ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ സംഭവമായി ഇപ്പോൾ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ ഏറെ അവിചാരിതമായ തോൽവി ഇതിനകം മാറികഴിഞ്ഞു. ഫൈനലിൽ എട്ട് വിക്കറ്റ് തോൽവി ന്യൂസിലാൻഡ് ടീമിനോട് വഴങ്ങിയ കോഹ്ലിയും സംഘവും പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടമാണ് സതാംപ്ടണിൽ നഷ്ടമാക്കിയത്. രണ്ട് ഇന്നിങ്സിലും ബാറ്റിങ്ങിൽ ഇന്ത്യൻ താരങ്ങൾക്ക് പിടിച്ചുനിൽക്കുവാൻ ഒട്ടും കഴിഞ്ഞില്ലയെന്നത് ആരാധകരെ എല്ലാം ചൊടിപ്പിച്ചിട്ടുണ്ട്.ബാറ്റിങ് നിരയിൽ ഏറെ മാറ്റങ്ങൾക്ക് ഭാവി ടെസ്റ്റ് പരമ്പരകൾക്ക് മുന്നോടിയായി സാധ്യതയുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഓപ്പണിങ്ങിൽ ശുഭ്മാൻ ഗിൽ അർദ്ധ സെഞ്ച്വറി പോലും നേടുവാൻ കഴിയാതെ പുറത്താകുന്നതും ആരാധകർ പലരും വിമർശിക്കുന്നുണ്ട്.
എന്നാൽ ഓപ്പണിങ്ങിൽ ഗിൽ :രോഹിത് ജോഡി തന്നെ തുടരണമെന്ന് ആവശ്യം ഉന്നയിക്കുകയാണ് മുൻ ഇന്ത്യൻ താരവും പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. ഗിൽ ബാറ്റിങ്ങിൽ പുരോഗതി ഇനിയും കാഴ്ചവെച്ചിട്ടില്ല എന്ന് തുറന്ന് സമ്മതിച്ച ചോപ്ര ഗിൽ :രോഹിത് സഖ്യം തന്നെയാവും വരാനിരിക്കുന്ന ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലും പ്രഥമ പരിഗണന നേടി കളിക്കുകയെന്നും ചോപ്ര വിശദമാക്കി.
“ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിൽ എന്റെ അഭിപ്രായത്തിൽ ഓപ്പണിങ് റോളിൽ കളിക്കുക ഗിൽ തന്നെയാവും. ഭാവി മുന്നിൽ കണ്ടാണ് നമ്മൾ മികച്ച ടീമിനെ സെലക്ട് ചെയ്യുന്നത്.രോഹിത് ശർമ ടെസ്റ്റിൽ സ്ഥിര ഓപ്പണർ സ്ഥാനം തന്റെ മികച്ച പ്രകടനത്താൽ ഉറപ്പിച്ച് കഴിഞ്ഞു. ഗില്ലിന് പരിചയസമ്പത്ത് വളരെയേറെ കുറവാണ്. കൂടാതെ തന്റെ ഫുട് വർക്ക് കൂടി അദ്ദേഹം ശരിയാക്കണം. ഭാവിക്ക് ആവശ്യം ഗിൽ ഓപ്പണറായി എത്തേണ്ടത് തന്നെയാണ്. ഒരിക്കലും രാഹുൽ ടെസ്റ്റ് ടീമിൽ ഓപ്പണർ റോളിൽ എത്തില്ല. മറ്റ് ഒരു ചോയിസ് മികച്ച ഫോമിൽ തന്നെ തുടരുന്ന മായങ്ക് അഗർവാളാണ്”ചോപ്ര അഭിപ്രായം വ്യക്തമാക്കി.