“ഈ ഫോമില്ലായ്മ ഞങ്ങൾ വകവെയ്ക്കുന്നില്ല”. സൂര്യകുമാറിന് ഇന്ത്യൻ കോച്ചിന്റെ പെർമിഷൻ.

നിലവിലെ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്റെ ബാറ്റിംഗിലെ മോശം ഫോമിൽ തങ്ങൾക്ക് നിരാശയില്ല എന്ന് ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ചായ റയാൻ ടെൻ ഡോഷെ. നിലവിൽ ട്വന്റി20 ക്രിക്കറ്റിൽ തങ്ങളുടെ താരങ്ങൾക്ക് ആക്രമണ മനോഭാവം പുലർത്താനുള്ള അനുവാദം നൽകിയിട്ടുണ്ട് എന്ന് ഡോഷെ പറയുകയുണ്ടായി.

അതുകൊണ്ടു തന്നെ ചില സമയങ്ങളിൽ അസ്ഥിരതയാർന്ന പ്രകടനങ്ങൾ ടീം വകവയ്ക്കില്ല എന്നാണ് ഡോഷെ കൂട്ടിച്ചേർത്തത്. ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ആദ്യ 4 ട്വന്റി20 മത്സരങ്ങളിലും വളരെ മോശം പ്രകടനമായിരുന്നു സൂര്യകുമാർ കാഴ്ചവച്ചത്. ഇതിന് ശേഷമാണ് ഡോഷെ രംഗത്ത് എത്തിയത്.

ഇതുവരെയുള്ള സൂര്യകുമാർ യാദവിന്റെ പ്രകടനമാണ് തങ്ങൾ കണക്കിലെടുക്കുന്നത് എന്ന് ഡോഷെ പറയുകയുണ്ടായി. “അവൻ തന്റേതായ രീതിയിൽ ഒരു സ്റ്റാൻഡേർഡ് മുൻപിലേക്ക് വെച്ചാണ് സഞ്ചരിക്കുന്നത്. ട്വന്റി20 ക്രിക്കറ്റിൽ എല്ലാ സമയത്തും ബാറ്റിംഗിൽ ഒരു താരത്തിന് സ്ഥിരത പുലർത്താൻ സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഇപ്പോൾ ടീം ബാറ്റർമാർക്ക് നൽകുന്ന നിർദ്ദേശം ഏറ്റവും വേഗതയിൽ റൺസ് കണ്ടെത്തുക എന്നതാണ്.”- ഡോഷെ പറയുകയുണ്ടായി.

“അതുകൊണ്ടുതന്നെ ചില സമയങ്ങളിൽ ഞങ്ങൾ അസ്ഥിരതയാർന്ന പ്രകടനങ്ങൾ വകവയ്ക്കാറില്ല. കുട്ടിക്രിക്കറ്റിന്റെ ഫോർമാറ്റിൽ ഇത്തരത്തിലുള്ള ചെറിയ മോശം പ്രകടനങ്ങൾ ഞങ്ങൾ കാര്യമാക്കാൻ ഉദ്ദേശിക്കുന്നില്ല. മാത്രമല്ല ഒരു താരത്തെ ടീമിൽ ഉൾപ്പെടുത്തുന്നത് പൂർണമായും പരിശീലന സെഷനിലെ അവന്റെ പ്രകടനങ്ങൾ കൂടി കണക്കിലെടുത്താണ്. അതിന് ഞങ്ങൾ വലിയ പ്രാധാന്യം നൽകുന്നു.”- ഡോഷെ കൂട്ടിച്ചേർത്തു. 2021ൽ ഇംഗ്ലണ്ടിനെതിരെ തന്നെയായിരുന്നു സൂര്യകുമാർ യാദവ് തന്റെ ട്വന്റി20 അരങ്ങേറ്റം കുറിച്ചത്. നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ട്വന്റി20 ബാറ്റർ കൂടിയാണ് സൂര്യകുമാർ യാദവ്. എന്നിരുന്നാലും സമീപകാലത്തെ സൂര്യയുടെ ഫോം എല്ലാവർക്കും നിരാശ നൽകുന്നതാണ്.

ടീമിൽ ഗൗതം ഗംഭീർ സൂര്യകുമാർ യാദവിന് നൽകുന്ന പിന്തുണയെപ്പറ്റിയും ഡോഷെ പറയുകയുണ്ടായി. “ഈ താരങ്ങൾക്കൊക്കെയും വലിയ പിന്തുണ തന്നെയാണ് ഗൗതം ഗംഭീർ നൽകുന്നത്. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് സൂര്യകുമാർ യാദവ്. അതുകൊണ്ടു തന്നെ അവനെപ്പറ്റി ഞങ്ങൾക്ക് യാതൊരു ആശങ്കയുമില്ല. ഒരുപക്ഷേ ഒന്നോ രണ്ടോ ഷോട്ടുകൾ കളിച്ചാൽ അവൻ ഫോമിലേക്ക് തിരികെ വരുമെന്ന് തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്.”- ഡോഷെ പറഞ്ഞു വയ്ക്കുകയുണ്ടായി.