രോഹിത്-കോഹ്ലി-ബുമ്ര. ആർക്കും തടുക്കാനാവാത്ത ഇന്ത്യൻ കോമ്പോയെ പ്രശംസിച്ച് മുൻ താരങ്ങൾ.

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കിയതോടെ ഇന്ത്യയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരങ്ങളൊക്കെയും. എല്ലാവരും രോഹിത് ശർമയുടെയും ബുമ്രയുടെയും പ്രകടനങ്ങളെ പുകഴ്ത്തിയാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ രണ്ടു മത്സരങ്ങളിലെയും ഇന്ത്യൻ താരങ്ങളുടെ പ്രകടനം കണക്കിലെടുത്ത് സംസാരിച്ചിരിക്കുകയാണ് മുൻ താരങ്ങൾ. വീരേന്ദർ സേവാഗ്, വിഎസ് ലക്ഷ്മൺ, യുവരാജ് സിംഗ്, അനിൽ കുംബ്ലെ, സുരേഷ് റെയ്‌ന, മുഹമ്മദ് കൈഫ് അടക്കമുള്ള താരങ്ങൾ ഇന്ത്യയുടെ ഈ തകർപ്പൻ പ്രകടനത്തിനുള്ള പ്രശംസ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

ഇന്ത്യയെ പ്രശംസിച്ചുകൊണ്ട് ആദ്യം രംഗത്തെത്തിയത് വീരേന്ദർ സേവാഗായിരുന്നു. “വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും ബാറ്റിംഗ് ആസ്വദിക്കുമ്പോൾ നല്ല അനുഭവമാണ്. വിരാട് നിലവിൽ മികച്ച ഫോമിലാണുള്ളത്. 2 റൺസിന് 3 വിക്കറ്റ് നഷ്ടമായാലും, 150 റൺസിന് ഒരു വിക്കറ്റ് നഷ്ടമായാലും വിരാട് കോഹ്ലി തന്റേതായ രീതിയിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നുണ്ട്. എന്തായാലും വിരാടിനെ സംബന്ധിച്ച് എക്കാലവും ഓർത്തു വയ്ക്കാൻ സാധിക്കുന്ന ലോകകപ്പാവും ഇത്തവണത്തെത് എന്നെനിക്കുറപ്പാണ്. രോഹിത്തും ഇത്തരത്തിൽ നല്ല ഫ്ലോയിലാണ് കളിക്കുന്നത്. അത് കാണാൻ തന്നെ ഭംഗിയാണ്. രോഹിത്, വിരാട്, ബൂമ്ര. മൂന്നു പരിചയസമ്പന്നനായ താരങ്ങളും അഫ്ഗാനിസ്ഥാനെതിരായ വിജയത്തിൽ വലിയ പങ്കുവഹിച്ചു. അഭിനന്ദനങ്ങൾ.”- വിരേന്ദർ സേവാഗ് കുറിച്ചു.

ഇന്ത്യൻ മുൻ താരം ലക്ഷ്മണും വിജയത്തിന് ആശംസകളുമായി രംഗത്തെത്തി. “ഈ തകർപ്പൻ വിജയത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ. ബുമ്രയുടെ നേതൃത്വത്തിൽ മികച്ച ബോളിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ലോകകപ്പിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി രോഹിത് മത്സരത്തിൽ നേടുകയുണ്ടായി.

ഇഷാനും വിരാട് കോഹ്ലിയും തങ്ങളുടെ മികച്ച ഫോം തുടരുകയാണ്. എന്തായാലും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്.”- ലക്ഷ്മൺ പറഞ്ഞു. “വളരെ മികച്ച ഒരു ദിവസമാണ് കടന്നുപോകുന്നത്. രോഹിത് ശർമ ഒരു അത്യുഗ്രൻ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. ഇഷാൻ കിഷനും വളരെ സ്മാർട്ടായി കളിച്ചു. രോഹിത് ശർമ ഒരുവശത്ത് വെടിക്കെട്ട് തീർക്കുമ്പോൾ മറുവശത്ത് ഇഷാൻ കിഷൻ ആക്രമിക്കാനല്ല ശ്രമിച്ചത്. അത് മികച്ച ഒരു തീരുമാനമായിരുന്നു.”- യുവരാജ് പറഞ്ഞു.

“വളരെ അവിസ്മരണീയമായ ഒരു നിമിഷം തന്നെയാണ് കാണാൻ സാധിച്ചത്. ഒരു അത്യുഗ്രൻ സെഞ്ചുറി തന്നെ രോഹിത് ശർമയിൽ നിന്നുണ്ടായി. ഇഷാൻ കിഷനുമൊത്തുള്ള രോഹിത് ശർമയുടെ കൂട്ടുകെട്ട് ഒരു മാജിക് തന്നെയായിരുന്നു. വളരെ അഭിമാനം തോന്നുന്നു.”- ഇന്ത്യൻ മുൻ താരം സുരേഷ് റെയ്ന കുറിച്ചു. “മറ്റൊരു ദിവസം, മറ്റൊരു അംഗീകാരം കൂടി സ്വന്തമാക്കിയിട്ടുണ്ട് ഹിറ്റ്മാൻ.

ഇന്ന് രോഹിത് ശർമ ശരിക്കും തീയായി മാറുകയായിരുന്നു. അവിസ്മരണീയമായ സെഞ്ച്വറിയാണ് മത്സരത്തിൽ നേടിയത്. മാത്രമല്ല ലോകകപ്പിൽ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരം എന്ന റെക്കോർഡും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം സിക്സറുകൾ നേടിയ താരം എന്ന റെക്കോർഡും രോഹിത് പേരിൽ ചേർത്തു.”- ശിഖർ ധവാൻ കുറിച്ചു. ഇങ്ങനെ എല്ലാ താരങ്ങളും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്.

Previous article“ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കം നൽകാൻ രോഹിത് ഒരുപാട് സെഞ്ച്വറികൾ ത്യജിച്ചിട്ടുണ്ട്.” – ഗവാസ്കർ പറയുന്നു
Next articleഇന്ത്യ പാക്ക് പോരാട്ടത്തിന് മുന്‍പ് പാക്‌ ടീമിന് സര്‍പ്രൈസ്. ഫ്ലൈറ്റില്‍ ലഭിച്ച സ്വീകരണം കണ്ടോ