“സൂര്യകുമാറിന് പകരം ഹർദിക് ഇന്ത്യയുടെ ട്വന്റി20 നായകനാവണം” – മുൻ ഇന്ത്യൻ താരം പറയുന്നു.

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ ഇതുവരെയും ഇന്ത്യക്കായി ബാറ്റിംഗിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന് സാധിച്ചിട്ടില്ല. എല്ലാ മത്സരങ്ങളിലും സൂര്യ പരാജയപ്പെടുന്നതാണ് കാണുന്നത്. ഈ സമയത്ത് സൂര്യയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ മുഹമ്മദ് കൈഫ്.

നാലാം ട്വന്റി20 മത്സരത്തിലും ബാറ്റിംഗിൽ മോശം പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ സൂര്യകുമാർ യാദവ് ഹർദിക് പാണ്ഡ്യയ്ക്ക് നായകസ്ഥാനം നൽകണമെന്നാണ് കൈഫ് പറയുന്നത്. 2024 ട്വന്റി20 ലോകകപ്പിലടക്കം ഇന്ത്യയുടെ ഉപനായകനായിരുന്നു ഹാർദിക് പാണ്ഡ്യ. എന്നാൽ ഇതിന് ശേഷം ബിസിസിഐ സൂര്യകുമാറിനെ ഇന്ത്യയുടെ ട്വന്റി20 നായകനായി നിശ്ചയിക്കുകയായിരുന്നു.

ശേഷമാണ് ഇപ്പോൾ സാമൂഹ്യമാധ്യമത്തിലൂടെ കൈഫ് തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞിരിക്കുന്നത്. സമീപകാലത്തെ ഹർദിക് പാണ്ഡ്യയുടെ നിശ്ചിത ഓവർ ക്രിക്കറ്റിലെ പ്രകടനങ്ങൾ വിലയിരുത്തിയായിരുന്നു കൈഫ് സംസാരിച്ചത്. ഹർദിക് പാണ്ഡ്യ ഇന്ത്യയുടെ ട്വന്റി20 നായക സ്ഥാനമർഹിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു. നിലവിൽ ഇന്ത്യയുടെ ഏറ്റവും വിലപിടിപ്പുള്ള നിശ്ചിത ഓവർ താരം ഹർദിക് പാണ്ട്യയാണ്. അവനൊരു നല്ല ഫിനിഷറാണ്. മാത്രമല്ല ലോകകപ്പിൽ നമ്മളെ വിജയിപ്പിച്ച ഹീറോയാണ് അവൻ”- മുഹമ്മദ് കൈഫ് പറഞ്ഞു.

“ഹർദിക് പാണ്ട്യ തന്നെയാണ് നായകനാവേണ്ടത്. കഴിഞ്ഞ ഐപിഎല്ലിനെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. ആ സമയത്ത് ആളുകൾ വളരെ മോശമായ രീതിയിലായിരുന്നു പാണ്ട്യയെ സമീപിച്ചിരുന്നത്. പലപ്പോഴും പാണ്ഡ്യക്കെതിരെ ആരാധകരുടെ രോക്ഷം ഉണ്ടായി. ആ സമയത്ത് അവൻ മുംബൈ ഇന്ത്യൻസിന്റെ നായകനായിരുന്നു. അതുകൊണ്ടുതന്നെ തന്റെ വേദന മറ്റുള്ളവരെ അറിയിക്കാൻ അവൻ തയ്യാറായില്ല. എന്റെ ബോളിങ്ങും എന്റെ ബാറ്റിംഗും എല്ലാവർക്കുമുള്ള മറുപടി നൽകുമെന്ന കാര്യത്തിൽ അവൻ ഉറച്ചുനിന്നു.”- മുഹമ്മദ് കൈഫ് കൂട്ടിച്ചേർക്കുന്നു.

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി20 മത്സരത്തിൽ തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു ഹർദിക് പാണ്ട്യ കാഴ്ചവച്ചത്. മത്സരത്തിൽ 30 പന്തുകളിൽ 53 റൺസ് നേടിയ ഹർദിക് പാണ്ഡ്യ ഇന്ത്യക്ക് മികച്ച ഒരു സ്കോർ തന്നെ നൽകുകയുണ്ടായി. ട്വന്റി20 പരമ്പരയ്ക്ക് ശേഷം രോഹിത് ശർമ നയിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഹർദിക് പാണ്ഡ്യ അംഗമാണ്. ഫെബ്രുവരി ആറിനാണ് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്.