“കരിയറിന്റെ അവസാനം ഞാൻ കാണുന്നു, അത് വിദൂരമല്ല”. വിരമിക്കലിനെ പറ്റി കെഎൽ രാഹുൽ.

KL RAHUL

ക്രിക്കറ്റ് എന്നത് എല്ലായിപ്പോഴും ഭാഗ്യത്തിന്റെ കായിക വിനോദം കൂടിയാണ്. എല്ലാ കളിക്കാർക്കും ക്രിക്കറ്റിൽ തുടരണമെങ്കിൽ വലിയ രീതിയിലുള്ള ഭാഗ്യവും ആവശ്യമാണ്. അല്ലാത്ത പക്ഷം മികച്ച പ്രകടനങ്ങൾ പുറത്തെടുത്താലും ടീമിന് പുറത്തിരിക്കേണ്ടി വരും. പ്രത്യേകിച്ച് ഇന്ത്യയിൽ ഒരു ക്രിക്കറ്റ് താരത്തിന് വളരെക്കാലം ദേശീയ ടീമിൽ തുടരുക എന്നത് വലിയ പ്രയാസകരമാണ്.

ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന്, തന്റെ വിരമിക്കലിനെ പറ്റി സംസാരിക്കുകയാണ് ഇന്ത്യയുടെ സൂപ്പർ താരമായ കെ എൽ രാഹുൽ. തന്റെ കരിയർ അവസാനിക്കാൻ അധികനാളില്ല എന്നാണ് രാഹുൽ സൂചിപ്പിക്കുന്നത്. മാത്രമല്ല വിരമിക്കലിന് ശേഷമുള്ള തന്റെ ജീവിതത്തെപ്പറ്റി താൻ ആലോചിച്ചു തുടങ്ങി എന്നും രാഹുൽ പറയുകയുണ്ടായി.

പൂർണ്ണ ഫിറ്റ്നസുള്ള ഒരു താരത്തിന് 40 വയസ്സ് വരെ കളിക്കാൻ സാധിക്കും എന്നാണ് രാഹുൽ പറയുന്നത്. അതിന് ശേഷം പലതാരങ്ങൾക്കും ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ സാധിക്കുമെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുക അസാധ്യമാണ് എന്ന് രാഹുൽ പറയുന്നു. മഹേന്ദ്ര സിംഗ് ധോണിയെ ഉദാഹരണമായി എടുത്തുകൊണ്ടാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ കായിക താരങ്ങളുടെയും കരിയർ വളരെ ചെറുതാണെന്നും, തങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങളിൽ അത് ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്നവരാണ് വലിയ ശ്രദ്ധ നേടിയിട്ടുള്ളത് എന്നും രാഹുൽ പറഞ്ഞു വയ്ക്കുകയുണ്ടായി.

“സുരക്ഷിതത്തെ സംബന്ധിച്ച് വലിയ പ്രശ്നങ്ങളില്ല. പക്ഷേ എല്ലാം അവസാനിക്കുന്നു എന്നൊരു തോന്നലാണ് മനസ്സിൽ ഉണ്ടാവുന്നത്. എന്നെ സംബന്ധിച്ച് എന്റെ ക്രിക്കറ്റ് കരിയർ പെട്ടെന്ന് അവസാനിക്കുന്നതായി മനസ്സിൽ തോന്നുന്നു. നമ്മൾ പൂർണമായി ഫിറ്റ്നസോടെയാണ് കളിക്കുന്നതെങ്കിൽ നമുക്ക് 40 വയസ്സുവരെ കളിക്കാൻ സാധിക്കും. അതാണ് ഒരു കളിക്കാരന്റെ ഏറ്റവും മാക്സിമം. മഹേന്ദ്ര സിംഗ് ധോണിയ്ക്ക് 43 വയസ്സുണ്ട്. അദ്ദേഹം ഇപ്പോഴും കളിക്കുന്നുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു താരത്തിന് ഈ പ്രായത്തിലും കളിക്കാൻ സാധിക്കും. പക്ഷേ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തുമ്പോൾ അത് പ്രയാസകരമാണ്.”- രാഹുൽ പറയുന്നു.

Read Also -  കൊല്ലത്തിന്റെ വിജയറൺ അവസാനിപ്പിച്ച് കൊച്ചി ടൈഗേഴ്സ്. 18 റൺസിന്റെ ആവേശവിജയം.

“ഒരു അത്ലറ്റിനെ സംബന്ധിച്ച്, കരിയർ എല്ലായിപ്പോഴും ചെറുതാണ് എന്ന യാഥാർത്ഥ്യം മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ എപ്പോഴൊക്കെ അവസരം ലഭിച്ചാലും അത് ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാനും ഒരു താരം ശ്രമിക്കണം. എന്നെ സംബന്ധിച്ച് 30 വയസ്സ് എത്തുമ്പോൾ തന്നെ എനിക്ക് എന്റെ കരിയറിന്റെ അവസാനം കാണാൻ സാധിക്കുന്നുണ്ട്. 29 ആം വയസ്സിൽ ഞാൻ അങ്ങനെയൊന്നു കണ്ടിരുന്നില്ല.”

“പക്ഷേ എന്റെ മുപ്പതാം പിറന്നാളോടു കൂടി എന്തൊക്കെയോ സംഭവിച്ചതായി തോന്നുന്നു. 10 വർഷങ്ങൾ കൂടി ഒരുപക്ഷേ എനിക്ക് ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിച്ചേക്കും. എന്റെ ജീവിതത്തിൽ ക്രിക്കറ്റിന് ഞാൻ എല്ലായിപ്പോഴും വലിയ പ്രാധാന്യമാണ് കൊടുക്കാറുള്ളത്. എന്നാൽ ഇപ്പോൾ കരിയറിന്റെ അവസാനം എന്നത് ഞാൻ കാണുന്നു. അത് ഒരുപാട് ദൂരെയല്ല.”- രാഹുൽ കൂട്ടിച്ചേർക്കുന്നു.

Scroll to Top