2024 വനിതാ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ 2 മലയാളികൾ. മിന്നുമണി ടീമിലില്ല.

20240827 125430 scaled

2024 വനിതാ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപിച്ചു. 15 അംഗങ്ങൾ അടങ്ങുന്ന വനിതാ സ്ക്വാഡാണ് ബിസിസിഐ പ്രഖ്യാപിച്ചത്. യുഎഇയിലാണ് ഇത്തവണത്തെ വനിതാ ട്വന്റി20 ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്. സൂപ്പർതാരം ഹർമൻപ്രീത് കൗറാണ് ടൂർണമെന്റിലെ ഇന്ത്യയുടെ നായിക.

സ്മൃതി മന്ദന ടൂർണമെന്റിൽ ഇന്ത്യൻ ടീമിന്റെ ഉപനായികയായി പ്രവർത്തിക്കും. ഒക്ടോബർ 3 മുതൽ 20 വരെ ഷാർജയിലും ദുബായിലുമായാണ് ടൂർണമെന്റിലെ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ലോക വനിതാ ക്രിക്കറ്റിലെ ശക്തരായ 10 ടീമുകൾ അണിനിരക്കുന്ന ടൂർണമെന്റിൽ 23 മത്സരങ്ങളാണ് ഉണ്ടാവുക. 5 ടീമുകളുള്ള രണ്ട് ഗ്രൂപ്പ് വീതമായി തിരിഞ്ഞാണ് ലീഗ് ഘട്ടത്തിൽ മത്സരങ്ങൾ നടക്കുക.

20240827 125534

മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയ, ഇന്ത്യ, പാകിസ്ഥാൻ, ന്യൂസിലാൻഡ്, ശ്രീലങ്ക എന്നിവരാണ് ടൂർണമെന്റിന്റെ ഗ്രൂപ്പ് എയിലെ അംഗങ്ങൾ. ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, സ്കോട്ട്ലൻഡ് എന്നിവർ ഗ്രൂപ്പ് ബിയിൽ അണിനിരക്കും. ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ ടീമുകളും 4 മത്സരങ്ങൾ വീതമാണ് കളിക്കുക. ഇരു ഗ്രൂപ്പിൽ നിന്നും പോയിന്റ് പട്ടികയിൽ ആദ്യ 2 സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സെമി ഫൈനലിലേക്ക് യോഗ്യത നേടും. ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം നടക്കുന്നത്.

Read Also -  KCL 2024 : അസറുദിന്റെ നരനായാട്ട്. 47 പന്തുകളിൽ 92 റൺസ്. തൃശ്ശൂരിനെ തുരത്തി ആലപ്പി റിപ്പിൾസ്.

ഹർമൻപ്രീത് കോർ നായികയായ ടീമിലെ പ്രധാന സാന്നിധ്യങ്ങൾ സ്മൃതി മന്ദനയും ഷഫാലി വർമയുമാണ്. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യയ്ക്കായി മികച്ച കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കാൻ ഇരുവർക്കും സാധിച്ചിരുന്നു. ഒപ്പം മുൻനിരയിൽ ജമീമ റോഡ്രിഗസും അണിനിരക്കും. 2 മലയാളി താരങ്ങളാണ് ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡിൽ ഇടം പിടിച്ചിട്ടുള്ളത്. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്ത ആശാ ശോഭനയും സജന സജീവനും കേരളത്തിന്റെ അഭിമാനമായി സ്ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്.

രേണുക സിംഗ് താക്കൂറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ബോളിങ്‌ നിരയും അതിശക്തമാണ്. എന്നിരുന്നാലും 2024 ഏഷ്യാ കപ്പ് ഫൈനൽ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഏറ്റ കനത്ത പരാജയം ഇന്ത്യൻ ടീമിനെ വേട്ടയാടാൻ സാധ്യതയുണ്ട്

ഈ സാഹചര്യത്തിൽ വലിയ തയ്യാറെടുപ്പുകൾ തന്നെയാണ് ലോകകപ്പിന് മുൻപ് ഇന്ത്യ നടത്തി വരുന്നത്. ലോകകപ്പിന് മുന്നോടിയായി രണ്ട് പരിശീലന മത്സരങ്ങളാണ് ഇന്ത്യ യുഎഇയിൽ കളിക്കുക. ദക്ഷിണാഫ്രിക്കയും വെസ്റ്റിൻഡീസുമാണ് പരിശീലന മത്സരങ്ങളിൽ ഇന്ത്യയുടെ എതിരാളികൾ ആവുക

Scroll to Top