ഷാഹീൻ അഫ്രീദിയുടെ മുമ്പിൽ ഇനിയും രോഹിത് മുട്ടുമടക്കില്ല.. അഫ്രീദിയെ നേരിടാൻ “പ്ലാൻ ബി” നിർദ്ദേശിച്ച് ബംഗാർ.

2023 ഏഷ്യാകപ്പിൽ ലോക ക്രിക്കറ്റ് ഉറ്റുനോക്കുന്ന മത്സരമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം. സെപ്റ്റംബർ രണ്ടിനാണ് മത്സരം നടക്കുന്നത്. വർഷങ്ങളായി ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോൾ മൈതാനത്തും മൈതാനത്തിന് പുറത്തും ഒരുപാട് വാഗ്വാദങ്ങൾ ഉണ്ടാവാറുണ്ട്. 2021 ട്വന്റി20 ലോകകപ്പിൽ ഒരു നാണംകെട്ട പരാജയം പാക്കിസ്ഥാനെതിരെ ഇന്ത്യയെ തേടിയെത്തിയിരുന്നു. മത്സരത്തിൽ 10 വിക്കറ്റുകൾക്ക് പാക്കിസ്ഥാൻ വിജയം കണ്ടപ്പോൾ ഇന്ത്യയ്ക്ക് ഭീഷണിയായി മാറിയത് ഇടങ്കയ്യൻ ബോളർ ഷാഹിൻ ഷാ അഫ്രീദി ആയിരുന്നു.

പിന്നീട് 2022 ട്വന്റി20 ലോകകപ്പിലേക്ക് വന്നപ്പോഴും അഫ്രീദിയുടെ തകർപ്പൻ ബോളിങ്ങിന് മുൻപിൽ ഇന്ത്യയുടെ മുൻനിര പതുങ്ങുന്നത് കണ്ടു. ഇതിൽ പ്രധാനിയായി മാറിയത് ഇന്ത്യയുടെ നായകൻ രോഹിത് ശർമയായിരുന്നു. അതിനാൽ തന്നെ 2023 ഏഷ്യാകപ്പിൽ അഫ്രീദിയെ നേരിടാൻ ഇന്ത്യ ഒരുങ്ങിയിരിക്കേണ്ടതുണ്ട്. ഇതിനായി രോഹിത്തിന് ഉപദേശങ്ങൾ നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ ഇപ്പോൾ.

രോഹിത് ഏതു തരത്തിൽ അഫ്രീദിയെ നേരിടണം എന്നാണ് ബംഗാർ പറയുന്നത്. അഫ്രീദിയുടെ ബോളുകളെ തലയുയർത്തി തന്നെ നേരിടാൻ രോഹിത് തയ്യാറാവണം എന്ന് ബംഗാർ കൂട്ടിച്ചേർക്കുന്നു. “ഷാഹിൻ അഫ്രീദിയുടെ ബോളിംഗ് ആംഗിളിനെ പറ്റി കൃത്യമായ ധാരണ രോഹിത്തിന് ഉണ്ടായിരിക്കണം. അഫ്രീദിയെ പോലെ ഒരു ഇടംകയ്യൻ ബോളർ സ്റ്റമ്പിലേക്ക് ആക്രമണം അഴിച്ചുവിടുമ്പോൾ ഏത് സമയത്ത് എവിടെയാണ് കളിക്കേണ്ടത് എന്ന കാര്യം കൃത്യമായി മനസ്സിൽ വയ്ക്കണം. ഒരു ബോളറെ നമ്മൾ ലക്ഷ്യം വയ്ക്കുകയാണെങ്കിൽ അവനെ തലയുയർത്തി തന്നെ നേരിടാൻ തയ്യാറാവണം. മിഡ് ഓൺ, മിഡ് വിക്കറ്റ്, മിഡ് ഓഫ് എന്നിവിടങ്ങളിലേക്ക് കൃത്യമായി ഷോട്ടുകൾ കളിക്കാൻ സാധിക്കണം.”- ബംഗാർ പറയുന്നു.

“ഷാഹിൻ അഫ്രീദിയുടെ പന്തുകൾ വായുവിൽ സിംഗ് ചെയ്യുന്നവയാണ്. അവ സിംഗ് ചെയ്ത് നേരെ സ്റ്റമ്പിലേക്ക് എത്തുകയാണ് പതിവ്. അതിനാൽ തന്നെ ഈ പന്തുകൾ മനസ്സിലാക്കണമെങ്കിൽ ഇടംകയ്യൻ പേസർമാർക്കെതിരെ രോഹിത് കൃത്യമായി പരിശീലനം നടത്തേണ്ടതുണ്ട്. അവർക്കെതിരെ വ്യത്യസ്തമായ ഷോട്ടുകൾ കളിച്ചു തയ്യാറാവാൻ രോഹിത് ശ്രമിക്കണം.”- ബംഗാർ കൂട്ടിച്ചേർക്കുന്നു.

രോഹിത് ശർമയ്ക്ക് മാത്രമല്ല, ഇന്ത്യൻ നിരയിലെ പല ബാറ്റർമാർക്കും ഇടംകയ്യൻ ബോളർമാർ എന്നും പേടിസ്വപ്നം തന്നെയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിൽ കാണുന്നത് ഇന്ത്യയുടെ ബാറ്റർമാരും പാകിസ്താന്റെ തീ തുപ്പുന്ന ബോളിങ്‌ നിരയും തമ്മിലുള്ള മത്സരമാണ്. ഇരുടീമുകളും 2022 ട്വന്റി20 ലോകകപ്പിലാണ് അവസാനമായി ഏറ്റുമുട്ടിയത്. ആ സമയത്ത് ഇന്ത്യയായിരുന്നു മത്സരത്തിൽ വിജയികളായി മാറിയത്. എന്നാൽ ഇത്തവണ കൂടുതൽ ശക്തമായിയാണ് പാകിസ്ഥാൻ ഏഷ്യാകപ്പിലെത്തുന്നത്. അതിനാൽ തന്നെ മത്സരം ഇന്ത്യയ്ക്ക് കടുക്കും എന്ന കാര്യത്തിൽ സംശയമില്ല.