അവൻ ഇന്ത്യയ്ക്കായി 3 ഫോർമാറ്റിലും കളിക്കാൻ അർഹൻ. യുവതാരത്തെപ്പറ്റി ഗൗതം ഗംഭീർ.

2023 ഐപിഎല്ലിൽ മികച്ച പ്രകടനം രാജസ്ഥാൻ റോയൽസ് ടീമിന് വേണ്ടി കാഴ്ചവെച്ച ഓപ്പണറാണ് ജെയ്‌സ്വാൾ. ടൂർണമെന്റിലുടനീളം മിന്നും പ്രകടനം കാഴ്ചവെച്ച ജെയ്‌സ്വാളിനെ ഇന്ത്യ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും കളിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ഇപ്പോൾ. ഐപിഎല്ലിൽ മാത്രമല്ല മറ്റു ആഭ്യന്തര മത്സരങ്ങളിലും വളരെ മികച്ച പോരാട്ട വീര്യമാണ് ജെയ്‌സ്വാൾ പുറത്തെടുത്തത് എന്നാണ് ഗംഭീർ പറയുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യൻ ടീമിൽ മൂന്ന് ഫോർമാറ്റിലും കളിക്കാൻ അവൻ അർഹനാണെന്നും ഗംഭീർ അവകാശപ്പെടുന്നു.

“ജെയ്‌സ്വാൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ മാത്രമല്ല നന്നായി കളിച്ചിട്ടുള്ളത്. ആഭ്യന്തര ക്രിക്കറ്റിൽ അവൻ ഡബിൾ സെഞ്ച്വറി കരസ്ഥമാക്കിയിട്ടുണ്ട്. മാത്രമല്ല ട്രിപ്പിൾ സെഞ്ച്വറിയും നേടിയിട്ടുണ്ട്. മുൻപ് വിജയ് ഹസാരേ ട്രോഫിയിൽ ജെയ്‌സ്വാൾ ഡബിൾ സെഞ്ച്വറി നേടിയിരുന്നു. ഇതൊക്കെയും സൂചിപ്പിക്കുന്നത് അവന്റെ കാലിബർ തന്നെയാണ്. ഈ സാഹചര്യത്തിൽ ജെയ്‌സ്വാളിനെ മൂന്ന് ഫോർമാറ്റുകളിലും കളിപ്പിക്കാനായി ഇന്ത്യ തയ്യാറാവണം എന്നാണ് എന്റെ അഭിപ്രായം.”- ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഗംഭീർ കൂട്ടിച്ചേർത്തു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇതുവരെ വമ്പൻ പ്രകടനങ്ങൾ തന്നെയാണ് ഈ യുവതാരം കാഴ്ച വെച്ചിട്ടുള്ളത്. ബംഗ്ലാദേശ് എ ടീമിനെതിരായ ഇന്ത്യ എ ടീമിന്റെ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി ജെയ്‌സ്വാൾ സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ ആഭ്യന്തര ലീഗായ ഇറാനി കപ്പിലും ജെയ്‌സ്വാൾ സെഞ്ച്വറി നേടി എല്ലാവരെയും ഞെട്ടിച്ച ചരിത്രമുണ്ട്. മാത്രമല്ല കഴിഞ്ഞ ഐപിഎൽ സീസണിൽ ജെയ്‌സ്വാളിന്റെ ഒരു നിറഞ്ഞാട്ടം തന്നെ കാണാൻ സാധിച്ചിരുന്നു. 2023 ഐപിഎല്ലിൽ 14 മത്സരങ്ങൾ കളിച്ച ജെയ്‌സ്വാൾ 625 റൺസ് ആയിരുന്നു നേടിയത്. സീസണിൽ ഒരു സെഞ്ച്വറിയും 5 അർത്ഥ സെഞ്ചുറികളും ജെയ്‌സ്വാൾ കരസ്ഥമാക്കി.

ഇതുവരെ 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് ജെയ്‌സ്വാൾ കളിച്ചിട്ടുള്ളത്. 80 റൺസ് ശരാശരിയിൽ 1845 റൺസ് ജെയ്‌സ്വാൾ നേടിയിട്ടുണ്ട്. അതിനാൽ തന്നെ വരാനിരിക്കുന്ന ഇന്ത്യയുടെ വിൻഡീസിനെതിരായ പര്യടനത്തിൽ ടീമിൽ ഉൾപ്പെടുത്തും എന്നാണ് പ്രതീക്ഷ. ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ മാറ്റങ്ങൾക്ക് ശ്രമിക്കുന്നുണ്ട് എന്ന് റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ സീനിയർ താരങ്ങൾക്ക് പകരം ജെയ്‌സ്വാൾ ടീമിൽ ഇടം പിടിക്കാൻ സാധ്യതകൾ ഏറെയാണ്. അങ്ങനെയെങ്കിൽ ഈ യുവതാരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ അവസരം തന്നെയാവും അത്.

Previous articleഇതിലും ഗതികേട്ടവൻ വേറെ ആരുണ്ട്. പന്ത് കറങ്ങിതിരിഞ്ഞ് സ്റ്റമ്പിൽ കയറി, ഞെട്ടിത്തരിച്ച് ബ്രുക്ക്
Next articleഭയക്കേണ്ട, ഇന്ത്യക്കാരുടെ മുമ്പിൽ വച്ച് അവരുടെ ടീമിലെ തോൽപ്പിച്ചു വരൂ. പാകിസ്ഥാൻ ടീമിന് അഫ്രീദിയുടെ മോട്ടിവേഷൻ.