സതാംപ്ടണിൽ നടന്ന ആദ്യ ടി20യിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ വമ്പന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചത് ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ട്യയാണ്. മത്സരത്തില്‍ അര്‍ദ്ധസെഞ്ചുറി നേടുകയും 4 വിക്കറ്റ് സ്വന്തമാക്കുകയും ചെയ്ത ഹാര്‍ദ്ദിക്ക് പാണ്ട്യയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടേ ടി20 ക്രിക്കറ്റില്‍ മറ്റൊരു ഇന്ത്യന്‍ താരത്തിനും നേടാന്‍ സാധിക്കാത്ത റെക്കോഡ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്വന്തമാക്കി.
4 വിക്കറ്റ് വീഴ്ത്തിയ അതേ മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഒരു താരത്തിനും അർദ്ധസെഞ്ചുറി നേടാനായിട്ടില്ല. ഒരേ മത്സരത്തിൽ 3 വിക്കറ്റ് വീഴ്ത്തുന്നതിനിടെ അർധസെഞ്ചുറി നേടിയ യുവരാജ് സിംഗ് മാത്രമാണ് ഹാർദിക്കിന്റെ അടുത്തെത്തുന്ന ഏക താരം. മൊത്തത്തിൽ, ലോക ക്രിക്കറ്റിൽ, ഒരേ മത്സരത്തിൽ 4 വിക്കറ്റ് വീഴ്ത്തുകയും 50+ റൺസ് നേടുകയും ചെയ്ത കളിക്കാർ 4 പേരേയുള്ളു. ഡ്വെയ്ൻ ബ്രാവോ, മുഹമ്മദ് ഹഫീസ്, ഷെയ്ൻ വാട്സൺ, സമിയുള്ള ഷിൻവാരി എന്നിവരാണ് ഈ നേട്ടം കൈവരിച്ചവര്‍. ഈ ലിസ്റ്റിലേക്കാണ് ഹാര്‍ദ്ദിക്ക് പാണ്ട്യ എത്തിയത്.
ഇന്ത്യക്കായി അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്ത ഹാർദിക് 6 ഫോറും 1 സിക്‌സും സഹിതം 51 റൺസായിരുന്നു നേടിയത്. പവര്‍പ്ലേയില്‍ പന്തെറിഞ്ഞ താരം തന്റെ ആദ്യ ഓവറിൽ തന്നെ ഡേവിഡ് മലനെയും ലിയാം ലിവിംഗ്സ്റ്റണിനെയും പുറത്താക്കിയ ഹാർദിക് രണ്ടാം ഓവറിൽ ഇംഗ്ലീഷ് ഓപ്പണർ ജേസൺ റോയിയെ പുറത്താക്കി. പിന്നീട് സാം കറന്റെ വിക്കറ്റിലൂടെ ചരിത്രപുസ്തകങ്ങളിൽ തന്റെ പേര് രേഖപ്പെടുത്തി.
മത്സരത്തിന് ശേഷം ഹാർദിക് തന്നെ റെക്കോർഡിനെക്കുറിച്ചും തന്റെ പ്രകടനത്തെക്കുറിച്ചും സംസാരിച്ചു. “ഞാൻ ഇംഗ്ലണ്ടിൽ അവസാനമായി ഒരു ടി20 കളിച്ചപ്പോൾ, ഞാൻ 4 വിക്കറ്റ് വീഴ്ത്തുകയും ഏകദേശം 30 റൺസ് സ്കോർ ചെയ്യുകയും ചെയ്തു. അതിനാൽ അമ്പത് സ്കോർ ചെയ്യുകയും 4 വിക്കറ്റ് നേടുകയും ചെയ്യുന്ന ആദ്യ ഇന്ത്യക്കാരൻ ഞാനാണെന്ന് എനിക്ക് അറിയാമായിരുന്നു,” അവതരണ ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
പൂർണ്ണ ഫിറ്റ്നെസില്‍ ഇന്ത്യൻ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ഓൾറൗണ്ടർ 2022 ലെ ടി20 ലോകകപ്പിൽ ടീം ഇന്ത്യയുടെ വിജയത്തിനായി ഒരു വലിയ പങ്ക് വഹിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.