ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കാത്തിരുന്നത് വളരെ അധികം നിർണായകമായ ചില പരമ്പരകളാണ്. ന്യൂസിലാൻഡ് ടീമിന് എതിരായ ടി :20, ടെസ്റ്റ് പരമ്പരകൾ ഇന്ത്യൻ ടീമിന് ജീവൻമരണ പോരാട്ടം തന്നെയാണ്. ലോകകപ്പിലെ തോൽവിക്ക് കിവീസിനോട് പ്രതികാരം വീട്ടുവാൻ കൂടി രോഹിത്തും ശർമ്മയും സംഘവും ഏറെ ആഗ്രഹിക്കുമ്പോൾ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഭാഗമായ ടെസ്റ്റ് പരമ്പര ജയിക്കേണ്ടതും പ്രധാനമാണ്. അതേസമയം സീനിയർ താരങ്ങളിൽ പലർക്കും വിശ്രമം അനുവദിച്ചുള്ള ഒരു സ്‌ക്വാഡിനെയാണ് ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്.ഹർഷൽ പട്ടേൽ, ഋതുരാജ് ഗെയ്ക്ഗ്വാദ്, ആവേശ് ഖാൻ തുടങ്ങിയ യുവ താരങ്ങൾ സ്‌ക്വാഡിൽ എത്തിയപ്പോൾ മുഹമ്മദ് സിറാജ് കൂടി ടി :20 ടീമിലേക്ക് എത്തി.
എന്നാൽ കിവീസ് പരമ്പരക്ക് മുൻപായി ഒരു യുവ താരം ഭാവിയിൽ ഇന്ത്യൻ ടീമിനായി മൂന്ന് ഫോർമാറ്റിലും തിളങ്ങും എന്നാണ് ഇതിഹാസ താരം സുനിൽ ഗവാസ്ക്കറിന്‍റെ അഭിപ്രായം. ഇത്തവണ ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പ് നേടിയ ഋതുരാജ് ഗെയ്ക്ഗ്വാദ് വീണ്ടും ഇന്ത്യൻ ടീം കുപ്പായം അണിയുന്നതിനെ കുറിച്ചാണ് മുൻ താരം പ്രവചനം നടത്തിയത്.മൂന്ന് ഫോർമാറ്റിലും ഇന്ത്യക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു ബാറ്റ്‌സ്മാനാണ് ഋതുരാജ് ഗെയ്ക്ഗ്വാദെന്നും അദ്ദേഹം വാനോളം പുകഴ്ത്തി.ഇത്തവണത്തെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനായി യുവ താരം 16 മത്സരങ്ങളിൽ നിന്നും 635 റൺസ് അടിച്ചെടുത്തു.സീസണിൽ നാല് അർദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും താരം നേടി.
“എന്റെ വിശ്വാസം ഗെയ്ക്ഗ്വാദ് ഏതൊരു ഫോർമാറ്റിലും തിളങ്ങുമെന്നാണ്. മികച്ച ഷോട്ട് സെലക്ഷനും വളരെ മനോഹര സാങ്കേതികതയുമുള്ള ഗെയ്ക്ഗ്വാദ് എല്ലാ ഫോർമാറ്റിലും ഇന്ത്യയുടെ ഭാവി ഓപ്പണിങ് ബാറ്റ്‌സ്മാനാണ്. കൂടാതെ സമ്മർദ്ദങ്ങൾ അതിജീവിക്കാനായി അയാൾക്ക് ഇനി ഏറെ കഴിയുമെന്ന് നമ്മൾ എല്ലാം തന്നെ വിശ്വസിക്കുന്നുണ്ട്.അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ എങ്ങനെയാകും ഗെയ്ക്ഗ്വാദ് തിളങ്ങുക എന്നതും ആകാംക്ഷകൾ സമ്മാനിക്കുന്നുണ്ട് “ഗവാസ്ക്കർ തന്റെ അഭിപ്രായം വിശദമാക്കി