കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യയ്ക്കായി തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനങ്ങൾ പുറത്തെടുത്തിട്ടും, റിങ്കു സിംഗിനെ 2024 ട്വന്റി20 ലോകകപ്പിനുള്ള പ്രധാന സ്ക്വാഡിൽ ഇന്ത്യ ഉൾപ്പെടുത്തിയിരുന്നില്ല. ഒരു റിസർവ് താരമായി മാത്രമാണ് റിങ്കു ലോകകപ്പിൽ യാത്ര ചെയ്തത്. ഇന്ത്യൻ സെലക്ടർമാരുടെ ഈ തീരുമാനം വലിയ വിമർശനങ്ങൾക്ക് വഴി വെക്കുകയുണ്ടായി.
എന്നാൽ അന്ന് സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് ശേഷം താനുമായി നടത്തിയ അഭിമുഖത്തെപ്പറ്റി റിങ്കു സിംഗ് പറഞ്ഞു. ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താതിരുന്നതിൽ തനിക്ക് നിരാശയുണ്ടായിരുന്നു എന്നും, ആ സമയത്ത് രോഹിത്തിൽ നിന്നുണ്ടായ വാക്കുകൾ തനിക്ക് വലിയ പ്രചോദനമായി എന്നും റിങ്കു പറയുകയുണ്ടായി.
ഒരു പ്രമുഖ ചാനലിൽ നൽകിയ അഭിമുഖത്തിലാണ് റിങ്കു ഇക്കാര്യം തുറന്നു പറഞ്ഞത്. സ്ക്വാഡ് തിരഞ്ഞെടുത്തതിന് ശേഷം രോഹിത് ശർമ തന്റെ അടുത്ത് വന്ന് വളരെ സൗമ്യമായാണ് സംസാരിച്ചത് എന്ന് റിങ്കു പറയുകയുണ്ടായി. താൻ ഇപ്പോഴും യുവതാരമാണെന്നും, ഇനിയും ഒരുപാട് അവസരങ്ങൾ തേടി വരുമെന്നും രോഹിത് ശർമ പറഞ്ഞതായി റിങ്കു സൂചിപ്പിക്കുന്നു. ഒരുപാട് ലോകകപ്പുകൾ ഭാവിയിൽ കളിക്കാൻ സാധിക്കുമെന്നും, അതിനായി കഠിനപ്രയത്നത്തിൽ ഏർപ്പെടണമെന്നും രോഹിത് ശർമ അന്ന് പറഞ്ഞിരുന്നു. ഈ വാക്കുകൾ തനിക്ക് ഒരുപാട് പ്രചോദനം നൽകി എന്ന് റിങ്കു ആവർത്തിക്കുന്നു
“അദ്ദേഹം എന്റെ അടുത്ത് വരികയും, സ്ക്വാഡിൽ നിന്ന് പുറത്തായെങ്കിലും അത് കാര്യമാക്കേണ്ടതില്ല എന്ന് കൃത്യമായി മനസ്സിലാക്കി തരുകയും ചെയ്തു. നിങ്ങൾ ഇപ്പോഴും യുവതാരമാണ്. ഭാവിയിൽ നിങ്ങൾക്ക് മുൻപിലേക്ക് ഇനിയും ഒരുപാട് ലോകകപ്പ് മത്സരങ്ങൾ എത്തും. അതിനായി കഠിന പ്രയത്നത്തിൽ ഏർപ്പെടുക. എല്ലാ രണ്ടു വർഷങ്ങൾ കൂടുമ്പോഴും ഓരോ ലോകകപ്പുകൾ വീതം വരുന്നുണ്ട്. അതിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരു കാരണവശാലും നിരാശപ്പെടാൻ പാടില്ല. ഇങ്ങനെയാണ് രോഹിത് ശർമ അന്ന് പറഞ്ഞത്.”- റിങ്കു പറയുന്നു.
തനിക്ക് രോഹിത് ശർമയുടെ ക്യാപ്റ്റൻസി അങ്ങേയറ്റം ഇഷ്ടമാണ് എന്ന് റിങ്കു സിംഗ് പറയുകയുണ്ടായി. “ഞാൻ രോഹിത് ശർമയുടെ ക്യാപ്റ്റൻസി ഇഷ്ടപ്പെടുന്ന ഒരാളാണ്. വിരാട് കോഹ്ലിയെയും എനിക്കിഷ്ടമാണ്. കാരണം ഒരു ടീമിനെ നയിക്കുമ്പോൾ ആക്രമണ മനോഭാവമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതുകൊണ്ടു തന്നെ അവന്റെ ക്യാപ്റ്റൻസി വളരെ മികച്ചത് ആയിരുന്നു.”- റിങ്കു സിംഗ് കൂട്ടിച്ചേർത്തു. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച ഒരു ലോകകപ്പ് തന്നെയായിരുന്നു 2024ലേത്. വമ്പൻ പ്രകടനങ്ങൾ കാഴ്ചവച്ച് ലോകകപ്പ് സ്വന്തമാക്കാൻ രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീമിന് സാധിച്ചിരുന്നു.