്തിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.
“എന്റെ അഭിപ്രായത്തിൽ നിലവിൽ ഇന്ത്യൻ ദേശീയ ടീമിൽ കളിക്കുവാൻ കഴിവുള്ള 50 -60 താരങ്ങൾ ഉണ്ട്.ഓരോ ഫോർമാറ്റിലും വ്യത്യസ്ത ടീമുകളെ കളിപ്പിക്കാനുള്ള അവസരം ഇന്ത്യൻ ടീമിന്റെ കൈവശം ഇപ്പോയുണ്ട്.ഒരു മോശം പ്രസ്താവന ഞാൻ ലങ്കൻ ക്രിക്കറ്റ് ടീമിനെ ഏറെ നേട്ടങ്ങളിലേക്ക് നയിച്ച രണതുംഗയെ പോലൊരു താരത്തിൽ നിന്നും പ്രതീക്ഷിച്ചില്ല. വെറുതെ ഇത്തരം അഭിപ്രായങ്ങൾ ജനശ്രദ്ധ നെടുവാൻ മാത്രമേ സഹായിക്കൂ. വരുന്ന പരമ്പര ഇതിനുള്ള മറുപടി നൽകും. ശ്രീലങ്കൻ ടീം പരാജയപെടുമ്പോൾ രണതുംഗ പാഠം പഠിക്കും “കനേരിയ തന്റെ അഭിപ്രായം വിശദമാക്കി.