ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ മത്സരത്തിൽ ഒരു കൂറ്റൻ വിജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. മത്സരത്തിൽ ബോളിങ്ങിലും ബാറ്റിങ്ങിലും സമ്പൂർണ്ണ ആധിപത്യം നേടിയെടുത്താണ് ഡൽഹി വിജയം സ്വന്തമാക്കിയത്. 6 വിക്കറ്റുകളുടെ വിജയമാണ് ഡൽഹി മത്സരത്തിൽ നേടിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസിനെ 89 എന്ന ചെറിയ സ്കോറിൽ ഒതുക്കാൻ ഡൽഹിക്ക് സാധിച്ചു. മുകേഷ് കുമാറിന്റെ തകർപ്പൻ ബോളിംഗ് പ്രകടനമായിരുന്നു മത്സരത്തിൽ ഡൽഹിക്ക് രക്ഷയായത്. ശേഷം മറുപടി ബാറ്റിംഗിൽ കേവലം 8.5 ഓവറുകളിൽ ഡൽഹി വിജയം കാണുകയും ചെയ്തു. ഡൽഹിയെ സംബന്ധിച്ച് വളരെ നിർണായകമായ വിജയമാണ് മത്സരത്തിൽ ലഭിച്ചിരിക്കുന്നത്.
നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഡൽഹി ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ഡൽഹിയെ ഏറ്റവുമധികം സഹായിച്ചത് ഈ തീരുമാനം തന്നെയായിരുന്നു. ബാറ്റിംഗ് ആരംഭിച്ച ഗുജറാത്ത് ടൈറ്റൻസ് ടീമിനെ പൂർണമായും എറിഞ്ഞിടാൻ ഡൽഹിയുടെ ബോളർമാർക്ക് സാധിച്ചു.
ഇഷാന്ത് ശർമയും മുകേഷ് കുമാറും ചേർന്ന് ആദ്യ ഓവറുകളിൽ തന്നെ ഗുജറാത്ത് ബാറ്റർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കുകയുണ്ടായി. ഗുജറാത്തിന്റെ മുൻനിരയിൽ 12 റൺസ് നേടിയ സായി സുദർശൻ മാത്രമാണ് രണ്ടക്കം കണ്ടത്. ഗില്‍ അടക്കമുള്ള മറ്റെല്ലാ ബാറ്റർമാരും മത്സരത്തിൽ പരാജയപ്പെട്ടു.
വലിയൊരു ബാറ്റിംഗ് ദുരന്തത്തിലേക്ക് ഇങ്ങനെ ഗുജറാത്ത് പോവുകയായിരുന്നു. വാലറ്റത്ത് 24 പന്തുകളിൽ നിന്നും 31 റൺസ് നേടിയ റാഷിദ് ഖാൻ മാത്രമാണ് ഗുജറാത്തിനായി ഭേദപ്പെട്ട ബാറ്റിംഗ് പുറത്തെടുത്തത്. ബാക്കി എല്ലാ ബാറ്റർമാരും തകർന്നു വീണപ്പോൾ ഗുജറാത്ത് കേവലം 89 റൺസിന് പുറത്താകുകയുണ്ടായി. മറുവശത്ത് ഡൽഹിക്കായി വെടിക്കെട്ട് ബോളിംഗ് പ്രകടനമാണ് പേസർമാർ കാഴ്ചവച്ചത്.
മത്സരത്തിൽ മുകേഷ് കുമാർ 14 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. ഇഷാന്ത് ശർമ 8 റൺസ് വിട്ടുനൽകിയാണ് 2 വിക്കറ്റുകൾ നേടിയത്. 90 എന്ന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡൽഹി വെടിക്കെട്ട് തുടക്കത്തിനാണ് ശ്രമിച്ചത്.
ഓപ്പണർ ഫ്രേസർ മക്ഗെർക്ക് ഡൽഹിക്കായി 10 പന്തുകളിൽ 20 റൺസ് നേടി തകർപ്പൻ തുടക്കം. നൽകി ശേഷം അഭിഷേക് പോറലും ഷെയ് ഹോപ്പും വളരെ വേഗത്തിൽ മത്സരം ഫിനിഷ് ചെയ്യാനാണ് ശ്രമിച്ചത്. പോറൽ മത്സരത്തിൽ 7 പന്തുകളിൽ 2 ബൗണ്ടറികളും ഒരു സിക്സറുമടക്കം 15 റൺസാണ് നേടിയത്. ഹോപ്പ് 10 പന്തുകളിൽ 19 റൺസ് നേടി തകർപ്പൻ പ്രകടനം കാഴ്ചവച്ചു.
ഒപ്പം അവസാന സമയത്ത് 11 പന്തുകളിൽ 16 റൺസ് നേടിയ പന്തും അടിച്ചുതകർത്തപ്പോൾ, കേവലം 8.5 ഓവറുകളിൽ ഡൽഹി മത്സരത്തിൽ വിജയം നേടുകയായിരുന്നു. ഈ വിജയത്തോടെ നെറ്റ് റൺറേറ്റിൽ ഒരുപാട് മുകളിലെത്താനും ഡൽഹിക്ക് സാധിച്ചിട്ടുണ്ട്.