റെക്കോർഡുകൾ എപ്പോഴും തകർക്കപ്പെടാനുള്ളതാണ്. 2023 ഏകദിന ലോകകപ്പിനിടെ സച്ചിൻ രണ്ടുൽക്കറുടെ 49 ഏകദിന സെഞ്ചുറികൾ എന്ന വമ്പൻ റെക്കോർഡ് വിരാട് കോഹ്ലി തകർക്കുകയുണ്ടായി. എന്നാൽ ക്രിക്കറ്റിൽ എന്നെന്നും നിലനിൽക്കുന്ന ചില വമ്പൻ റെക്കോർഡുകളുമുണ്ട്. മുത്തയ്യ മുരളീധരന്റെ 800 ടെസ്റ്റ് വിക്കറ്റുകൾ, ബ്രയാൻ ലാറയുടെ ടെസ്റ്റ് ക്രിക്കറ്റിലെ 400 റൺസ്, രോഹിത് ശർമയുടെ ഏകദിനത്തിലെ 264 റൺസ്.. ഈ റെക്കോർഡുകളൊക്കെയും തകർക്കണമെങ്കിൽ അതിനൊത്ത കളിക്കാർ തന്നെ മൈതാനത്ത് ഇറങ്ങേണ്ടി വരും. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ, ഒരു ഇന്നിംഗ്സിലെ 400 റൺസ് എന്ന റെക്കോർഡ് മറികടക്കാൻ ഒരു ഇന്ത്യൻ താരത്തിന് സാധിക്കും എന്നാണ് വിൻഡീസ് ഇതിഹാസം ലാറ ഇപ്പോൾ പറയുന്നത്. തന്റെ റെക്കോർഡ് മറികടക്കാൻ സാധിക്കുന്ന ഇന്ത്യൻ ബാറ്റർ ശുഭമാൻ ഗില്ലാണ് എന്നും ലാറ പറയുകയുണ്ടായി.
“ശുഭ്മാൻ ഗില്ലിന് എന്റെ 400 റൺസ് എന്ന റെക്കോർഡ് തകർക്കാൻ സാധിക്കും. പുതിയ തലമുറയിലെ ഏറ്റവും കഴിവുള്ള പ്രഗൽഭനായ ബാറ്ററാണ് ഗിൽ. ഇനിയുള്ള വർഷങ്ങളിൽ ക്രിക്കറ്റിനെ ഭരിക്കാൻ പോകുന്നത് ശുഭമാൻ ഗില്ലായിരിക്കും. അതിനാൽ തന്നെ വരും നാളുകളിൽ അവൻ എല്ലാത്തരം റെക്കോർഡുകളും തകർത്തെറിയും എന്ന കാര്യം ഉറപ്പാണ്.”- ലാറ പറഞ്ഞു. 2004ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു ലാറ ഒരു ഇന്നിംഗ്സിൽ 400 റൺസ് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ ഒരു ഇന്നിങ്സിൽ 400 റൺസ് സ്വന്തമാക്കിയ ഒരേയൊരു താരവും ലാറ തന്നെയാണ്. 1994ൽ കൗണ്ടി ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ 501 റൺസ് നേടാനും ലാറക്ക് സാധിച്ചിരുന്നു. ഈ റെക്കോർഡോക്കെയും ഗിൽ മറികടക്കുമെന്നാണ് ലാറ പറയുന്നത്.
‘അവൻ റെക്കോർഡുകൾ തകർക്കുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ഇത്തവണത്തെ ഏകദിന ലോകകപ്പിൽ സെഞ്ചുറികളൊന്നും സ്വന്തമാക്കാൻ ഗില്ലിന് സാധിച്ചിരുന്നില്ല. പക്ഷേ അയാൾ ഇതുവരെ കളിച്ച പ്രകടനങ്ങൾ ഒന്ന് പരിശോധിച്ചു നോക്കൂ. എല്ലാ ഫോർമാറ്റിലും സെഞ്ച്വറികൾ സ്വന്തമാക്കാൻ ഗില്ലിന് സാധിച്ചിട്ടുണ്ട്. ഏകദിനത്തിൽ ഒരു ഡബിൾ സെഞ്ചുറിയും നേടിയിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിലും ഒരുപാട് മാച്ച് വിന്നിങ് പ്രകടനങ്ങൾ കാഴ്ചവെച്ചു കഴിഞ്ഞു. ഭാവിയിൽ ഐസിസി ടൂർണമെന്റുകളിൽ സെഞ്ചുറികൾ കൊണ്ട് കോട്ട തീർക്കാൻ പോകുന്ന താരമാവും ഗിൽ. “- ബ്രയാൻ ലാറ കൂട്ടിച്ചേർക്കുന്നു.
“അയാൾ ബാറ്റ് ചെയ്യുന്ന രീതി അവിസ്മരണീയം തന്നെയാണ്. ഒരു വലിയ വിശ്വാസം അയാൾക്ക് അയാളിലുണ്ട്. പേസ് ബോളർമാർക്കെതിരെ ക്രീസിൽ നിന്നിറങ്ങി സ്ട്രെയിറ്റ് ബൗണ്ടറികൾ നേടാൻ ഗല്ലിന് സാധിക്കുന്നുണ്ട്. അതൊക്കെ വിശ്വസനീയം തന്നെയാണ്. ഗില്ലിന് കൗണ്ടി ക്രിക്കറ്റിൽ കളിക്കാൻ സാധിച്ചാൽ എന്റെ 501 റൺസെന്ന റെക്കോർഡും മറികടക്കാൻ സാധിക്കും. ടെസ്റ്റ് ക്രിക്കറ്റിൽ അയാൾ ഉറപ്പായും എന്റെ 400 റൺസ് മറികടക്കും. ഇപ്പോൾ ക്രിക്കറ്റിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. എല്ലാ ബാറ്റർമാരും ട്വന്റി20 ലീഗുകൾ കളിക്കുന്നുണ്ട്. ഐപിഎൽ വലിയ വിപ്ലമുണ്ടാക്കി കഴിഞ്ഞു. സ്കോറിംഗ് റേറ്റുകൾ എല്ലായിടത്തും ഉയരുകയാണ്. അതിനാൽ തന്നെ വലിയ സ്കോറുകൾ ബാറ്റർമാർക്ക് കണ്ടെത്താൻ സാധിക്കുന്നുണ്ട്.”- ലാറ പറഞ്ഞു വയ്ക്കുന്നു.