ദുലീപ് ട്രോഫിയിൽ സഞ്ജുവിന്റെ വെടിക്കെട്ട്. 83 പന്തിൽ 89* റൺസ്. ഇന്ത്യ ഡി മികച്ച നിലയിലേക്ക്

sanjusamson 1704590816

ദുലീപ് ട്രോഫിയിൽ മലയാളി താരം സഞ്ജു സാംസന്റെ വെടിക്കെട്ട്. ടൂർണമെന്റിൽ ഇന്ത്യൻ ഡിയുടെ ഇന്ത്യ ബി ടീമിനെതിരായ മത്സരത്തിലാണ് സഞ്ജു സാംസൺ ആദ്യദിവസം തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത്. മത്സരത്തിൽ ഇന്ത്യ ബി ടീമിനെതിരെ ഒരു വെടിക്കെട്ട് അർധസെഞ്ച്വറി സ്വന്തമാക്കി ഇന്ത്യ ഡി ടീമിനെ മുമ്പിലെത്തിക്കാൻ സഞ്ജുവിന് സാധിച്ചു.

ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 83 പന്തുകളിൽ 89 റൺസുമായി സഞ്ജു സാംസൺ പുറത്താകാതെ ക്രീസിലുണ്ട്. ദുലീപ് ട്രോഫിയിലെ തന്റെ ആദ്യ മത്സരത്തിൽ വളരെ മോശം പ്രകടനം കാഴ്ചവച്ചതിന്റെ പേരിൽ വിമർശനങ്ങൾ സഞ്ജു ഏറ്റുവാങ്ങിയിരുന്നു. ശേഷമാണ് സ്വതസിദ്ധമായ ശൈലിയിൽ സഞ്ജു വെടിക്കെട്ട് അഴിച്ചുവിട്ടത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബി ടീം ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കമാണ് ഇന്ത്യ ഡി ടീമിന് ഓപ്പണർമാരായ ദേവദത്ത് പഠിക്കലും കെഎസ് ഭരതും നൽകിയത്. ഇരുവർക്കും ഇന്നിംഗ്സിൽ അർത്ഥസെഞ്ച്വറികൾ സ്വന്തമാക്കാൻ സാധിച്ചു. മാത്രമല്ല ആദ്യ വിക്കറ്റിൽ 105 റൺസിന്റെ കൂട്ടുകെട്ടും ഇരുവരും ചേർന്ന് കെട്ടിപ്പടുത്തു.

ദേവദത്ത് പടിക്കൽ 50 റൺസും ഭരത് 52 റൺസുമാണ് നേടിയത്. ശേഷം മൂന്നാമനായി ക്രീസിലെത്തിയ റിക്കി ഭൂയിയും മികവ് പുലർത്തിയതോടെ ഇന്ത്യ ഡി മത്സരത്തിലേക്ക് ശക്തമായി കടന്നുവരികയായിരുന്നു. 56 റൺസാണ് റിക്കി നേടിയത്. എന്നാൽ പിന്നീടെത്തിയ നിഷാന്ത് സന്തു പെട്ടെന്ന് പുറത്തായത് ഇന്ത്യ ഡി ടീമിനെ ബാധിച്ചു

Read Also -  KCL 2024 : 213 റണ്‍സ് ചേസ് ചെയ്ത് കൊല്ലം. സച്ചിന്‍ ബേബിയുടെ സെഞ്ചുറി കരുത്തില്‍ പ്രഥമ കിരീടം.

പിന്നീട് നായകൻ ശ്രേയസ് അയ്യർ പൂർണമായും നിരാശപ്പെടുത്തി. പൂജ്യനായി അയ്യർ പുറത്തായതോടെ ഇന്ത്യ ഡി തകരുമെന്ന് എല്ലാവരും കരുതി. ഈ സമയത്താണ് വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി മലയാളി താരം സഞ്ജു സാംസൺ ടീമിനെ കൈപിടിച്ചു കയറ്റിയത്. നേരിട്ട ആദ്യബോള്‍ മുതൽ തന്റേതായ ശൈലിയിൽ കളിക്കാനാണ് സഞ്ജു ശ്രമിച്ചത്. ഒരു ഏകദിന മത്സരത്തിന്റെ രീതിയിൽ ബൗണ്ടറികൾ നേടി മുൻപോട്ടു പോകാൻ സഞ്ജു സാംസണ് സാധിച്ചു. ഇതിനിടെ ഒരു തകർപ്പൻ അർതസെഞ്ച്വറിയും സഞ്ജു മത്സരത്തിൽ സ്വന്തമാക്കി.

അർദ്ധ സെഞ്ച്വറിയ്ക്ക് ശേഷവും സഞ്ജു സാംസന്റെ വെടിക്കെട്ടാണ് കാണാൻ സാധിച്ചത്. ഇന്ത്യ ബി ടീമിന്റെ എല്ലാ ബോളർമാർക്കുമെതിരെ ആക്രമണം അഴിച്ചുവിടാൻ സഞ്ജുവിന് സാധിച്ചു. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 83 പന്തുകളിൽ 89 റൺസ് നേടിയ സഞ്ജു സാംസണ് പുറത്താവാതെ നിൽക്കുകയാണ്. 10 ബൗണ്ടറികളും 3 സിക്സറുകളുമാണ് സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. 107.23 എന്ന വമ്പൻ സ്ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം. രണ്ടാം ദിവസവും ഈ വെടിക്കെട്ട് തുടർന്ന് ഒരു സെഞ്ച്വറി സ്വന്തമാക്കുക എന്നതാണ് സഞ്ജുവിന്റെ ലക്ഷ്യം. സഞ്ജുവിന്റെ മികവിൽ ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 306 റൺസിന് 5 വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ ഡി ടീം.

Scroll to Top