ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനു രണ്ടാം വിജയം. ആവേശ പോരാട്ടത്തില്‍ ഗുജറാത്തിനെതിരെ അഞ്ച് റണ്‍സിന്‍റെ വിജയമാണ് രോഹിത് ശര്‍മ്മയും സംഘവും നേടിയത്. അവസാന ഓവറില്‍ വിജയിക്കാന്‍ 9 റണ്‍സ് വേണമെന്നിരിക്കെ ഡാനിയല്‍ സാംസ് വെറും 3 റണ്‍സ് മാത്രമാണ് വഴങ്ങിയത്.
നേരത്തെ 178 റണ്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിനായി മികച്ച തുടക്കമാണ് ലഭിച്ചത്. സാഹയും – ഗില്ലും ചേര്‍ന്ന് ഓപ്പണിംഗില്‍ 106 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരുവരേയും പുറത്താക്കി മുരുഗന്‍ അശ്വിന്‍ ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ സായി സുദര്‍ശന്‍ ഹിറ്റ് വിക്കറ്റായത് ഗുജറാത്ത് ക്യാംപിനെ പരിഭ്രാന്തരാക്കി.
16ാം ഓവറാല്‍ കീറോണ്‍ പൊള്ളാര്‍ഡിന്‍റെ സ്ലോ ബൗണ്‍സറില്‍ സായി സുദര്‍ശന്‍റെ ബാലന്‍സ് നഷ്ടപ്പെട്ടു. ഇതോടെ ബാറ്റ് സ്റ്റംപിലിടച്ചതിനാല്‍ പുറത്തു പോകേണ്ടി വന്നു. 11 പന്തില്‍ 14 റണ്‍സാണ് താരം നേടിയത്. ഈ വിക്കറ്റ് വീണതോടെ ഗുജറാത്ത്, 138 ന് 3 എന്ന നിലയിലായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിനു മികച്ച തുടക്കമാണ് ലഭിച്ചത്. രോഹിത് ശര്‍മ്മ (28 പന്തില്‍ 43) ഇഷാന്‍ കിഷന്‍ (29 പന്തില്‍ 45) എന്നിവര്‍ മികച്ച പ്രകടനം നടത്തി. അവസാന നിമിഷം ടിം ഡേവിഡ് (21 പന്തില്‍ 44) ആണ് മുംബൈയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഗുജറാത്തിനായി റാഷീദ് ഖാന്‍ 2 വിക്കറ്റ് വീഴ്ത്തി.