ദുബെ vs റിങ്കു. ഗിൽ vs ജയസ്വാൾ. സഞ്ജു vs ജിതേഷ്. ലോകകപ്പ് ടീമിലെത്താൻ പോരാട്ടം.

sanju and pant

2024 ട്വന്റി20 ലോകകപ്പ് ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 2024 ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്ന താരങ്ങളെ ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിലേക്ക് ഉൾപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് സെലക്ഷൻ കമ്മറ്റി. എന്നാൽ നിലവിൽ ഒരുപാട് തലവേദനകളാണ് സെലക്ഷൻ കമ്മിറ്റിയെ ബാധിച്ചിരിക്കുന്നത്.

പ്രതിഭകളുടെ ധാരാളിത്തം ഇന്ത്യയെ ഇപ്പോൾ വലയ്ക്കുന്ന ഒരു പ്രശ്നമാണ്. ടീമിൽ ഒരുപാട് താരങ്ങൾ സ്ഥാനത്തിനായി നിൽക്കുമ്പോൾ ആരെ ലോകകപ്പിലേക്ക് തിരഞ്ഞെടുക്കണം എന്നത് സെലക്ടർമാർക്ക് മുന്നിൽ ചോദ്യചിഹ്നമാണ്. എന്തായാലും മെയ് 1ന് മുൻപ് ഇന്ത്യയുടെ 15 അംഗങ്ങൾ അടങ്ങുന്ന സ്ക്വാഡിന്റെ വിവരങ്ങൾ ഐസിസിക്ക് കൈമാറേണ്ടതുണ്ട്.

ഇതേ സംബന്ധിച്ചുള്ള ചർച്ചകൾ അജിത് അഗാർക്കറും സഹ സെലക്ടർമാരും തമ്മിൽ നടക്കുകയാണ്. “ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് കൂടുതൽ പരീക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാവാൻ സാധ്യതയില്ല. ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തവരും, ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ സ്ഥിരത പുലർത്തിയവരും, ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചവരും ടീമിൽ ഉൾപ്പെടും.”- ഒരു ബിസിസിഐ വൃത്തം അറിയിക്കുകയുണ്ടായി.

എന്നിരുന്നാലും ഇന്ത്യൻ ടീമിനെ സംബന്ധിച്ചുള്ള ഒരുപാട് സംശയങ്ങൾ നിലനിൽക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ശുഭ്മാൻ ഗിൽ, ജയസ്വാൾ എന്നീ താരങ്ങളിൽ ഒരാൾ ഇന്ത്യയുടെ ലോകകപ്പിനുള്ള സ്‌ക്വാഡിൽ നിന്ന് പുറത്തിരിക്കാനാണ് സാധ്യത.

ഫിനിഷിങ്ങിലും ഇത്തരത്തിൽ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നു. നിലവിൽ ഇന്ത്യൻ ടീമിന്റെ ഫിനിഷർമാരായി എത്താൻ പോകുന്നത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കൂ സിങ്ങും ചെന്നൈ സൂപ്പർ കിംഗ്സ് താരം ശിവം ദുബെയുമാണ്. എന്നാൽ ഈ താരങ്ങളിൽ ഒരാളെ മാത്രമേ ഇന്ത്യയ്ക്ക് 15 അംഗ സ്ക്വാഡിലേക്ക് തിരഞ്ഞെടുക്കാൻ സാധിക്കൂ.

See also  മുംബൈയുടെ തോൽവികളിൽ പൂർണ ഉത്തരവാദി ഹർദിക്കാണ്. പാണ്ഡ്യയുടെ മണ്ടത്തരങ്ങൾ തുറന്ന് കാട്ടി ഇർഫാൻ പത്താൻ.

മറ്റൊരു പ്രധാനപ്പെട്ട മത്സരം നടക്കുന്നത് രണ്ടാം വിക്കറ്റ് കീപ്പർ ചോയ്സിലേക്കാണ്. ഒന്നാം വിക്കറ്റ് കീപ്പറായി ഇന്ത്യ പന്തിനെ തന്നെ ഉൾപ്പെടുത്താനാണ് സാധ്യത. എന്നാൽ രണ്ടാം വിക്കറ്റ് കീപ്പർ സ്ലോട്ടിലേക്കായി സഞ്ജു സാംസൺ, ജിതേഷ് ശർമ, കെഎൽ രാഹുൽ, ഇഷാൻ കിഷൻ എന്നിവർ തമ്മിൽ പോരാട്ടം പുരോഗമിക്കുകയാണ്.

ഇവരിൽ രാഹുലും കിഷനും ഇതുവരെ മധ്യനിരയിൽ ബാറ്റ് ചെയ്തിട്ടില്ല. ഐപിഎല്ലിലും മുൻനിരയിൽ തന്നെയാണ് ഇവർ ബാറ്റ് ചെയ്യുന്നത്. അതിനാൽ തന്നെ ഈ താരങ്ങൾക്ക് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഇടം പിടിക്കുക എന്നത് അല്പം ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. ഇതിനൊപ്പം ഹർദിക് പാണ്ഡ്യയുടെ ബോളിംഗ് ഫിറ്റ്നസ് സംബന്ധിച്ച് വലിയ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്.

എന്നിരുന്നാലും ഹർദിക് പാണ്ഡ്യ, വിരാട് കോഹ്ലി തുടങ്ങിയ താരങ്ങൾ നേരിട്ട് ടീമിലേക്കെത്തും എന്നാണ് സൂചനകൾ. രോഹിത് ശർമ, സൂര്യകുമാർ യാദവ്, ബൂമ്ര, രവീന്ദ്ര ജഡേജ, പന്ത്, അർഷദീപ് സിംഗ്, മുഹമ്മദ് സിറാജ്, കുൽദീപ് എന്നിവരും ടീമിലേക്ക് എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ മറ്റു യുവതാരങ്ങൾക്ക് ടീമിലേക്ക് എത്തുക എന്നത് അല്പം കഠിനമേറിയ കാര്യമായേക്കും.

Scroll to Top