ഓസീസ് മണ്ണിൽ ഇന്ത്യൻ വിജയപതാക. 295 റൺസിന്റെ വിജയം നേടി ഇന്ത്യ.

ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 295 റൺസിന്റെ ചരിത്രവിജയമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യക്കായി മത്സരത്തിൽ ബാറ്റിംഗിൽ തിളങ്ങിയത് സെഞ്ചുറികൾ സ്വന്തമാക്കിയ ജയസ്വാളും വിരാട് കോഹ്ലിയുമാണ്.

ബോളിങ്ങിൽ ഇന്ത്യൻ നായകൻ ജസ്പ്രീത് ബൂമ്ര 2 ഇന്നിംഗ്സിലും അങ്ങേയറ്റം മികച്ച പ്രകടനം കാഴ്ചവച്ചതോടെ ഓസ്ട്രേലിയൻ മണ്ണിൽ മറ്റൊരു വിജയം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ പരമ്പരയിൽ 1-0ന് മുൻപിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ഒരു ബാറ്റിംഗ് ദുരന്തമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. പിച്ചിൽ നിന്ന് ലഭിച്ച സഹായങ്ങൾ ഓസ്ട്രേലിയ അങ്ങേയറ്റം മികച്ച രീതിയിൽ ഉപയോഗിച്ചപ്പോൾ ഇന്ത്യ തങ്ങളുടെ ആദ്യ ഇന്നിംഗ്സിൽ കേവലം 150 റൺസിന് പുറത്താകുകയാണ് ഉണ്ടായത്. 41 റൺസ് നേടിയ അരങ്ങേറ്റക്കാരനായ നിതീഷ് റെഡ്ഡിയായിരുന്നു ഇന്ത്യൻ നിരയിലെ ടോപ്പ് സ്കോറർ. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയെയും അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. കൃത്യമായ സമയങ്ങളിൽ വിക്കറ്റുകൾ സ്വന്തമാക്കി ഓസ്ട്രേലിയയെ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ വരിഞ്ഞു മുറുകി.

കേവലം 104 റൺസ് മാത്രമാണ് ഓസ്ട്രേലിയയ്ക്ക് തങ്ങളുടെ ആദ്യ ഇന്നിംഗ്സിൽ സ്വന്തമാക്കാൻ സാധിച്ചത്. ഇന്ത്യൻ നിരയിൽ നായകൻ ബൂമ്ര 5 വിക്കറ്റുകൾ നേടി മികവ് പുലർത്തി. ഇതോടെ ഇന്ത്യയ്ക്ക് ആദ്യ ഇന്നിംഗ്സിൽ 46 റൺസിന്റെ ലീഡും ലഭിച്ചു. ഈ ലീഡ് രണ്ടാം ഇന്നിങ്സിൽ കൃത്യമായി മുതലാക്കാൻ ഇന്ത്യൻ ബാറ്റർമാർക്ക് സാധിച്ചു. ഓപ്പണർ ജയസ്വാളും വിരാട് കോഹ്ലിയും ഇന്നിംഗ്സിൽ അഴിഞ്ഞാടിയപ്പോൾ ഓസ്ട്രേലിയൻ ബോളർമാർക്ക് ഉത്തരം ഉണ്ടായിരുന്നില്ല. ഓപ്പണർ ജയസ്വാൾ 297 പന്തുകളിൽ 161 റൺസാണ് സ്വന്തമാക്കിയത്. കോഹ്ലി 143 പന്തുകളിൽ 100 റൺസ് നേടുകയുണ്ടായി. ഇതോടെ ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 487 റൺസിന് ഡിക്ലയർ ചെയ്യുകയായിരുന്നു.

534 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യമാണ് ഓസ്ട്രേലിയക്ക് മുൻപിൽ രണ്ടാം ഇന്നിങ്സിൽ ഉണ്ടായിരുന്നത്. എന്നാൽ മത്സരത്തിന്റെ മൂന്നാം ദിവസം തന്നെ ഓസ്ട്രേലിയയുടെ മുൻനിര ബാറ്റർമാരെ കൂടാരം കയറ്റാൻ ബൂമ്രയ്ക്ക് സാധിച്ചു. ശേഷം നാലാം ദിവസം ഓസ്ട്രേലിയ പൊരുതാൻ ശ്രമിച്ചെങ്കിലും വിജയലക്ഷ്യം ഒരുപാട് അകലെയായിരുന്നു. ഓസ്ട്രേലിയക്കായി രണ്ടാം ഇന്നിങ്‌സിൽ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത് ട്രാവിസ് ഹെഡാണ്. 101 പന്തുകളിൽ 89 റൺസാണ് ഹെഡ് നേടിയത്. എന്നാൽ പരാജയത്തെ തടുക്കാൻ ഹെഡിനും സാധിച്ചില്ല.

മൂന്നിന് 12 എന്ന നിലയിലാണ് ഓസീസ് നാലാം ദിവസം ബാറ്റിംഗ് ആരംഭിച്ചത്. ഉസ്മാന്‍ ഖവാജയെ (4) നാലാം ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ പറഞ്ഞയച്ച് മുഹമ്മദ് സിറാജ് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കി. തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ മാത്രമാണ് ഖവാജ കൂട്ടിചേര്‍ത്തത്, റിഷഭ് പന്തിന് ക്യാച്ച്. പിന്നാലെ സ്റ്റീവന്‍ സ്മിത്തും (17) മടങ്ങി. സിറാജിന്റെ തന്നെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി. ഹെഡിനൊപ്പം 62 റണ്‍സ് ചേര്‍ത്താണ് സ്മിത്ത് മടങ്ങുന്നത്. തുടര്‍ന്ന് ഹെഡ് – മിച്ചല്‍ മാര്‍ഷ് (47) സഖ്യം 81 റണ്‍സ് കൂട്ടിചേര്‍ത്തു. 

Previous articleപുതിയ ബോളിംഗ് ത്രയം രൂപീകരിച്ച് രാജസ്ഥാൻ. ഇനി ആർച്ചർ – ഹസരംഗ – തീക്ഷണ യുഗം.
Next articleഞങ്ങൾ ഞങ്ങളുടെ പ്രകടനത്തിൽ വിശ്വസിച്ചു, മികച്ച തുടക്കം. വിജയത്തിനെ പറ്റി ബുംറ പറയുന്നു.