2023 ലോകകപ്പിൽ ആ ഇന്ത്യൻ താരം ടോപ് റൺ സ്കോറർ ആവും. പ്രവചനവുമായി ഡിവില്ലിയേഴ്സ്.

2023 ഏകദിന ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ വമ്പൻ പ്രവചനങ്ങളുമായി മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്. ഇത്തവണത്തെ ഏകദിന ലോകകപ്പിൽ ശുഭ്മാൻ ഗിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന താരമായി മാറും എന്നാണ് ഡിവില്ലിയേഴ്സ് പ്രവചിക്കുന്നത്. ഒപ്പം രവിചന്ദ്രൻ അശ്വിന്റെ ടീമിലേക്കുള്ള തിരികെ വരവിനെ പറ്റിയും ഡിവില്ലിയേഴ്സ് സംസാരിക്കുകയുണ്ടായി. അശ്വിന്റെ തിരിച്ചുവരവ് അവിശ്വസനീയമായാണ് താൻ കരുതുന്നത് എന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു. മറ്റ് ടീമുകൾക്കുള്ള വലിയ ഭീഷണിയാണ് അശ്വിന്റെ തിരിച്ചുവരവ് എന്നും ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.

ശുഭമാൻ ഗില്ലിന്റെ ബാറ്റിംഗ് സാങ്കേതികത എടുത്തുകാട്ടിയാണ് ഡിവില്ലിയേഴ്സ് സംസാരിച്ചത്. “അയാളുടെ ബാറ്റിംഗ് സാങ്കേതികതയും സ്റ്റൈലുമൊക്കെ വളരെ ലാളിത്യം ഏറിയതാണ്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരുടെ അതേ അടിസ്ഥാന കാര്യങ്ങളാണ് ഗിൽ തന്റെ ബാറ്റിംഗിൽ പ്രതിഫലിപ്പിക്കുന്നത്.

സ്റ്റീവ് സ്മിത്തിനെ പോലെ അവിസ്മരണീയ കളിക്കാർ ഇപ്പോൾ ക്രിക്കറ്റിലുണ്ട്. അവർക്കൊക്കെയും വളരെ വ്യത്യസ്തമായ സാങ്കേതിക വിദ്യയാണുള്ളത്. ക്രീസിൽ ഓടിനടന്ന് ബാറ്റ് ചെയ്യാനും, പുറത്തേക്കിറങ്ങി ബോളർമാരെ ആക്രമിക്കാനുമൊക്കെ അവർക്ക് സാധിക്കുന്നു. എന്നാൽ അക്കാര്യങ്ങളിൽ ഗിൽ വളരെ പരമ്പരാഗത രീതിയിൽ മികവാർന്ന സാങ്കേതികതയാണ് ഉപയോഗിക്കുന്നത്.”- ഡിവില്ലിയേഴ്സ് പറയുന്നു.

“ഗില്‍ പലപ്പോഴും വ്യത്യസ്തമായ കാര്യങ്ങൾക്ക് കൂടുതൽ ശ്രമിക്കാറില്ല. അയാളുടെ ശക്തിയിൽ ഉറച്ചുനിൽക്കാനാണ് അയാൾ കൂടുതൽ ശ്രമിക്കുന്നത്. ചെറിയ സമയത്തിനുള്ളിൽ തന്നെ ഗിയർ മാറാനും, ബോളർമാർക്ക് മേൽ സമ്മർദ്ദം ചെലുത്താനും ഗില്ലിന് സാധിക്കാറുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിലും ഗില്ലിന്റെ ഇത്തരം വമ്പൻ ഷോട്ടുകൾ നമ്മൾ കണ്ടിട്ടുണ്ട്. ഷോർട്ട് അല്ലാതെ ഫുൾ ലെങ്ത്തിൽ വരുന്ന പന്തിൽ വരെ പുൾ ചെയ്യാൻ ശുഭമാൻ ഗില്ലിന് പലപ്പോഴും സാധിക്കുന്നു. മാത്രമല്ല ബോളർമാരുടെ ലെങ്ങ്ത് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാനും അതിനനുസരിച്ച് ബാറ്റ് വീശാനും ഗില്ലിന് അപാരമായ കഴിവുണ്ട്.”- ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.

“ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരുടെ പട്ടികയിലേക്ക് വളരെ വേഗത്തിൽ സഞ്ചരിക്കുകയാണ് ഇപ്പോൾ അയാൾ. ഇപ്പോഴും യുവ ബാറ്ററാണ് ഗിൽ. ഇതിനോടകം തന്നെ ഒരുപാട് പരിചയ സമ്പന്ന നേടിയെടുക്കാനും ഗില്ലിന് സാധിച്ചിട്ടുണ്ട്. ഭാവിയിലും നമുക്ക് ഗില്ലിന്റെ മത്സരത്തെക്കുറിച്ച് കൂടുതൽ കേൾക്കാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നു. മാത്രമല്ല ഈ ലോകകപ്പിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കാൻ പോകുന്നതും ഗില്ലാണ് എന്നാണ് ഞാൻ കരുതുന്നത്.”- ഡിവില്ലിയേഴ്സ് പറഞ്ഞുവയ്ക്കുന്നു.