ഹർഷിത് റാണയെ സബ്സ്റ്റിട്യൂട്ടായി ഇറക്കാനുള്ള മാസ്റ്റർസ്ട്രോക്ക് തീരുമാനം ആരുടെ ?

ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി20 മത്സരത്തിലെ ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് ഹർഷിത് റാണയുടെ പ്രകടനമായിരുന്നു. മത്സരത്തിൽ ശിവം ദുബെയ്ക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് ഹർഷിത് റാണ സബ്സ്റ്റിറ്റ്യൂട്ട് ആയി എത്തിയത്. ശേഷം മൈതാനത്ത് തകർപ്പൻ ബോളിംഗ് പ്രകടനമാണ് തന്റെ അരങ്ങേറ്റ മത്സരത്തിൽ താരം കാഴ്ചവച്ചത്. കേവലം 33 റൺസ് മാത്രം വിട്ടുനൽകി ഇംഗ്ലണ്ട് നിരയിലെ 3 വിക്കറ്റുകൾ സ്വന്തമാക്കാൻ ഹർഷിതിന് സാധിച്ചു. ദുബെയ്ക്കു പകരം, തന്നെ മൈതാനത്ത് എത്തിക്കാനുള്ള വലിയ തീരുമാനം ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെതാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് റാണ ഇപ്പോൾ.

ഇംഗ്ലണ്ടിന്റെ മറുപടി ബാറ്റിംഗ് ആരംഭിച്ച് 2 ഓവറുകൾക്ക് ശേഷം ഗംഭീർ തന്റെ അടുത്ത് വരികയും കൺകഷൻ സബ്സ്റ്റ്യൂട്ടായി മൈതാനത്ത് ഇറങ്ങണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു എന്ന് ഹർഷിത് റാണ പറഞ്ഞു. എല്ലാതരത്തിലും ഒരു സ്വപ്ന അരങ്ങേറ്റമാണ് തനിക്ക് ലഭിച്ചത് എന്ന് റാണ തുറന്നു പറയുന്നു.

“എന്നെ സംബന്ധിച്ച് ഇതൊരു സ്വപ്ന അരങ്ങേറ്റം തന്നെയായിരുന്നു. പരിക്കുപറ്റി ദുബെ ഡെഗൗട്ടിലേക്ക് തിരികെ എത്തി. പിന്നീട് 2 ഓവറുകൾക്ക് ശേഷമാണ് ഗംഭീർ സാർ എന്റെ അടുത്ത് വരികയും കൺകഷൻ സബ്റ്റിറ്റ്യൂട്ട് ആയി ഇറങ്ങണമെന്ന് പറയുകയും ചെയ്തത്.”- ഹർഷിദ് പറയുന്നു.

“കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യയുടെ ട്വന്റി20 ടീമിൽ അവസരം ലഭിക്കാനായി ഞാൻ കാത്തിരിക്കുകയാണ്. എന്റെ കഴിവുകൾ എനിക്ക് മൈതാനത്ത് തെളിയിക്കണമായിരുന്നു. അതിനൊരു അവസരമായി ഇത് മാറി. ഐപിഎല്ലിൽ വളരെ നന്നായി തന്നെ പന്തറിയാൻ എനിക്ക് സാധിച്ചിരുന്നു. ആ രീതി ഇവിടെയും പിന്തുടരാനാണ് ഞാൻ ശ്രമിച്ചത്.”- റാണ കൂട്ടിച്ചേർത്തു. റാണയുടെ മികവിൽ മത്സരത്തിൽ 15 റൺസിന്റെ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്.

എന്നാൽ ശിവം ദുബെയെ പോലെ ഒരു ബാറ്റിംഗ് ഓൾറൗണ്ടർക്ക് പകരം, റാണയെ പോലെ ഒരു ബോളിംഗ് ഓൾറൗണ്ടറെ ടീമിൽ ഉൾപ്പെടുത്തിയതിൽ അസംതൃപ്തി അറിയിച്ച് ജോസ് ബട്ലർ രംഗത്ത് വരികയുണ്ടായി. ഒരിക്കലും ഇത്തരം കാര്യങ്ങൾ തങ്ങൾക്ക് അംഗീകരിക്കാൻ സാധിക്കില്ല എന്നാണ് ബട്ലർ മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. ഇതേ അഭിപ്രായം തന്നെയായിരുന്നു മുൻ ഇംഗ്ലണ്ട് ക്രിക്കറ്റർമാരായ കെവിൻ പീറ്റേഴ്സനും നിക്ക് നൈറ്റിനും ഉണ്ടായിരുന്നത്. വരും ദിവസങ്ങളിൽ ഈ സബ്സിറ്റ്യൂഷൻ വലിയ ചർച്ചാവിഷയമാകാനും സാധ്യതയുണ്ട്.