അത് നടന്നില്ലെങ്കിൽ ഇന്ത്യ ലോകകപ്പ് നേടില്ല. ശക്തമായ നിർദ്ദേശവുമായി കപിൽ ദേവ്.

2023 ഏഷ്യാകപ്പ് മറ്റന്നാളാണ് ആരംഭിക്കുന്നത്. ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ താരതമ്യേന ദുർബലരായ നേപ്പാൾ പാക്കിസ്ഥാനെതിരെ മൈതാനത്തിറങ്ങും. ഇത്തവണ വലിയ പ്രതീക്ഷ തന്നെയാണ് ഇന്ത്യ ഏഷ്യാകപ്പിലേക്ക് വയ്ക്കുന്നത്. 2023ലെ ലോകകപ്പ് ഇന്ത്യൻ മണ്ണിൽ നടക്കുന്ന സാഹചര്യത്തിൽ ഏഷ്യാകപ്പിൽ ശക്തമായ ഒരു പ്രകടനം കാഴ്ചവയ്ക്കേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. ഇന്ത്യൻ താരങ്ങളുടെ പരിക്കിനെ പറ്റിയാണ് കപിൽ ദേവ് സംസാരിച്ചത്.

പരിക്കിൽ നിന്ന് തിരികെയെത്തിയ ഇന്ത്യൻ താരങ്ങൾക്ക് ഏകദിന ലോകകപ്പിന് മുമ്പ് ഫോമിലേക്ക് തിരികെവരാൻ അവസരങ്ങൾ നൽകേണ്ടതുണ്ട് എന്നാണ് കപിൽ ദേവ് പറയുന്നത്. ഇന്ത്യയുടെ മധ്യനിര ബാറ്റർമാരായ കെ എൽ രാഹുലിനെയും ശ്രേയസ് അയ്യരെയും ചൂണ്ടിക്കാട്ടി കൊണ്ടാണ് കപിൽ ദേവ് തന്റെ അഭിപ്രായം അറിയിച്ചിരിക്കുന്നത്. “രാഹുലും ശ്രേയസ് അയ്യരും ഇന്ത്യൻ മധ്യനിരയിലേക്ക് തിരിച്ചെത്തുകയാണ്. രണ്ടു ബാറ്റർമാരും ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ്. വളരെ പ്രധാനപ്പെട്ട ബാറ്റിംഗ് പൊസിഷനിലാണ് ഇരുവരും കളിക്കുന്നത്. അതുകൊണ്ടുതന്നെ ഈ രണ്ടു ബാറ്റർമാർക്കും ഫോമിലെത്താൻ സാധിക്കാതെ പോയാൽ അത് ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ ഒട്ടാകെ ബാധിക്കും.”- കപിൽ ദേവ് പറയുന്നു.

“ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യ കുറച്ച് തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. ഏകദിന ലോകകപ്പിന് മുൻപായി ഈ താരങ്ങൾക്ക് തങ്ങളുടെ ഫോമിലേക്ക് തിരികെ എത്താനായി ഇന്ത്യ അവസരം നൽകാൻ തയ്യാറാവണം.”- കപിൽ ദേവ് കൂട്ടിച്ചേർക്കുന്നു. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 17 വരെയാണ് ഇത്തവണത്തെ ഏഷ്യാകപ്പ് മത്സരങ്ങൾ നടക്കുന്നത്.

ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ് നിശ്ചയിച്ചിട്ടുള്ളത്. ശ്രീലങ്കൻ സാഹചര്യത്തിൽ, പരിക്കിൽ നിന്ന് തിരികെയെത്തുന്ന ഈ താരങ്ങൾക്ക് ഉൾപ്പെടെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചാൽ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾ വർദ്ധിക്കൂ.

50 ഓവർ ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ഏകദിന ഫോർമാറ്റിൽ തന്നെയാണ് ഇത്തവണത്തെ ഏഷ്യാകപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഏഷ്യാകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്ഥാനെതിരെ സെപ്റ്റംബർ രണ്ടിനാണ് നടക്കുന്നത്. ഈ മത്സരത്തോടുകൂടി ഇന്ത്യയുടെ ടീം ഘടന സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിക്ക് വലയ്ക്കുന്ന ഇന്ത്യയെ സംബന്ധിച്ച് ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ലഭിക്കുന്ന അവസരമാണ് പാകിസ്ഥാനെതിരായ പോരാട്ടം.