ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചാണ് വിരാട് കോഹ്ലി തന്റെ ടെസ്റ്റ് ക്യാപ്റ്റൻ റോൾ ഒഴിഞ്ഞത്. ടി :20, ഏകദിന ക്യാപ്റ്റൻ സ്ഥാനം രോഹിത് ശർമ്മക്ക് കൈമാറിയ കോഹ്ലി ടെസ്റ്റ് നായകന്റെ കുപ്പായവും അഴിക്കുമ്പോൾ ഇന്ത്യൻ ടീം പുതിയ യുഗത്തിലേക്കാണ് കടക്കുന്നത്. സൗത്താഫ്രിക്കക്ക് എതിരായ കേപ്ടൗൺ ക്രിക്കറ്റ് ടെസ്റ്റിൽ തോൽവി വഴങ്ങി ടെസ്റ്റ് പരമ്പര 2-1ന് നഷ്ടമാക്കിയ ശേഷമാണ് കോഹ്ലിയുടെ ഈ തീരുമാനമെന്നത് ശ്രദ്ധേയം.
വിരാട് കോഹ്ലിയുടെ ഈ ഒരു തീരുമാനത്തിൽ മുൻ താരങ്ങളും ടീമിലെ സഹതാരങ്ങളും ഞെട്ടൽ രേഖപെടുത്തി രംഗത്ത് എത്തുമ്പോൾ ഇക്കാര്യത്തിൽ വളരെ വ്യത്യസ്ത അഭിപ്രായവുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ.ക്യാപ്റ്റൻ സ്ഥാനം മാറി എന്ന് കരുതി കോഹ്ലിയിൽ നിന്നും ഒരു മാറ്റവും താൻ പ്രതീക്ഷിക്കുന്നില്ല എന്നാണ് ഗംഭീറിന്‍റെ അഭിപ്രായം.
സൗത്താഫ്രിക്കക്ക് എതിരായ ഏകദിന പരമ്പര നാളെ ആരംഭിക്കുമ്പോൾ ക്യാപ്റ്റൻ സ്ഥാനം എല്ലാം ഒഴിഞ്ഞ വിരാട് കോഹ്ലി പുതിയ ശൈലിയിൽ കളിയെ സമീപിക്കുന്നത് കാണാൻ സാധിക്കുമോ എന്നാണ് ഗൗതം ഗംഭീറിനോടായി ഒരു ചാനൽ ചർച്ചയിൽ ചോദിച്ച ചോദ്യം. ” ക്യാപ്റ്റൻ സ്ഥാനത്തിൽ നിന്നും മാറി എന്ന് കരുതി കോഹ്ലിയിൽ ഒരു തരത്തിലുള്ള മാറ്റവും ആവശ്യമില്ല.ഒരിക്കലും ഇന്ത്യൻ ടീമിൽ നായകന്റെ കുപ്പായം ആർക്കും ജന്മവകാശം അല്ല. അതിനാൽ തന്നെ കോഹ്ലി നായകസ്ഥാനം ഒഴിഞ്ഞത് ഒരു മാറ്റമല്ല.രണ്ട് ലോകകപ്പും നാല് ഐപിൽ കിരീടവുമുള്ള ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ശേഷം കോഹ്ലിക്ക് കീഴിൽ കളിച്ചത് നാം കണ്ടതാണ്. ” ഗംഭീർ അഭിപ്രായം വിശദമാക്കി.
“ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞെന്ന് കരുതി എന്ത് മാറ്റമാണ് നിങ്ങൾ എല്ലാം തന്നെ കോഹ്ലിയിൽ നിന്നും പ്രതീക്ഷിക്കുന്നത്. നായകന്റെ കുപ്പായം ജന്മവകാശമല്ല. അതിനാൽ തന്നെ ടീമിനായി കൂടുതൽ ജയം സാമ്മാനിക്കുന്നതിലും മികച്ച പ്രകടനത്തിലുമാകണം കോഹ്ലിയുടെ ഇനിയുള്ള എല്ലാ പ്രതീക്ഷയും.ഇന്ത്യക്ക് വേണ്ടി കളിക്കാനാണ് ആരും തന്നെ ഈ സമയം ക്യാപ്റ്റൻസി സ്വപ്നം കാണില്ല. കൂടുതൽ റൺസ് നേടാനും ഇന്ത്യൻ ടീമിനെ മികച്ച ജയങ്ങളിലേക്ക് കൂടി എത്തിക്കാനും കോഹ്ലി ശ്രമിക്കണം ” ഗംഭീർ ഉപദേശിച്ചു.