2023ലെ ഏഷ്യാകപ്പിലും ലോകകപ്പിലും ഇന്ത്യ വളരെയധികം പ്രതീക്ഷ വച്ചിരുന്ന താരമാണ് ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ. ഒരു പേസ് ബോളിംഗ് ഓൾറൗണ്ടർ ആയതിനാൽ പാണ്ഡ്യയുടെ സേവനം ഇന്ത്യയ്ക്ക് ഒരു സന്തുലിതാവസ്ഥ നൽകുന്നുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു മത്സരങ്ങളിലെ പാണ്ഡ്യയുടെ പ്രകടനം അത്ര മികച്ചതല്ല.
പല സമയത്തും പരിക്കിന്റെ പിടിയിലായ പാണ്ഡ്യ തിരിച്ചു വന്നപ്പോഴൊക്കെയും മികച്ച പ്രകടനം ഇന്ത്യക്കായി നടത്താൻ സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. ഈ സാഹചര്യത്തിൽ പാണ്ഡ്യയുടെ ഫോമിനെ സംബന്ധിച്ചുള്ള തന്റെ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ബോളിങ്ങിലും ബാറ്റിങ്ങിലും ഹർദിക് പാണ്ഡ്യയുടെ പ്രകടനം തൃപ്തികരമല്ലെന്നും, ഇതിലും മികച്ച പ്രകടനങ്ങൾ പാണ്ഡ്യയിൽ നിന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്നുമാണ് ചോപ്ര പറയുന്നത്.
അവസാന ഒരു വർഷത്തെ ഹർദിക്കിന്റെ ഏകദിന മത്സരങ്ങളിലെ പ്രകടനങ്ങൾ കണക്കിലെടുത്താണ് ആകാശ് ചോപ്രയുടെ വിലയിരുത്തൽ. “കഴിഞ്ഞ ഒരു വർഷത്തിൽ 8 ഏകദിനങ്ങൾ മാത്രമാണ് ഹർദിക് പാണ്ഡ്യക്ക് കളിക്കാൻ സാധിച്ചത്. ഇതിൽ നിന്ന് ഒരു അർത്ഥസെഞ്ച്വറി ഉൾപ്പെടെ 198 റൺസ് ഈ ഓൾറൗണ്ടർ നേടിയിട്ടുണ്ട്. 8 മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റുകൾ സ്വന്തമാക്കാനും ഹർദിക്കിന് സാധിച്ചു. ഈ വർഷം 44 ഓവറുകളാണ് ഹർദിക് പാണ്ഡ്യ ആകെ എറിഞ്ഞിട്ടുള്ളത്. അതായത് ഒരു മത്സരത്തിൽ 6 ഓവറുകൾ പോലും എറിയാൻ പാണ്ഡ്യയ്ക്ക് സാധിച്ചിട്ടില്ല. ഇത് അത്ര മികച്ച കണക്കാണ് എന്നെനിക്ക് തോന്നുന്നില്ല.”- ചോപ്ര പറയുന്നു.
“നിലവിലെ ഇന്ത്യൻ ടീമിന്റെ സാഹചര്യങ്ങളിൽ നോക്കുമ്പോൾ ഹർദിക്കിൽ നിന്ന് ഇതിലും കൂടുതൽ പ്രതീക്ഷിച്ചിരുന്നു. അവൻ 6 ഓവറുകളിൽ കൂടുതൽ മത്സരത്തിൽ പന്തറിയും എന്നായിരുന്നു പ്രതീക്ഷ. ന്യൂ ബോളിലാണ് ഹർദിക് പാണ്ഡ്യ കൂടുതലായും പന്തെറിഞ്ഞിട്ടുള്ളത്. ഈ വർഷം 215 പന്തുകൾ ബാറ്റ് ചെയ്യാൻ ഹർദിക്കിന് സാധിച്ചു. അതായത് ഒരു മത്സരത്തിൽ ശരാശരി 25 മുതൽ 30 പന്തുകൾ വരെ ഹർദിക്ക് കളിച്ചു. പക്ഷേ ഒരു ഓൾറൗണ്ടർ എന്ന നിലയിൽ ഇതും അത്ര മികച്ച നമ്പറുകളല്ല.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.
നിലവിൽ ഇന്ത്യ തങ്ങളുടെ ടീമിലെ മൂന്നാം പേസ് ബോളറായാണ് ഹർദിക് പാണ്ഡ്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും സമീപകാലത്തെ ഹർദിക്കിന്റെ പ്രകടനങ്ങൾ ആശങ്ക ഉണ്ടാക്കുന്നുണ്ട്. നിർണായ സമയങ്ങളിൽ വിക്കറ്റുകൾ നേടാനോ റൺസ് കണ്ടെത്താനോ ഹർദിക്കിന് സാധിക്കാത്തത് ഇന്ത്യയ്ക്ക് ദൗർബല്യം തന്നെയാണ്. ഏഷ്യാകപ്പിലെ ആദ്യ മത്സരങ്ങളിലൂടെ ഹർദിക് തന്റെ പ്രതാപകാല ഫോമിലേക്ക് തിരികെയെത്തും എന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ.