ആദ്യദിനം ഇന്ത്യയെ വിറപ്പിച്ച മഹ്മൂദ്. 24കാരനായ പേസ് എക്സ്പ്രസ്സ്‌.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഒരു ദുരന്ത തുടക്കമായിരുന്നു ഇന്ത്യയ്ക്ക് ലഭിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് രോഹിത് ശർമ, വിരാട് കോഹ്ലി, ശുഭമാൻ ഗിൽ എന്നിവരുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. ശേഷം റിഷഭ് പന്തും കൂടാരം കയറുകയുണ്ടായി.

ഈ നാല് വമ്പൻ താരങ്ങളെയും കൂടാരം കയറ്റിയത് ബംഗ്ലാദേശിന്റെ ഒരു യുവബോളറാണ്. തുടക്കക്കാരനായ ഹസൻ മഹ്മൂദിന്റെ അത്യുഗ്രൻ പ്രകടനത്തിന് മുൻപിൽ ഇന്ത്യയുടെ സൂപ്പർതാരങ്ങൾ കടപുഴകി വീഴുന്നതാണ് മത്സരത്തിന്റെ ആദ്യദിവസം കണ്ടത്. ഇന്ത്യയെ സംബന്ധിച്ച് ഇതൊരു വലിയ സർപ്രൈസ് തന്നെയായിരുന്നു

ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി വളരെ പതിയെ തുടങ്ങാനാണ് നായകൻ രോഹിത് ശ്രമിച്ചത്. എന്നാൽ ടീമിന്റെ സ്കോർ 14 റൺസിൽ എത്തിയപ്പോൾ രോഹിത്തിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. മഹമൂദ് എറിഞ്ഞ ആറാം ഓവറിലാണ് രോഹിത് പുറത്തായത്. ശേഷം മൂന്നാമതായി ക്രീസിലെത്തിയ ഗില്ലിനെ വിക്കറ്റ് കീപ്പർ ലിറ്റൻ ദാസിന്റെ കൈകളിലെത്തിക്കാനും മഹമൂദിന് സാധിച്ചിരുന്നു. ഇതിന് പിന്നാലെയേത്തിയ കോഹ്ലിക്ക് മികച്ച തുടക്കം ലഭിച്ചങ്കിലും അത് മുതലാക്കാൻ സാധിച്ചില്ല. മഹ്മൂദിന്റെ ഒരു അത്യുഗ്രൻ പന്തിൽ കവർ ഷോട്ട് കളിക്കാൻ കോഹ്ലി ശ്രമിച്ചു. എന്നാൽ ബാറ്റിന്റെ എഡ്ജിൽ കൊണ്ട പന്ത് കീപ്പർ ലിറ്റൻ ദാസിന്റെ കൈകളിലെത്തി.

പിന്നാലെ പന്തിനെയും മടക്കിയതോടെ 4 വിക്കറ്റുകളാണ് ആദ്യ ദിവസം മഹമൂദ് സ്വന്തമാക്കിയത്. ഇന്ത്യയെ വിറപ്പിച്ച ഈ 24കാരന്റെ കരിയർ വളരെ ചെറുതാണ്. വലംകയ്യൻ ഫാസ്റ്റ് ബോളറായ മഹമൂദ് ഇതുവരെ ബംഗ്ലാദേശിനായി കേവലം 4 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. ഏകദിന, ട്വന്റി20 മത്സരങ്ങളിൽ ബംഗ്ലാദേശിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മഹ്മൂദിന് സാധിച്ചിരുന്നു. 2020ൽ സിംബാബയ്ക്കെതിരെ നടന്ന ട്വന്റി20 മത്സരത്തിലൂടെയാണ് മഹമൂദ് തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. ആദ്യ പരമ്പരയിൽ തന്നെ മികച്ച പ്രകടനങ്ങളുമായി താരം ശ്രദ്ധ നേടിയിരുന്നു.

ഇതിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാൻ താരത്തിന് 3 വർഷങ്ങൾ കൂടി കാത്തിരിക്കേണ്ടി വന്നു. 2024ൽ ശ്രീലങ്കയ്ക്കെതിരെ നടന്ന ബംഗ്ലാദേശിന്റെ ടെസ്റ്റ് പരമ്പരയിലാണ് ഹസൻ മഹമൂദ് തന്റെ അരങ്ങേറ്റം കുറിച്ചത്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ 4 വിക്കറ്റുകൾ പിഴുതെറിഞ്ഞാണ് മഹമൂദ് ശ്രദ്ധയാകർഷിച്ചത്. ഇതുവരെ 3 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകളാണ് മഹ്മൂദ് സ്വന്തമാക്കിയത്. ഇന്ത്യയ്ക്കെതിരായ നാലാമത്തെ മത്സരത്തിൽ വമ്പൻ പ്രകടനം ഇതിനോടകം താരം കാഴ്ചവെച്ചിട്ടുണ്ട്. അതിനാൽ തന്നെ വരാനിരിക്കുന്ന ദിവസങ്ങളിലും മഹ്മൂദിന്റെ പ്രകടനം വളരെ നിർണായകമാണ്.