ഈ തലമുറയിലെ ഏറ്റവും മികച്ച താരമാണ് അവൻ. ഇന്ത്യൻ യുവതാരത്തെ പറ്റി യുവരാജ് സിംഗ്.

ഇന്ത്യൻ ക്രിക്കറ്റിലെ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഓപ്പണർ ശുഭ്മാൻ ഗിൽ. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി ക്രിക്കറ്റിന്റെ 3 ഫോർമാറ്റുകളിലും മികവാർന്ന പ്രകടനങ്ങളാണ് ഗിൽ കാഴ്ച വെച്ചിട്ടുള്ളത്. അതിന്റെ ഫലമായി ഇന്ത്യ തങ്ങളുടെ ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിലേക്കും ഗില്ലിനെ തിരഞ്ഞെടുക്കുകയുണ്ടായി. ഇപ്പോൾ ഇന്ത്യയുടെ യുവ ഓപ്പണർ ഗില്ലിനെ കുറിച്ച് വമ്പൻ പ്രവചനങ്ങളുമായാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് എത്തിയിരിക്കുന്നത്. ഈ തലമുറയിലെ ഏറ്റവും മികച്ച ക്രിക്കറ്ററായി ശുഭമാൻ ഗിൽ മാറും എന്നാണ് യുവരാജ് പറയുന്നത്. മാത്രമല്ല ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും റൺസ് കണ്ടെത്താൻ ഗില്ലിന് സാധിക്കുമെന്നും യുവരാജ് പറയുന്നു.

ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിൽ അനായാസം റൺസ് നേടാൻ സാധിക്കുന്ന കളിക്കാരനാണ് ഗിൽ എന്നാണ് യുവരാജ് പറയുന്നത്. “ഈ തലമുറയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമായി മാറാനുള്ള കഴിവ് 24കാരനായ ഗില്ലിനുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതുവരെ വളരെ കഠിനാധ്വാനം ചെയ്താണ് എത്തിയിട്ടുള്ളത്. 19 വയസ്സുള്ളപ്പോൾ പോലും ഗിൽ ഇത്തരത്തിലുള്ള സമീപനം തന്നെയാണ് സ്വീകരിച്ചിരുന്നത്. ഈ പ്രായത്തിലുള്ള ഒരു താരം ചെയ്യുന്നതിന്റെ മൂന്നിരട്ടി കഠിനാധ്വാനം ശുഭമാൻ ഗിൽ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.”- യുവരാജ് സിംഗ് പറയുന്നു.

“ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമായി മാറാൻ ഗില്ലിന് സാധിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാൻ ഗില്ലിന് സാധിച്ചിരുന്നു. മാത്രമല്ല ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലും ഒരുപാട് റൺസ് നേടാൻ ഗില്ലിന് സാധിക്കും എന്നാണ് ഞാൻ കരുതുന്നത്.”- യുവരാജ് സിംഗ് കൂട്ടിച്ചേർത്തു. നിലവിൽ വളരെ മികച്ച ബാറ്റിംഗ് പ്രകടനങ്ങളാണ് ഗിൽ കാഴ്ചവയ്ക്കുന്നത്. 2023 ഏഷ്യാകപ്പിൽ 6 മത്സരങ്ങളിൽ നിന്നും 302 റൺസാണ് ഗിൽ നേടിയത്. 75.5 ശരാശരിയിൽ ആയിരുന്നു ഗില്ലിന്റെ ഏഷ്യാകപ്പിലെ വമ്പൻ പ്രകടനം.

ഏഷ്യാകപ്പിന് ശേഷം നടന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും ഗിൽ റൺസ് വാരി കൂട്ടിയിരുന്നു. രണ്ടു മത്സരങ്ങളിൽ നിന്ന് 178 റൺസാണ് ഓസ്ട്രേലിയക്കെതിരെ ഗിൽ നേടിയത്. 89 റൺസ് ശരാശരിയിലാണ് ഗില്ലിന്റെ പ്രകടനം. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും ഗില്ലിൽ നിന്ന് ഇത്തരം വലിയ പ്രകടനങ്ങളാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. രോഹിത് ശർമയ്ക്കൊപ്പം ഇന്ത്യയ്ക്കായി ഓപ്പണിങ് വിക്കറ്റിൽ മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ഗില്ലിന് മത്സരങ്ങളിൽ സാധിക്കും എന്നാണ് കരുതുന്നത്. ഇത്തവണത്തെ ലോകകപ്പിൽ ഗിൽ ഇന്ത്യയുടെ പ്രധാന ഘടകമായി മാറാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

Previous articleഗില്ലും കോഹ്ലിയുമല്ല, അവനാണ് ഈ ലോകകപ്പിൽ വിലസാൻ പോവുന്നത്. ഓസീസ് താരത്തിന്റെ പ്രവചനം.
Next articleഏഷ്യൻ ഗെയിംസിൽ തകർപ്പൻ സെഞ്ച്വറി നേടി ജെയിസ്വാൾ. 48 ബോളിൽ സെഞ്ചുറി